Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരി നഗരസഭ ബജറ്റ്...

തലശ്ശേരി നഗരസഭ ബജറ്റ് അംഗീകരിച്ചു

text_fields
bookmark_border
തലശ്ശേരി: വികസനത്തിലൂന്നിയ യാഥാർഥ്യ ബോധത്തോടെയുള്ള ബജറ്റാണെന്ന് ഭരണപക്ഷം. അടിസ്ഥാന വികസനങ്ങൾ ഒന്നുമില്ലാത്ത ഊതിവീർപ്പിച്ച കണക്കുകൾ നിരത്തിയുള്ളതാണെന്ന് പ്രതിപക്ഷം. അനുകൂലിച്ചും വിമർശിച്ചുമുള്ള അംഗങ്ങളുടെ ചർച്ചക്കൊടുവിൽ വൈസ് ചെയർമാൻ വാഴയിൽ ശശി അവതരിപ്പിച്ച തലശ്ശേരി നഗരസഭയുടെ ബജറ്റ് ഐകക​ണ്ഠ്യേന അംഗീകരിച്ചു. 78 കോടി രൂപ വരവും 74 കോടി രൂപ ചെലവും 3.93 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് നഗരസഭയുടെ 2022-2023 വർഷത്തെ ബജറ്റ്. നഗരത്തിലെ വികസന പ്രവർത്തനങ്ങൾക്കൊപ്പം 52 വാർഡുകൾക്കും തുല്യപ്രാധാന്യം നൽകുന്നതാണ് ബജറ്റെന്ന് സി.പി.എം അംഗങ്ങളായ സി. ഗോപാലനും എം.വി. ജയരാജനും പറഞ്ഞു. പറയുന്ന കാര്യങ്ങൾ അക്ഷരംപ്രതി നടപ്പാക്കുന്നതാണ് കേരള സർക്കാർ രീതിയെന്നും എന്നാൽ, തലശ്ശേരിയുടെ വികസനത്തിനായി കെ. മുരളീധരൻ എം.പിയുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്നും ടി.സി. അബ്ദുൽ ഖിലാബ് പറഞ്ഞു. ഊതിപ്പെരുപ്പിച്ച കണക്കുകളല്ലാതെ പുതിയതായി ബജറ്റിൽ ഒന്നും കാണാനില്ലെന്ന് മുസ്‍ലിം ലീഗിലെ കെ.പി. അൻസാരിയും ഫൈസൽ പുനത്തിലും പറഞ്ഞു. തലശ്ശേരിയിൽ 10 കോടി അനുവദിച്ച പാർക്കിങ് പ്ലാസ എവിടെയാണെന്ന് ചൂണ്ടിക്കാണിക്കാനെങ്കിലും സാധിക്കണം. വാർഡുകൾക്ക് അനുവദിച്ച എട്ട് ലക്ഷം വളരെ കുറഞ്ഞുപോയെന്ന് ടി.വി. റാഷിദ പറഞ്ഞു. കുടിവെള്ള വിതരണം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾക്കൊന്നും ബജറ്റിൽ വേണ്ടത്ര പരിഗണന നൽകിയില്ലെന്ന് ബി.ജെ.പി അംഗം അഡ്വ. മിലി ചന്ദ്ര പറഞ്ഞു. ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് ടി.കെ. സാഹിറ, പി.കെ. സോന, വി. ഷീജ, എൻ. മോഹനൻ, പി. പ്രമീള, ഇ. ആശ, ഐ. അനിത, ബേബി സുജാത, അഡ്വ. കെ.എം. ശ്രീശൻ, സി. സോമൻ, കെ.വി. വിജേഷ്, ടി. ഗീത, കെ. ബിന്ദു, എൻ. രേഷ്മ, വി.ബി. ഷംസുദ്ദീൻ, ജ്യോതിഷ്, ടി.പി. ഷാനവാസ്, പ്രീത പ്രദീപ് എന്നിവർ സംസാരിച്ചു. ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. ************************* 52 വാർഡുകൾക്കും തുല്യപരിഗണന നഗരസഭയിലെ 52 വാർഡുകൾക്കും തുല്യ പരിഗണന നൽകിയാണ് നഗരസഭ പ്രവർത്തനങ്ങൾ നടത്തിവരുന്നതെന്ന് വൈസ് ചെയർമാൻ വാഴയിൽ ശശി പറഞ്ഞു. ബജറ്റ് ചർച്ചക്ക് ശേഷം മറുപടി പറയുകയായിരുന്നു അദ്ദേഹം. നഗരസഭ തനത് ഫണ്ടിന്റെ പോരായ്മ പരിഹരിക്കാൻ നഗരത്തിൽ കോഫി ബങ്ക്, വനിത ഹോസ്റ്റൽ, മഞ്ഞോടിയിൽ ഷോപ്പിങ് കോംപ്ലക്സ് എന്നിവ നിർമിക്കും. നൂറ് ശതമാനം കുത്തിവെപ്പ് ഉറപ്പ് വരുത്തി നഗരസഭ ആരോഗ്യമേഖലയിൽ വലിയ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ജനറൽ ആശുപത്രിയിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പുരാവസ്തു വകുപ്പിന്റെ അനുമതിയില്ലാത്തതാണ് അപകടസാധ്യതയുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനോ അവിടെ നവീകരണം നടത്താനോ സാധിക്കാത്തിന് കാരണം. നാരങ്ങാപ്പുറത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും. അനുബന്ധ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സാങ്കേതി അനുമതി ലഭിക്കാത്തതാണ് 'അമ്മയും കുഞ്ഞും' ആശുപത്രി നിർമാണത്തിനും തടസ്സമാകുന്നത്. പ്രവൃത്തി ഉടൻ തുടങ്ങാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും വെെസ് ചെയർമാൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story