Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:28 AM IST Updated On
date_range 1 April 2022 5:28 AM ISTപയ്യാവൂരിൽ വനിത എൻജിനീയറെ തടഞ്ഞ് വിവാദമായ റോഡ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ശ്രീകണ്ഠപുരം: പരിശോധനക്കെത്തിയ വനിത എൻജിനീയറെ ചിലർ തടഞ്ഞ് ഭീഷണിപ്പെടുത്തിയതിന് പൊലീസ് കേസും വിവാദങ്ങളുമായ പയ്യാവൂർ കാലിക്കണ്ടി -ഏറ്റുപാറ റോഡ് നാട്ടുകാർ ജനകീയ ഉദ്ഘാടനം നടത്തി. റോഡിന്റെ ഗുണഭോക്താക്കളിൽ ഏറ്റവും പ്രായമുള്ള 82കാരനായ ചക്കാനികുന്നേൽ ജോൺ ആണ് ഉദ്ഘാടനം ചെയ്തത്. 1974ൽ ജനകീയ കൂട്ടായ്മയിൽ റോഡ് നിർമിക്കുമ്പോൾ നേതൃത്വം നൽകിയ ചിലരിൽ ഒരാളാണ് ജോൺ. അന്ന് 2.2 കിലോമീറ്റർ റോഡ് നിർമിച്ചിരുന്നെങ്കിലും അടുത്ത കാലം വരെ 200 മീറ്റർ ഭാഗം മാത്രമാണ് ടാർ ചെയ്തിരുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് കെ.സി. ജോസഫ് ഗ്രാമവികസന മന്ത്രിയായിരിക്കെയാണ് റോഡ് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിനും പാലം പണിയുന്നതിനും അനുമതിയായത്. പിന്നീട് ജനകീയ കൂട്ടായ്മയിൽ പാലത്തിനാവശ്യമായ സ്ഥലം കണ്ടെത്തുകയും ആറുമാസം മുമ്പ് പാലം പൂർത്തിയാവുകയും ചെയ്തു. റോഡിന്റെ ടാറിങ് പ്രവൃത്തി തുടങ്ങിയതോടെ, പണിയിൽ ക്രമക്കേട് ആരോപിച്ച് ചിലർ രംഗത്തുവരുകയും പ്രവൃത്തി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ഇത് വിവാദമാവുകയും ചെയ്തു. നാട്ടുകാർ അഴിമതി നടന്നില്ലെന്ന് പറയുമ്പോഴാണ് പുറമെ നിന്നെത്തിയ ചിലർ അഴിമതി പറഞ്ഞ് നവമാധ്യമങ്ങളിലടക്കം പ്രചാരണം നടത്തിയത്. വിവരമറിഞ്ഞ് പരിശോധനക്കെത്തിയ പി.എം.ജി.എസ്.വൈ കണ്ണൂർ യൂനിറ്റ് അസി. എൻജിനീയർ നസ്റീനയെ തടഞ്ഞുവെച്ച് അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് അവർ നൽകിയ പരാതിയിൽ പയ്യാവൂർ പഞ്ചായത്തംഗം ജിത്തു തോമസ്, പൈസക്കരി ശരണക്കുഴിയിലെ സന്തോഷ് ആൻറണി, കാഞ്ഞിരക്കൊല്ലി കുരങ്ങൻമലയിലെ ഷാജി പാട്ടശ്ശേരി, ഏരുവേശ്ശി നെല്ലിക്കുറ്റിയിലെ അനീഷ് പുളിക്കൽ എന്നിവർക്കെതിരെ പയ്യാവൂർ പൊലീസ് കേസെടുത്തിരുന്നു. ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. റോഡ് നിർമാണത്തിൽ ക്രമക്കേടുണ്ടെങ്കിൽ നിയമാനുസൃത മാർഗത്തിലൂടെ പരിഹരിക്കുന്നതിനുപകരം പതിറ്റാണ്ടുകളായുള്ള, പ്രദേശവാസികളുടെ സഞ്ചാരയോഗ്യമായ റോഡ് എന്ന ആവശ്യം പണി നിർത്തിവെപ്പിച്ച് ഇല്ലാതാക്കാനാണ് ഇവർ ശ്രമിച്ചതെന്നും ഇത് കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നുമാണ് നാട്ടുകാർ പറയുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം ടാർ ചെയ്ത റോഡ് അഴിമതിപറഞ്ഞ് തുറന്നുകൊടുക്കാതെ വെച്ചുനിൽക്കുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ജനകീയ ഉദ്ഘാടനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

