Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:32 AM IST Updated On
date_range 15 March 2022 5:32 AM ISTകോവിഡ് മാറി; പൂരാഘോഷ ലഹരിയിൽ കാവുകൾ
text_fieldsbookmark_border
പയ്യന്നൂർ: കോവിഡ് മഹാമാരി കാരണം രണ്ടു വർഷമായി മുടങ്ങിയ പൂരാഘോഷ ലഹരിയിൽ ഉത്തര മലബാറിലെ കാവുകൾ. കുംഭമാസത്തിലെ കാർത്തികയോടെയാണ് കാവുകൾ ഉണർന്നത്. മിക്ക കാവുകളിലും മാസങ്ങൾക്കു മുമ്പുതന്നെ പൂരക്കളിയുടെ ആരവമുയർന്നിരുന്നു. പ്രധാനക്ഷേത്രങ്ങളിൽ വൈജ്ഞാനിക സംവാദവേദിയായ മറത്തുകളിയും സജീവമായി. ആഴ്ചകൾക്കു മുമ്പുതന്നെ പണിക്കർമാരെ കൂട്ടികൊണ്ടുവരുന്ന ചടങ്ങ് അനുഷ്ഠാനത്തോടെ നടന്നു. ഇരു ക്ഷേത്രകമ്മിറ്റികളും തമ്മിലുള്ള കളി ഒക്കൽ ചടങ്ങുകളും നടന്നു. ഇരുവിഭാഗവും താമ്പൂലവും പാക്കും കൈമാറിയാണ് കളിയുടെ പ്രാരംഭം കുറിക്കുന്നത്. മിക്ക കാവുകളും ഇപ്പോൾ രാത്രി ആയോധന കലയായ പൂരക്കളിയുടെ ചടുലതാളം കൊണ്ട് സമൃദ്ധമാണ്. രോഹിണി നാളായ വ്യാഴാഴ്ച മുതൽ മറത്തുകളിയുടെ ആരവമുയർന്നു. പയ്യന്നൂരും പരിസരങ്ങളിലുമുള്ള മറത്ത് കളിക്ക് തുടക്കം കുറിച്ച് വ്യാഴാഴ്ച കുഞ്ഞിമംഗലം അണീക്കര പൂമാല ഭഗവതി ക്ഷേത്രത്തിൽ കഴകം കയറി. തുടർദിവസങ്ങളിൽ കുറുവന്തട്ട, രാമവില്യം കഴകങ്ങളിലും വൈജ്ഞാനിക സംവാദത്തിന്‍റെ താളമുയർന്നു. പതിനേഴിന് പൂരം നാളിൽ തലയന്നേരി പൂമാലക്കാവിലാണ് അവസാനത്തെ മറത്തുകളി. മീനമാസത്തിൽ കാർത്തികനാൾ മുതൽ പൂരംനാൾ വരെ ആഘോഷിക്കുന്ന ആചാരാനുഷ്ഠാനമാണ് പൂരം. എന്നാൽ, ഇക്കുറി കാർത്തിക കുംഭത്തിൽ വന്നതോടെ രണ്ടു മാസങ്ങളിലായാണ് പൂരാഘോഷം നടക്കുന്നത്. വീടുകളിൽ പെൺകുട്ടികൾ പൂവിട്ട് കാമാരാധന നടത്തുന്ന പതിവും ഉണ്ട്. മകം വരെയാണ് പൂവിടൽ ചടങ്ങ്. മകംനാളിൽ കാമന്‍റെ രൂപമുണ്ടാക്കി പൂരം നാളിൽ പൂക്കളും കാമനെയും യാത്രയയക്കുന്ന ചടങ്ങ് വികാരനിർഭരമാണ്. പടം -പി.വൈ. ആർ പൂരക്കളി പയ്യന്നൂർ കണ്ടോത്ത് കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മറത്തുകളിയുടെ ഭാഗമായുള്ള പൂരക്കളി അരങ്ങിലെത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story