Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:31 AM IST Updated On
date_range 20 March 2022 5:31 AM ISTകോർപറേഷൻ കൗൺസിൽ യോഗം: സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി; ഭൂരഹിതർക്കായി ഭൂമി കണ്ടെത്തും
text_fieldsbookmark_border
കണ്ണൂർ: സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകളിൽ ഉടൻ തീർപ്പുകൽപിക്കാൻ നടപടിയുണ്ടാകുമെന്ന് മേയർ ടി.ഒ. മോഹനൻ. സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയിൽ അപേക്ഷകരായ ഭൂരഹിതർക്ക് കോർപറേഷനുള്ളിൽതന്നെ ഭൂമി കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൗൺസിൽ യോഗത്തെ അറിയിച്ചു. ഭരണപക്ഷ, പ്രതിപക്ഷ കൗൺസിലർമാരുടെയും ക്ഷേമകാര്യ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റികളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മേയർ ഉന്നയിച്ചു. തീരുമാനത്തെ പ്രതിപക്ഷ കൗൺസിലർമാരടക്കം സ്വാഗതം ചെയ്തു. ഇറിഗേഷൻ വകുപ്പിന്‍റേതുൾപ്പെടെ സർക്കാറിന് കീഴിലുള്ള ഉപയോഗശൂന്യമായ സ്ഥലം കണ്ടെത്താൻ നടപടി സ്വീകരിക്കും. സ്ഥലം നിർധനരായ അപേക്ഷകർക്ക് ഭവന സമുച്ചയം നിർമിക്കാനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കും. പി.എം.എ.വൈ, ലൈഫ് മിഷൻ എന്നിങ്ങനെ ഏത് പദ്ധതിയിലാണ് തങ്ങൾ അപേക്ഷിക്കുന്നതെന്ന ധാരണ സാധാരണക്കാർക്ക് ഇല്ലാത്ത സ്ഥിതിയാണെന്ന് മേയർ ചൂണ്ടിക്കാട്ടി. ഈ വിഭാഗത്തിൽ ലഭിക്കുന്ന അപേക്ഷകൾ കൃത്യമായി പരിശോധിച്ച് സൂക്ഷ്മമായ പട്ടിക തയാറാക്കി നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു. ചേലോറ ട്രഞ്ചിങ് മാലിന്യ ഗ്രൗണ്ടിൽ 60 വർഷമായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാൻ ടെൻഡർ ക്ഷണിച്ചു. റോയൽ വെസ്റ്റേൺ പ്രോജക്ട് എന്ന സ്വകാര്യ കമ്പനിയാണ് മാലിന്യ നീക്കത്തിനുള്ള കരാർ ഏറ്റെടുക്കാൻ ടെൻഡർ സമർപ്പിച്ചത്. നദികളിലേക്കും പുഴകളിലേക്കും ഒഴുകുന്ന മലിന ജലത്തിന്‍റെ അളവ് കുറക്കുന്നത് സംബന്ധിച്ചുള്ള മാസ്റ്റർ പ്ലാൻ തയാറാക്കും. ഇതിനായുള്ള കൂടുതൽ പഠനത്തിന് കോർപറേഷൻ ആരോഗ്യ വിഭാഗത്തെ നിയോഗിച്ചയാതും മേയർ അറിയിച്ചു. .......................................................................................................... എസ്റ്റിമേറ്റ് പുതുക്കൽ പതിവ്; എൻജിനീയർമാരുടെ അലംഭാവമെന്ന് കോർപറേഷന്‍റെ വിവിധ ഡിവിഷനുകളിൽ നടക്കുന്ന പൊതുമരാമത്ത് പ്രവൃത്തികളിൽ മിക്കതിലും എസ്റ്റിമേറ്റ് പുതുക്കൽ പതിവാണെന്നും ഇത് എൻജിനീയർമാരുടെ അലംഭാവം മൂലമാണെന്നും ഭരണ, പ്രതിപക്ഷ കൗൺസിലർമാർ ഒരുപോലെ യോഗത്തിൽ ഉന്നയിച്ചു. പലയിടത്തും ആദ്യം നിശ്ചയിച്ച എസ്റ്റിമേറ്റ് പ്രവൃത്തി തുടങ്ങി മാസങ്ങൾ പിന്നിട്ട് വീണ്ടും പുതുക്കേണ്ട സ്ഥിതിയാണ്. ഇത് തങ്ങൾപോലുമറിയാതെയാണ് എൻജിനീയർമാരുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്യുന്നതെന്ന് കൗൺസിലർമാർ ആരോപിച്ചു. എസ്റ്റിമേറ്റിലെ അപാകതകൾ നിത്യസംഭവമാണെന്നും ഇതിൽ എൻജിനീയറിങ് വിഭാഗം സൂക്ഷ്മത പുലർത്തണമെന്നും മേയർ നിർദേശിച്ചു. അതത് വാർഡ് കൗൺസിലർമാരുടെ അഭാവത്തിൽ എൻജിനീയർമാർ എസ്റ്റിമേറ്റ് തയാറാക്കരുതെന്നും മേയർ നിർദേശിച്ചു. കൂടുതൽ ജോലികളും മതിയായ ഉദ്യോഗസ്ഥരുടെ അഭാവവുമാണ് ഇത്തരം പിശകുകൾ വരാൻ കാരണമെന്ന് സീനിയർ എൻജിനീയർ യോഗത്തിൽ വിശദീകരിച്ചു. 500ഓളം പ്രവൃത്തികൾ ചെറിയ സമയത്തിനുള്ളിൽ ചെയ്തുതീർക്കേണ്ട അധികഭാരമാണ് ഉദ്യോഗസ്ഥർക്ക്. ഇതാണ് പലപ്പോഴും വീഴ്ചകൾക്ക് വഴിവെക്കുന്നതെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story