Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.ജെ.പി അംഗത്തിന്റെ...

ബി.ജെ.പി അംഗത്തിന്റെ ലീവ് അപേക്ഷ: തലശ്ശേരി നഗരസഭ കൗൺസിൽ യോഗത്തിൽ വാക്കേറ്റം

text_fields
bookmark_border
തലശ്ശേരി: മൂന്നു മാസത്തേക്ക് ലീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗം നൽകിയ അപേക്ഷയെ ചൊല്ലി കൗൺസിൽ യോഗത്തിൽ വാഗ്വാദം. അപേക്ഷ അജണ്ടയിൽ ചർച്ചചെയ്യുന്നതിനിടയിലാണ് സി.പി.എം-ബി.ജെ.പി അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്. മഞ്ഞോടി വാർഡ് കൗൺസിലർ കെ. ലിജേഷാണ് കേസ് സംബന്ധമായ കാരണങ്ങളാൽ നഗരസഭ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസത്തേക്ക് ലീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ഒപ്പോടുകൂടിയുള്ള അപേക്ഷ സമർപ്പിച്ചത്. മാർച്ച് 30നാണ് ലിജേഷ് അപേക്ഷ നൽകിയത്. കൊലക്കേസ് പ്രതിയായ അംഗത്തിന് ഒരു കാരണവശാലും ലീവ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സി.പി.എം അംഗം സി. സോമനാണ് ആദ്യം രംഗത്തെത്തിയത്. തുടർന്ന് ഭരണകക്ഷി അംഗങ്ങളായ അഡ്വ. കെ.എം. ശ്രീശൻ, എം.വി. ജയരാജൻ, വാഴയിൽ ശശി, ടി.സി. അബ്ദുൽ ഖിലാബ്, വിജേഷ് തുടങ്ങിയവരും ലീവ് അവുവദിക്കുന്നതിനെ എതിർത്തു. ഇതിനിടെ ലീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങളായ കെ. അജേഷ്, അഡ്വ. മിലിചന്ദ്ര എന്നിവരും രംഗത്തെത്തി. കൊലക്കേസ് പ്രതിയായ ഒരാൾക്ക് ജനപ്രതിനിധിയായി തുടരാൻ അർഹതയില്ലെന്ന് ഭരണകക്ഷി അംഗങ്ങൾ വാദിച്ചു. കൊലക്കേസിലും മറ്റും പ്രതികളായ സി.പി.എം അംഗങ്ങൾക്ക് തലശ്ശേരി നഗരസഭയിൽ ഇതിനുമുമ്പ് ലീവ് അനുവദിച്ചിട്ടുണ്ടെന്നും ലിജേഷിന്റെ ലീവ് അപേക്ഷ ന്യായമായ ആവശ്യമാണെന്നും ബി.ജെ.പി അംഗം കെ. അജേഷ് വാദിച്ചു. കോടതി തീരുമാനിക്കുന്നതിന് മുമ്പേ ഒരാളെ കുറ്റവാളിയായി ചിത്രീകരിക്കുന്നത് വിചിത്രമായ നടപടിയാണെന്നും അജേഷ് പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായം മാനിച്ച് ലീവ് അനുവദിക്കാനാവില്ലെന്ന് ചെയർമാൻ വ്യക്തമാക്കിയതോടെ ഇത് ചോദ്യം ചെയ്ത് അജേഷ് വീണ്ടും എഴുന്നേറ്റു. സി.പി.എം - ബി.ജെ.പി അംഗങ്ങൾ തമ്മിൽ വാക്കേറ്റമായതിനെ തുടർന്ന് ബി.ജെ.പി അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. അജണ്ട ചർച്ച ചെയ്ത ശേഷം യോഗം അവസാനിച്ചതായി ചെയർപേഴ്സൻ അറിയിച്ചു. നഗരത്തിലെ തെരുവ് വിളക്കുകൾ കത്താത്തതും കുടിവെള്ള ക്ഷാമവും യോഗത്തിൽ ചർച്ചയായി. ജനറൽ ആശുപത്രി കെട്ടിടത്തിലെ സീലിങ് അടർന്നുവീഴുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതായി മുസ്‍ലിം ലീഗ് അംഗം ഫൈസൽ പുനത്തിൽ ശ്രദ്ധയിൽപ്പെടുത്തി. അറ്റകുറ്റ പണികൾ നടത്താൻ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൻ മറുപടി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story