Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:35 AM IST Updated On
date_range 25 March 2022 5:35 AM ISTകുട്ടികളുടെ ജീവന് പുല്ലുവില; മരണപ്പാച്ചിലുമായി ടിപ്പർ ലോറികൾ
text_fieldsbookmark_border
ശ്രീകണ്ഠപുരം: നിയമം കാറ്റിൽപറത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ. സ്കൂൾ പ്രവൃത്തി സമയം തുടങ്ങുന്ന രാവിലെയും ക്ലാസുകൾ വിടുന്ന വൈകീട്ടും ടിപ്പർ ലോറികൾ ഓടരുതെന്ന കർശന ഉത്തരവ് നിലവിലുണ്ട്. രാവിലെയും വൈകീട്ടും ഉച്ചക്കുമെല്ലാം കുട്ടികൾ റോഡിലും പരിസരങ്ങളിലും ഉണ്ടാവുകയും ഒട്ടേറെ അപകടങ്ങൾ പതിവാകുകയും ചെയ്ത സാഹചര്യത്തിലാണ് ഈ സമയങ്ങളിൽ ടിപ്പർ ലോറികളുടെ ഓട്ടം ഒഴിവാക്കാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടത്. രാവിലെ ഓടാമെങ്കിലും കുട്ടികൾ സ്കൂളിലേക്ക് പോകുന്ന സമയം ലോറികൾ നിർത്തിവെക്കണം. തുടർന്ന് രാവിലെ 10നുശേഷം ഓടാവുന്നതാണ്. വൈകീട്ട് നാലുമുതൽ അഞ്ചുവരെയും നിർത്തിവെക്കണം. ഈ ഉത്തരവ് നിലവിൽ ഒരിടത്തും പാലിക്കുന്നില്ല. ഇത്തവണ സ്കൂളുകൾ തുറന്ന ശേഷം നടപടി കർശനമാക്കുമെന്ന് കലക്ടറും ജില്ല പൊലീസ് മേധാവിയും പ്രഖ്യാപനമിറക്കി. എന്നാൽ, ഒന്നും നടപ്പായില്ലെന്നതാണ് സ്ഥിതി. അനധികൃത കരിങ്കൽ - ചെങ്കൽ ക്വാറികളിൽ നിന്നടക്കം ഒരു നിയമവും പാലിക്കാതെ നിറയെ ഭാരം കയറ്റി മത്സരയോട്ടം നടത്തുന്ന ടിപ്പർ ലോറികൾക്കെതിരെ ഒരു പരിശോധനയും ഉണ്ടാവുന്നില്ല. സ്കൂൾ കുട്ടികളെയും മറ്റ് വഴിയാത്രികരെയും വകവെക്കാതെയാണ് രാവിലെയും വൈകീട്ടും ടിപ്പറുകൾ പരക്കംപായുന്നത്. ജീവൻ പണയംവെച്ചാണ് ഈ സമയങ്ങളിൽ കുട്ടികളടക്കം യാത്ര ചെയ്യുന്നത്. ഇരുചക്ര വാഹന യാത്രികരും ടിപ്പറുകളുടെ മരണപ്പാച്ചിലിൽ ഏറെ ഭീതിയിലായിട്ടുണ്ട്. വലിയ ടിപ്പർ ലോറികൾ മറ്റ് വാഹനങ്ങളെയും കുട്ടികളെയും കാണാത്തവിധം കുതിച്ചു പായുമ്പോൾ മലയോര മേഖലയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജനങ്ങൾ ഏറെ ആശങ്കയിലാണ്. സ്കൂൾ വാഹനങ്ങളെപ്പോലും മറികടന്ന് പോകുന്ന ലോറികൾ അപകടക്കെണിയൊരുക്കുന്നുണ്ട്. പലപ്പോഴും പി.ഡബ്ല്യു.ഡിയുടെയും കടൽഭിത്തി നിർമാണത്തിന്റെയും ബോർഡുകൾ വ്യാജമായി സ്ഥാപിച്ചാണ് വലിയ ലോറികൾ കരിങ്കല്ലും മണ്ണും കടത്തിക്കൊണ്ടുപോകുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. ലോക്കൽ പൊലീസ് ഇത്തരം വണ്ടികൾ പിടിക്കുമ്പോൾ തന്നെ മുകളിൽനിന്ന് വിളിയെത്തി വിട്ടയക്കേണ്ട ഗതികേടുമുണ്ട്. മലയോരങ്ങളിലടക്കം ക്വാറി ഉടമകൾ മാസപ്പടി നൽകുന്നതിനാൽ ടിപ്പർ ലോറികൾക്കെതിരെ നടപടിയൊന്നുമുണ്ടാവാറില്ല. ലഹരി വസ്തുക്കൾ ഉപയോഗിച്ചും മൊബൈൽ ഫോൺ വിളിച്ചും ഇത്തരം വണ്ടികൾ ഓടിക്കുന്നത് പതിവായിട്ടുണ്ട്. ലോറികളിൽനിന്ന് കരിങ്കൽ കഷ്ണങ്ങൾ റോഡിലേക്ക് തെറിച്ചുവീണ് അപകടം സംഭവിക്കുന്നതും സ്ഥിരം കാഴ്ചയാണ്. നിയമം ലംഘിക്കുമ്പോഴും പൊലീസ് ടിപ്പറുകൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ദിവസം മട്ടന്നൂർ പൊലീസ് നടത്തിയ പരിശോധനയിൽ സ്കൂൾ സമയത്ത് ഓടിയ നിരവധി ടിപ്പർ ലോറികളാണ് പിടികൂടി പിഴയീടാക്കിയത്. മറ്റൊരിടത്തും ഇത്തരം പരിശോധന ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story