Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:28 AM IST Updated On
date_range 29 March 2022 5:28 AM ISTമാഹിയിൽ ഫ്രഞ്ച് വിരുദ്ധ ഒളിപ്പോരിന് ശില്പഭാഷ്യം
text_fieldsbookmark_border
മാഹി: ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിൽ ചെറുകല്ലായി പടയണിയിൽ ഫ്രഞ്ച് പട്ടാളത്തിന്റെ വെടിയുണ്ടകളേറ്റ് വീരമൃത്യുവരിച്ച കമ്യൂണിസ്റ്റുകാരായ അച്യുതന്റെയും അനന്തന്റെയും ഐതിഹാസിക ഒളിപ്പോരാട്ട ചരിത്രത്തിന് മാഹി നഗരത്തിൽ പുനർജനി. 23ാമത് പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സി.പി.എം മാഹി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി സ്പോർട്സ് ക്ലബിന് സമീപം ഒരുക്കിയ ശിൽപഭാഷ്യം പഴയ തലമുറയിലുള്ളവരെ പോരാട്ടങ്ങളുടെ ഓർമയിലേക്ക് കൊണ്ടുപോയി. 1954 ഏപ്രിൽ 26ന് അർധരാത്രിയിലാണ് ചെറുകല്ലായി കുന്നിൻചെരിവിലെ ഫ്രഞ്ച് പട്ടാളക്യാമ്പ് കമ്യൂണിസ്റ്റ് പോരാളികൾ വളഞ്ഞത്. തുടർന്ന് പട്ടാള ക്യാമ്പിൽ നിന്നുണ്ടായ വെടിവെപ്പിൽ അച്യുതനും അനന്തനും വെടിയേറ്റ് മരിച്ചു. കെ.കെ.ജി. അടിയോടിക്ക് തോക്കിന്റെ പാത്തികൊണ്ട് അടിയേൽക്കുകയും ബയണറ്റ് കൊണ്ടുള്ള 34 മുറിവുകളേൽക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്നാണ് ചെറുകല്ലായി പ്രദേശം മോചിപ്പിക്കപ്പെട്ടത്. ചെറുകല്ലായി കുന്നിലേക്കുള്ള ഒളിപ്പോരാളികളുടെ കടന്നുകയറ്റവും ഫ്രഞ്ച് പട്ടാള ക്യാമ്പിന് കാവൽനിൽക്കുന്ന ഫ്രഞ്ച് ശിപായികളും ശില്പത്തിൽ സ്ഥാനം നേടിയിട്ടുണ്ട്. കലാകാരന്മാരായ പ്രശാന്ത് കൊണ്ടോടി, അനിൽകുമാർ, ചന്ദ്രൻ ചേനോത്ത്, ശശി കാനോത്ത് എന്നിവരാണ് മയ്യഴി വിമോചന പോരാട്ടത്തിലെ ചോരകിനിയുന്ന ഏടിന് മാഹി സ്പോർട്സ് ക്ലബിന് സമീപം ദേശീയപാതക്കരികിൽ ശില്പഭാഷ്യമൊരുക്കിയത്. ശില്പഭാഷ്യം ഞായറാഴ്ച കണ്ണൂർ ജില്ല സെക്രട്ടേറിയേറ്റ് അംഗം കാരായി രാജൻ അനാവരണം ചെയ്തു. കെ.പി. സുനിൽ കുമാർ, ശ്രീജിത്ത് ചോയൻ, എ. ജയരാജൻ, ശശിധരൻ പാലേരി, ഹാരിസ് പരന്തിരാട്ട്, കെ.സി. നിഖിലേഷ് തുടങ്ങിയവർ സംബന്ധിച്ചു. caption: ഫ്രഞ്ച് പോരാട്ട ചരിത്ര ശില്പഭാഷ്യം സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗം കാരായി രാജൻ അനാവരണം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story