Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:32 AM IST Updated On
date_range 2 April 2022 5:32 AM ISTപാർട്ടി കോൺഗ്രസും സർക്കാർ വാർഷികാഘോഷവും; കണ്ണൂർ കളറാകും
text_fieldsbookmark_border
പടങ്ങൾ: സന്ദീപ് കണ്ണൂർ: സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷത്തിനും സി.പി.എം പാർട്ടി കോൺഗ്രസിനും ഒരേ സമയം വേദിയാകുന്ന കണ്ണൂർ ഇനി ഉത്സവാന്തരീക്ഷത്തിലേക്ക്. സർക്കാറിന്റെ വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പൊലീസ് മൈതാനിയിൽ ഞായറാഴ്ച വൈകീട്ട് ആറിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുക. ഏപ്രിൽ ആറുമുതൽ പത്തുവരെയാണ് കണ്ണൂർ ബർണശ്ശേരി നായനാർ അക്കാദമിയിൽ പാർട്ടി കോൺഗ്രസ് നടക്കുക. സർക്കാറിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി 'എന്റെ കേരളം' മെഗാ എക്‌സിബിഷനും നിരവധി കലാസാംസ്കാരിക പരിപാടികൾക്കും കണ്ണൂർ നഗരം വേദിയാകും. മേയ് 20നാണ് വാർഷിക ദിനം. അതുവരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിനുശേഷം ചലച്ചിത്ര പിന്നണി ഗായകൻ മിഥുൻ ജയരാജ് അവതരിപ്പിക്കുന്ന 'ശ്രുതിമധുരം' മിഥുൻ ജയരാജ് ഷോ അരങ്ങേറും. ഏപ്രിൽ 14 വരെ ഡാൻസ് ഷോ, ഗാനമേള, ഫോക്ലോർ മേള, ചിത്രപ്രദർശനം, ശാസ്ത്രമേള തുടങ്ങിയ നിരവധി കലാ സാംസ്കാരിക പരിപാടികൾ പൊലീസ് മൈതാനിയിൽ സർക്കാറിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കും. 'എന്റെ കേരളം' തീം പവലിയൻ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ് സംരംഭങ്ങളുടെയും സ്റ്റാളുകൾ അടങ്ങിയ ടെക്‌നോളജി പവലിയൻ, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ തുറന്ന പവലിയൻ, കിഫ്ബി സ്റ്റാൾ എന്നിവ എക്‌സിബിഷന്റെ ആകർഷണമാവും. കൈത്തറി ഉൽപന്നങ്ങളുമായി ഹാൻടെക്‌സും ഹാൻവീവും കൈത്തറി സൊസൈറ്റികളും മേളയിൽ അണിനിരക്കും. കുടുംബശ്രീ മിഷൻ, കെ.ടി.ഡി.സി, കണ്ണൂർ സെൻട്രൽ ജയിൽ, സാഫ്, മിൽമ, ദിനേശ് ഫുഡ്‌സ്, ഇന്ത്യൻ കോഫി ഹൗസ് എന്നിവയുടെ ഫുഡ് കോർട്ടുകളുണ്ടാവും. സർക്കാറിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്കായി ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനൊപ്പം ഉൽപന്നങ്ങൾ പരിചയപ്പെടുത്തുകയും വിപണനം നടത്തുകയും ചെയ്യും. പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി വിപുലമായ പരിപാടികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. സെമിനാറുകൾ, ശാസ്ത്ര -ചരിത്ര പ്രദർശനം, ഓൺലൈൻ ചലച്ചിത്രോത്സവം, ഫ്ലാഗ് ഡേ അടക്കമുള്ള വൈവിധ്യമാർന്ന പരിപാടികൾ എന്നിവ ഇതിനകം ആരംഭിച്ചു. സി.പി.എം അഖിലേന്ത്യ സമ്മേളനത്തിന് ആദ്യമായി വേദിയാകുന്ന കണ്ണൂർ നഗരം കൊടിതോരണങ്ങളാൽ ചുവപ്പണിഞ്ഞിരിക്കുകയാണ്. പാർട്ടി കോൺഗ്രസിന് വേദിയാകുന്ന ബർണശ്ശേരിയിലെ നായനാർ അക്കാദമിയിൽ 200ഓളം തൊഴിലാളികളുടെ നേതൃത്വത്തിൽ സ്റ്റേജ്-പന്തൽ നിർമാണം പുരോഗമിക്കുകയാണ്. ............................................ ക്യാമ്പ് ചെയ്യുന്നത് മന്ത്രിമാരും സംസ്ഥാന -ദേശീയ നേതാക്കളും (box) പാർട്ടി കോൺഗ്രസ്, സർക്കാർ വാർഷികാഘോഷം എന്നിവയുടെ ഭാഗമായി മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും സംസ്ഥാന -ദേശീയ നേതാക്കളും ജില്ലയിൽ ഏതാണ്ട് പത്തുദിവസത്തോളം ക്യാമ്പ് ചെയ്യും. പാർട്ടി കോൺഗ്രസിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 800 പ്രതിനിധികളും സൗഹാർദ പ്രതിനിധികളുമടക്കം ആയിരത്തിലധികം പേർ പങ്കാളികളാകും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സമ്മേളന നഗരിയിലെത്തുമെന്നാണ് വിവരം. സർക്കാർ വാർഷികാഘോഷത്തിന്‍റെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കം എതാണ്ട് മിക്ക മന്ത്രിമാരും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനുപുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാർ, എം.എൽ.എമാർ, ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, സാമൂഹിക -സാംസ്‌കാരിക മേഖലയിലുള്ളവർ എന്നിവരും വിവിധ പരിപാടികളിൽ പങ്കാളികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story