Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:40 AM IST Updated On
date_range 11 April 2022 5:40 AM ISTതിരമുറിയാതെ ജനപ്രവാഹം; എങ്ങും ചുവന്ന് കണ്ണൂർ
text_fieldsbookmark_border
കണ്ണൂർ: പയ്യാമ്പലത്തെ കടൽപോലെ തിരമുറിയാതെ നഗരത്തിലേക്ക് ജനപ്രവാഹമായിരുന്നു. എവിടെ നോക്കിയാലും ചെങ്കൊടികളും മുദ്രാവാക്യം വിളികളും മാത്രം. അക്ഷരാർഥത്തിൽ ചുവപ്പിന്റെ ആവേശക്കടലായി കണ്ണൂർ. ചെങ്കൊടി ഏന്തിയ വാഹനങ്ങളിൽ ഞായറാഴ്ച രാവിലെ മുതലേ നഗരത്തിലേക്ക് പാർട്ടി പ്രവർത്തകരുടെ ഒഴുക്കുതുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കം സകുടുംബമാണ് പ്രവർത്തകർ പൊതുസമ്മേളന നഗരിയിലേക്ക് എത്തിയത്. തെരുവോരങ്ങളും പൊതുസമ്മേളന നഗരിയായ ജവഹർ സ്റ്റേഡിയവും വിപ്ലവഗാനങ്ങളാലും മുദ്രാവാക്യം വിളികളാലും മുഖരിതമായി. നായനാർ അക്കാദമി പരിസരത്തുനിന്നാണ് റെഡ് വളന്റിയർ മാർച്ച് ആരംഭിച്ചത്. തിരഞ്ഞെടുത്ത 1000 പുരുഷ വളന്റിയർമാരും 1000 സ്ത്രീ വളന്റിയർമാരുമടക്കം 2000 പേർ അണിനിരന്നു. റാലിയിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി.ബി അംഗങ്ങളായ വൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവർ ജനങ്ങളെ അഭിവാദ്യം ചെയ്തു. സമാപന സമ്മേളനത്തിനെത്തുന്ന ജനസഞ്ചയം കണക്കിലെടുത്ത് കേന്ദ്രീകൃത പൊതുപ്രകടനം ഒഴിവാക്കിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകൾ നേരിട്ട് പൊതുസമ്മേളന നഗരിയിൽ എത്തുകയായിരുന്നു. പാർട്ടിയുടെ കണക്കുകൂട്ടലിനേക്കാൾ മൂന്നിരട്ടി ജനമായിരുന്നു പൊതുസമ്മേളനത്തിനെത്തിയത്. ജവഹർ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞതിനെ തുടർന്ന് മിക്കവരും പുറത്തുനിന്നാണ് നേതാക്കളുടെ പ്രസംഗം ശ്രവിച്ചത്. പൊലീസിന്‍റെയും പാർട്ടിയുടെയും നേതൃത്വത്തിൽ പാർക്കിങ്ങിനടക്കം ക്രമീകരണങ്ങൾ ഒരുക്കിയിരുന്നുവെങ്കിലും ഉച്ചയോടെ വാഹനങ്ങളുടെ ബാഹുല്യം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായി. തുടർന്ന് പൊതുസമ്മേളന ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിടുകയായിരുന്നു. പൊതുസമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ വൃന്ദ കാരാട്ട്, മണിക് സർക്കാർ, മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജനപങ്കാളിത്തംകൊണ്ട് ചരിത്രം സൃഷ്ടിച്ചാണ് അഞ്ച് ദിവസം നീളുന്ന പാർട്ടി കോൺഗ്രസിന് സമാപ്തിയായത്. പടങ്ങൾ -സന്ദീപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story