Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:33 AM IST Updated On
date_range 14 March 2022 5:33 AM ISTതൊഴിലാളികളെ കൈയൊഴിഞ്ഞ് പള്ളൂർ ഇ.എസ്.ഐ
text_fieldsbookmark_border
മാഹി: ഈസ്റ്റ് പള്ളൂരിൽ പ്രവർത്തിക്കുന്ന ഇ.എസ്.ഐ ഡിസ്പെൻസറിയിൽ ഇൻഷുറൻസ് പരിരക്ഷയുള്ള മൂവായിരത്തോളം രോഗികൾ ത്രിശങ്കുവിൽ. പള്ളൂർ സ്പിന്നിങ് മിൽ, വിവിധ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു തൊഴിൽ സ്ഥാപനങ്ങൾ എന്നിവയിലെ തൊഴിലാളികളാണ് ഇവിടെ ചികിത്സ തേടുന്നത്. ഇ.എസ്.ഐ ഡിസ്പെൻസറികളിൽ ലഭ്യമാകാത്ത സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി ചികിത്സകൾ കേരളത്തിലെ രോഗികൾക്ക് ലഭിക്കുന്നത് എം പാനൽ ചെയ്യപ്പെട്ട പ്രമുഖ സ്വകാര്യ ആശുപത്രികളിൽ നിന്നാണ്. എന്നാൽ മാഹിയിലെ തൊഴിലാളികൾക്ക് പള്ളൂർ ഇ.എസ്. ഐ ഡിസ്പെൻസറിയിൽ ലഭ്യമാകാത്ത സ്പെഷാലിറ്റി - സൂപ്പർ സ്പെഷാലിറ്റി ചികിത്സകൾ കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ലഭിക്കുന്നില്ല. തങ്ങൾക്ക് ലഭിക്കുന്ന വേതനത്തിൽ നിന്നാണ് ഇ.എസ്.ഐ ഡിസ്പെൻസറിയുടെ കെട്ടിട വാടക 36,000 രൂപയും ജീവനക്കാരുടെ ശമ്പളവും നൽകുന്നതെന്ന് തൊഴിലാളികൾ പറയുന്നു. എന്നിട്ടും മാഹിയിലെ തൊഴിലാളികൾക്ക് അർഹമായ ചികിത്സ ലഭിക്കുന്നില്ല. ഗുരുതര രോഗങ്ങൾ വന്നാൽ ഇവർ സ്വന്തം കൈയിൽ നിന്ന് പണം ചെലവഴിച്ച് ചികിത്സിക്കേണ്ട സ്ഥിതിയാണ്. ഇത്തരം ബില്ലുകൾ തുക ലഭിക്കാനായി ഇ.എസ്.ഐയിൽ സമർപ്പിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ 2016 ശേഷം ഇത്തരം ബില്ലുകൾ രോഗികൾക്ക് പാസാക്കി ലഭിച്ചിട്ടില്ല. സ്വകാര്യ ആശുപത്രികളിൽ കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയതിനാലാണ് മാഹിയിലെ രോഗികൾക്ക് ചികിത്സ ലഭ്യമാകാത്തതെന്ന് തൊഴിലാളി നേതാക്കൾ പറഞ്ഞു. വിഷയം പള്ളൂർ സ്പിന്നിങ് മില്ലിലെ തൊഴിലാളി സംഘടനയിലുള്ള ഇ.എസ്.ഐ ബോർഡ് മെംബർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കേന്ദ്ര ഇ.എസ്.ഐ അധികാരികളുടെ ശ്രദ്ധയിൽപെടുത്തി. തുടർന്ന് പള്ളൂർ ഇ.എസ്.ഐ ആശുപത്രിയിലെ രോഗികൾക്ക് റഫറൽ ആശുപത്രിയായി തോട്ടട ഇ.എസ്.ഐ ആശുപത്രി നിശ്ചയിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമോ എന്ന കാര്യം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ഇ.എസ്.ഐ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. റീജനൽ ഡെപ്യൂട്ടി ഡയറക്ടർ പള്ളൂർ ഇ.എസ്.ഐ ഡിസ്പെൻസറിയിലെത്തി രേഖകൾ പരിശോധിച്ചു. തൊഴിലാളി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തു. സ്പെഷാലിറ്റി ചികിത്സകൾക്ക് ഉള്ള പണം കേരള സർക്കാറാണ് വഹിക്കുന്നതെന്നും അതിനാൽ മാഹിയിലെ രോഗികൾക്ക് ആനുകൂല്യം ലഭിക്കുകയില്ലെന്നും അറിയിച്ചു. പരിഹാരമായി മാഹിക്ക് പുറത്തുള്ള ഏതെങ്കിലും ഡിസ്പെൻസറിയിൽ മാഹിയിലെ രോഗികളെ ചേർക്കണമെന്ന് നിർദേശിച്ചു. ന്യൂമാഹിയിലോ പരിസര പ്രദേശത്തോ പുതിയ ഡിസ്പെൻസറി ആരംഭിക്കണമെന്നും മാഹിയിലെ രോഗികളെ അവിടേക്ക് മാറ്റണമെന്നും നിർദേശം ഉയർന്നുവന്നു. അതേസമയം, കൃത്യമായി പണം അടച്ചിട്ടും തങ്ങൾക്ക് ചികിത്സ ലഭിക്കാത്തതിനാൽ കേരളത്തിലെ ഡിസ്പെൻസറിയിൽ തങ്ങളെ മാറ്റുന്നതിന് താൽപര്യമാണെന്ന നിലയിലാണ് മാഹിയിലെ തൊഴിലാളികൾ. caption: മാഹി ഈസ്റ്റ് പള്ളൂർ ഇ.എസ്.ഐ ഡിസ്പെൻസറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
