Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചൂട് കൂടുന്നു; ജാഗ്രത...

ചൂട് കൂടുന്നു; ജാഗ്രത നിർദേശം

text_fields
bookmark_border
കണ്ണൂർ: അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്നതിനാൽ ജില്ലയിൽ ജാഗ്രത നിർദേശം. കേന്ദ്രകാലാവസ്ഥ വകുപ്പി​ന്‍റെ കണക്കുപ്രകാരം 36.9 ഡിഗ്രി സെൽഷ്യസാണ് നിലവിലെ ചൂട്. സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ഉച്ചസമയത്ത് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ നിർദേശം നൽകി. കണ്ണൂരിൽ മാർച്ച് മൂന്ന്, നാല് തീയതികളിൽ 38 സെൽഷ്യസ് വരെ ചൂടെത്തിയിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ 38.2 സെൽഷ്യസാണ് റിപ്പോർട്ട് ചെയ്തത്. നേരത്തെ 41.4 സെൽഷ്യസ് വരെ ചൂട് ഇവിടെ രേഖപ്പെടുത്തിയിരുന്നു. ജില്ലയിൽ ചൂട് കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ് മട്ടന്നൂർ. ചെങ്കൽശേഖരവും വിമാനത്താവളത്തിനായി പച്ചപ്പ് നശിപ്പിച്ചതും ചൂട് കൂടാൻ കാരണമായി. ജില്ലയിലെ വിവിധ മേഖലകളിലെ ചൂടും മഴപ്പെയ്ത്തും അറിയാൻ ആവശ്യത്തിന് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ ആവശ്യമാണ്. കേന്ദ്രകാലാവസ്ഥ വകുപ്പി​ന്‍റെ നിർദേശ പ്രകാരം പുതുതായി അഞ്ച് സ്റ്റേഷനുകൾക്കായി നടപടി തുടങ്ങിയിട്ടുണ്ട്. സ്റ്റേഷൻ സ്ഥാപിക്കാൻ സൗകര്യമുള്ള സ്ഥലങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കണ്ടെത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേന്ദ്രകാലാവസ്ഥ വകുപ്പധികൃതർ സ്ഥലം സന്ദർശിച്ച് പരിശോധിച്ച ശേഷമാണ് സ്ഥലം നിശ്ചയിക്കുക. സംസ്ഥാനത്താകെ 85 സ്​റ്റേഷനുകൾക്കാണ് പുതുതായി അനുമതി. കാലാവസ്ഥ വ്യതിയാനങ്ങള്‍ നേരിട്ട് ലഭിക്കുന്നതിനായി സ്റ്റേഷ​ന്‍റെ പ്രവർത്തനം മുതൽക്കൂട്ടാവും. കാലവർഷം ശക്തമാകും മുമ്പ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങുമെന്നാണ് കരുതുന്നത്. മഴയുടെ അളവും കാലാവസ്ഥ വ്യതിയാനവും പ്രളയ സാധ്യതയുമെല്ലാം കൃത്യമായി അറിയാനും ആവശ്യത്തിന് മുൻകരുതലുകൾ സ്വീകരിക്കാനും ഇതോടെ സാധ്യമാവും. മഴമാപിനി അളവ്, താപനില, അന്തരീക്ഷത്തിലെ ജലാംശ കണക്കുകള്‍, കാറ്റിന്റെ വേഗം, അന്തരീക്ഷ മർദം എന്നീ വിവരങ്ങള്‍ കൃത്യമായി കണ്ടെത്താനാവും. ചൂടു കൂടുതലുള്ള കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാനിടയുണ്ട്. ശ്രദ്ധിക്കാം box അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാക്കും. ഇതേത്തുടര്‍ന്ന് ശരീര പ്രവര്‍ത്തനങ്ങള്‍ തകരാറിലാവും. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്നു ചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാഡിമിടിപ്പ്, കടുത്ത തലവേദന, തല കറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ എന്നിവയും തുടര്‍ന്ന് അബോധാവസ്ഥയും ഉണ്ടാവാം. സൂര്യാഘാതമേറ്റാല്‍ ഉടന്‍ വൈദ്യസഹായം തേടണം. കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന നിർമാണ തൊഴിലാളികൾ അടക്കമുള്ളവർക്ക് നേരിട്ട് വെയിലേൽക്കുന്ന ശരീരഭാഗങ്ങളിൽ സൂര്യാതപമേറ്റ് ചുവന്ന് തടിക്കാനും വേദനയും പൊള്ളലും ഉണ്ടാകാനുമിടയുണ്ട്. ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയും ശ്രദ്ധിക്കണം. കനത്ത വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രയാധിക്യമുള്ളവരിലും രക്തസമ്മർദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉള്ളവരിലുമാണ് ഇത് കൂടുതലായി കാണുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story