Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:39 AM IST Updated On
date_range 13 April 2022 5:39 AM ISTവേനൽമഴയും ചുഴലിക്കാറ്റും: മലയോരത്ത് നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായില്ല
text_fieldsbookmark_border
ഇരിട്ടി: ആറളം, പായം പഞ്ചായത്തുകളിലെ ഒമ്പത് ഗ്രാമങ്ങളിൽ കഴിഞ്ഞ ദിവസം ചുഴലിക്കാറ്റും മഴയും ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് അഞ്ചു ദിവസമായിട്ടും പൂർത്തിയാക്കാനായില്ല. മേഖലയിൽ തകർന്ന വൈദ്യുതി ബന്ധങ്ങളും പൂർണമായും പുനഃസ്ഥാപിച്ചില്ല. കോടികളുടെ കൃഷിനാശമാണ് പ്രാഥമിക കണക്കെടുപ്പിൽതന്നെ കണ്ടെത്തിയിരിക്കുന്നത്. പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെയും തൊഴുത്തിന്റെയും നഷ്ടം റവന്യൂ-പഞ്ചായത്ത് വിഭാഗങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. കൃഷി നശിച്ചവർ ഓൺലൈൻ മുഖാന്തരം കൃഷിഭവനുകളിൽ അപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഓൺലൈൻ മുഖാന്തരം ലഭിക്കുന്ന അപേക്ഷകൾ കൃഷി ഓഫിസർ പരിശോധിച്ച് കൃഷിയിടം സന്ദർശിച്ചിട്ടുവേണം നഷ്ടം കണക്കാക്കാൻ. ഒരു വീട് പൂർണമായും ഒമ്പത് വീടുകൾ ഭാഗികമായുമാണ് തകർന്നത്. ഒരു തൊഴുത്തിനും കേടുപാട് സംഭവിച്ചു. കാർഷിക വിളകളിൽ റബർ, തെങ്ങ്, കമുക്, വാഴ, മരച്ചീനി എന്നിവക്കാണ് ഏറെ നാശം നേരിട്ടത്. 20,000ത്തോളം ടാപ്പ് ചെയ്യുന്ന റബർ മരങ്ങൾ നശിച്ചിട്ടുണ്ട്. 50 മുതൽ 800 വരെ റബർ നശിച്ച കർഷകരുണ്ട്. കൂടാതെ ടാപ്പ് ചെയ്യാത്ത ആയിരത്തിലധികം റബർ മരങ്ങളും നിലംപൊത്തിയിട്ടുണ്ട്. ടാപ്പ് ചെയ്യുന്നതിനും ടാപ്പ് ചെയ്യാത്തതിനും പ്രത്യേകം നഷ്ടപരിഹാരമായതിനാൽ ഇവയുടെ എണ്ണം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. വാഴയുടെയും തെങ്ങിന്റെയും കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ആറളം പഞ്ചായത്തിൽ ഞണ്ടുംകണ്ണി, തോട്ടംകവല, ഏച്ചില്ലം, പയോറ, കൂട്ടക്കളം ഭാഗങ്ങളിലും പായം പഞ്ചായത്തിലെ ചീങ്ങാക്കുണ്ടം, കാടമുണ്ട, പായം ഭാഗങ്ങളിലുമാണ് ഏറെ നാശം നേരിട്ടത്. തോട്ടം കവലയിലെ കാര്യത്ത് നസറിയ, പൊയിലൻ അബ്ദുല്ല ഹാജി, ദാനിയ മജീദ് എന്നിവരുടെ അഞ്ചര ഏക്കറോളം വരുന്ന റബർ തോട്ടത്തിൽ 800 മരങ്ങളാണ് കാറ്റെടുത്തത്. റബർ തോട്ടത്തിനോടുചേർന്ന മൺറോഡിൽ നിർത്തിയിട്ട ഗുഡ്‌സ് ഓട്ടോറിക്ഷക്ക് മുകളിൽ വീണ മരം ഇതുവരെ മാറ്റിയിട്ടില്ല. റോഡിന്റെ ഇരുവശങ്ങളിലും തലങ്ങും വിലങ്ങും കൂറ്റൻ മരങ്ങൾ കിടക്കുകയാണ്. ഇവ നീക്കിയാൽ മാത്രമേ ഓട്ടോറിക്ഷ പുറത്തെത്തിക്കാനാവു. ജോസ് പീടിയേക്കലിന്റെ 110ത്തോളം റബർമരങ്ങളും നശിച്ചിരുന്നു. മേഖലയിലെ ചില ഭാഗങ്ങൾ നാലുദിവസമായിട്ടും ഇരുട്ടിലാണ്. വൈദ്യുതി വകുപ്പ് ജീവനക്കാരും കരാർ തൊഴിലാളികളും വിശ്രമമില്ലാതെ ജോലിചെയ്തിട്ടും എല്ലാ ഭാഗങ്ങളിലും തടസ്സം നീക്കാൻ കഴിഞ്ഞിട്ടില്ല. ഏച്ചില്ലം, പയോറ ഭാഗങ്ങളിൽ പല വീടുകളിലും ചൊവ്വാഴ്ച വരെയും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. വൈദ്യുതിത്തൂണുകൾ തകർന്നതിനൊപ്പം വൈദ്യുതിക്കമ്പികളും വ്യാപകമായി പൊട്ടിയിട്ടുണ്ട്. ------------------- മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഇരിട്ടി: വേനൽമഴയിലും ചുഴലിക്കാറ്റിലും നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പായം, ആറളം, അയ്യൻകുന്ന്, കേളകം പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ വ്യാപകമായ കൃഷിനാശവും വീടുകൾക്ക് കേടുപാടുകളും ഉണ്ടായിട്ടുണ്ട്. ഇവർക്ക് ആവശ്യമായ നഷ്ടപരിഹാരം അടിയന്തരമായി നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
