Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:30 AM IST Updated On
date_range 25 April 2022 5:30 AM ISTസർക്കാർ കെട്ടിടങ്ങൾ നശിക്കുന്നു; സഞ്ചാരികൾ പെരുവഴിയിൽ
text_fieldsbookmark_border
ശ്രീകണ്ഠപുരം: മനോഹരകാഴ്ചകൾ നുകരാനെത്തുന്ന വിനോദസഞ്ചാരികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി നിർമിച്ച കെട്ടിടങ്ങൾ നാശത്തിലേക്ക്. സമുദ്രനിരപ്പിൽനിന്ന് 4500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വൈതൽമലയിലേക്കും മറ്റും എത്തുന്ന സന്ദർശകരുടെ സൗകര്യം കണക്കിലെടുത്ത് പൊട്ടൻപ്ലാവിൽ നിർമിച്ച കെട്ടിടമാണ് നശിക്കുന്നത്. മൂന്നര പതിറ്റാണ്ട് മുമ്പ് വൈതൽമല ടൂറിസം പ്രമോഷൻ കൗൺസിലാണ് കെട്ടിടം പണിതത്. ദിവസം നൂറുകണക്കിന് സന്ദർശകരാണ് വൈതൽമല, ഏഴരക്കുണ്ട് എന്നിവിടങ്ങളിൽ എത്തുന്നത്. രണ്ട് കേന്ദ്രങ്ങളിലെത്തുന്നവർക്കും ഈ കെട്ടിടം ഉപയോഗപ്പെടുത്താൻ സാധിക്കും. സ്വകാര്യ റിസോർട്ടുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൊള്ളലാഭം കൊയ്യുമ്പോഴാണ് സർക്കാർസ്ഥാപനങ്ങളും കെട്ടിടങ്ങളും ഇവിടങ്ങളിൽ അടഞ്ഞുകിടക്കുന്നത്. മൂന്ന് കോടി രൂപ മുടക്കി വൈതൽമലയിൽ നിർമിച്ച റിസോർട്ട് കോവിഡിനുശേഷം തുറന്നിട്ടില്ല. നടത്തിപ്പിന് കൊടുത്തയാളും ഡി.ടി.പി.സിയും തമ്മിലുള്ള നിയമതർക്കമാണ് ഇത് അടഞ്ഞുകിടക്കാൻ കാരണം. നിബന്ധനകൾ പാലിക്കാതെ മറ്റൊരാൾക്ക് റിസോർട്ട് നടത്തിപ്പ് കൈമാറുകയായിരുന്നു. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ മനോഹരമായ മൂന്ന് കെട്ടിടങ്ങളാണ് ഇവിടെ നശിക്കുന്നത്. പൊട്ടൻപ്ലാവിലെ കെട്ടിടം പ്രാദേശിക ഉൽപന്നങ്ങളുടെ വിപണന കേന്ദ്രമായോ വിശ്രമകേന്ദ്രമായോ മാറ്റിയെടുക്കാൻ പറ്റും. സ്വകാര്യവ്യക്തികൾക്ക് നടത്തിപ്പിന് കൊടുത്താലും നശിക്കാതെ സൂക്ഷിക്കാൻ കഴിയുമെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ, വിനോദസഞ്ചാര വകുപ്പ് ഇക്കാര്യത്തിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. വൈതൽമലയിലും പാലക്കയംതട്ടിലും കാഞ്ഞിരക്കൊല്ലിയിലും ഉൾപ്പെടെ സഞ്ചാരികളെ സ്വകാര്യ റിസോർട്ടുകാർ കൊള്ളയടിക്കുന്നതായി വ്യാപകപരാതി ഉയർന്നിട്ടും അധികൃതർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നിയമം കാറ്റിൽ പറത്തിക്കൊണ്ട് നിരവധി കെട്ടിടങ്ങൾ ഇപ്പോഴും മലമടക്കുകളിൽ നിർമിക്കുന്നത് തുടരുകയാണ്. .... പി. മനൂപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
