Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:30 AM IST Updated On
date_range 19 April 2022 5:30 AM ISTകൊട്ടിയൂർ വൈശാഖ മഹോത്സവം: പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂരിൽ
text_fieldsbookmark_border
കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലെ കുത്തോട് മണ്ഡപത്തിൽ നടന്നു. ക്ഷേത്ര അടിയന്തരക്കാർ, സമുദായി എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്ര കണക്കപ്പിള്ളയാണ് വൈശാഖ മഹോത്സവ തീയതി കുറിച്ചത്. മേയ് 10 നാണ് നീരെഴുന്നള്ളത്ത്. മേയ് 15 ന് നെയ്യാട്ടത്തോടെ മഹോത്സവത്തിന് തുടക്കമാകും. തണ്ണീർകുടി ചടങ്ങാണ് പ്രക്കൂഴത്തിന്റെ ആദ്യ ചടങ്ങായി നടന്നത്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടക്ക് താഴെയായി കല്ലുവാഴയുടെ ഏഴ് ഇലകളിൽ തേങ്ങയും ശർക്കരയും പഴവും വെച്ചാണ് തണ്ണീർകുടി ചടങ്ങ് നടന്നത്. ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാൻ, പെരുവണ്ണാൻ, ജന്മാശാരി, പുറംകലയൻ, കൊല്ലൻ, കാടൻ എന്നിവർ ചേർന്നാണ് ചടങ്ങ് നടത്തിയത്. ഇക്കരെ കൊട്ടിയൂരപ്പനെ വണങ്ങി ഇലയിലെ പ്രസാദം ചുരുട്ടിയെടുത്ത് മന്ദംചേരി കിഴക്കെ നടയിലെത്തി വലിയ മാവിൻചുവട്ടിൽ കർമങ്ങൾ നടത്തി പ്രസാദം പരസ്പരം പങ്കുവെച്ചു. തുടർന്ന് ഒറ്റപ്പിലാനും പുറംകലയനും ചേർന്ന് കിഴക്കെനടക്ക് സമീപം ബാവലിപ്പുഴയിൽ മുങ്ങി വാവലിക്കെട്ടിനായി വെച്ചു. തിരുവഞ്ചിറയിലേക്ക് വെള്ളമൊഴുക്കുന്നതിനാണ് വാവലിക്കെട്ട് നടത്തുന്നത്. തുടർന്ന് അവിൽ അളവ് നടന്നു. രാമല ഇല്ലം ശ്രീ വത്സൻ നമ്പൂതിരിയാണ് അവിൽ അളവിന് നേതൃത്വം നൽകിയത്. ഇതിനുശേഷം ഊരാളന്മാർ വാവലിയിൽ കുളിച്ച് ഈറനായി ഇക്കരെ ക്ഷേത്രത്തിലെത്തിയശേഷം നെല്ലളവും നടന്നു. ഇക്കരെ ക്ഷേത്ര മുഖമണ്ഡപത്തിൽ ചൊരിഞ്ഞിട്ട നെല്ല് കണക്കപ്പിള്ള ആദ്യം അളന്നു. പിന്നീട് ആചാര പ്രകാരം നമ്പീശനും ഏഴില്ലക്കാരും ക്ഷേത്രത്തിനുള്ളിൽ വെച്ച് ഊരാളന്മാരുടെ സാന്നിധ്യത്തിൽ വീണ്ടും അളന്നു. ദേവസ്വം ചെയർമാനും പാരമ്പര്യ ഊരാളനുമായ കരിമ്പനയ്ക്കൽ ചാത്തോത്ത് കെ.സി. സുബ്രഹ്മണ്യൻ നായർ, പാരമ്പര്യ ഊരാളന്മാരായ കുളങ്ങരയത്ത് കുഞ്ഞികൃഷ്ണൻ നായർ, ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ എന്നിവരുടെയും ഏഴില്ലക്കാരുടെയും നേതൃത്വത്തിൽ സമുദായി കൃഷ്ണ മുരളി നമ്പൂതിരി, കണക്കപ്പിള്ള, ഓച്ചർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രക്കൂഴം ചടങ്ങ് നടന്നത്. അർധരാത്രി ആയില്യാർകാവിൽ ഗൂഢ പൂജയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
