Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:28 AM IST Updated On
date_range 19 March 2022 5:28 AM ISTവിലക്കയറ്റം: നിർമാണ മേഖല പൊള്ളുന്നു
text_fieldsbookmark_border
കണ്ണൂർ: കമ്പി, സിമന്‍റ് അടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയരുന്നത് നിർമാണ മേഖലയെ പ്രതിസന്ധിയിലാഴ്ത്തുന്നു. കോവിഡ് മൂന്നാം തരംഗത്തിനുശേഷം വിപണിയും നിർമാണ മേഖലയും സജീവമായതിനിടെയാണ് വിലക്കയറ്റം മേഖലയെ തീർത്തും പ്രതിസന്ധിയിലാഴ്ത്തുന്നത്. കമ്പിയുടെ വിലയിലാണ് വൻ വർധന. രണ്ടാഴ്ചക്കിടെ കിലോക്ക് 20 രൂപയോളമാണ് കൂടിയത്. 67 രൂപയിൽനിന്ന് 87 ആയാണ് വർധന. സിമന്റിന് 50 കിലോയുടെ ചാക്കിന് 40 രൂപ കൂടി. ഇത് നിർമാണ മേഖലയെ വീണ്ടും കടുത്ത പ്രതിസന്ധിയിലാക്കി. ഒരു ക്വിന്റൽ കമ്പിക്ക് 2000 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഫ്ലാറ്റുകൾ ഉൾപ്പെടെ വൻകിട നിർമാണ പ്രവൃത്തികൾ നിലക്കുന്ന സ്ഥിതിയായി. വില കൂടിയതോടെ വിൽപനയിലും ഇടിവുണ്ടായെന്ന് വ്യാപാരികൾ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ 45 രൂപയായിരുന്നു കമ്പിക്ക് കിലോ വില. ക്രമേണ വർധിച്ച് 65 രൂപയായി. ഇതിൽനിന്നാണ് പെട്ടെന്നുള്ള ഇപ്പോഴത്തെ വർധന. രണ്ടുവർഷം മുമ്പത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടിയോളമാണിത്. വൻകിട കമ്പനികൾ വില കൂട്ടിയതോടെ കുറഞ്ഞ വിലയുള്ള സിമന്റിന് വിപണിയിൽ ആവശ്യക്കാർ ഏറി. 440--450 രൂപയാണ് നല്ല സിമന്റിന് വില. കോവിഡ് മൂന്നാം തരംഗത്തിനുശേഷം നിർമാണ മേഖല പച്ചപിടിച്ചുവരുന്നതിനിടെയാണ് വിലവർധന ഇരുട്ടടിയായത്. ചെങ്കല്ലിനും കരിങ്കല്ലിനും വില കൂടിയിട്ടുണ്ട്. 50 -60 രൂപ വരെയാണ് ചെങ്കല്ല് വില. നിർമാണത്തിനുപയോഗിക്കുന്ന എം.സാൻഡിനും (കൃത്രിമ മണൽ) വില 100 അടിക്ക് 500 രൂപയോളം കൂടി. സാധനം എത്തിക്കാനുള്ള ദൂരത്തിനനുസരിച്ച് പ്രാദേശികമായി വിലയിൽ മാറ്റമുണ്ട്. ഇലക്ട്രിക്, പ്ലംബിങ് സാമഗ്രികൾക്കും ക്രമാതീതമായ വിലവർധനയാണ്. ആറുമാസത്തിനിടെ 20 ശതമാനം മുതൽ 30 ശതമാനം വരെ വില വർധനയാണ് നിർമാണ മേഖലയിലെ വസ്തുക്കൾക്കുണ്ടായത്. ............................................................................................................................ കരാറുകാർ കലക്ടറേറ്റ് മാർച്ച് നടത്തി പടം -സന്ദീപ് കണ്ണൂർ: നിർമാണ മേഖലയിലെ വിലക്കയറ്റത്തിനെതിരെ പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡന്‍റ് സി. മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി. മനോഹരൻ, പി.പി. രമേശൻ, പി.വി. ശശി, കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story