Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:40 AM IST Updated On
date_range 9 March 2022 5:40 AM ISTശബാദ് അണഞ്ഞു; നരകജീവിതം താണ്ടി സ്നേഹതീരത്ത്
text_fieldsbookmark_border
പയ്യന്നൂർ: ഇടതടവില്ലാതെയാണ് ഷെല്ലാക്രമണത്തിന്റെ ശബ്ദം. ഏതുനിമിഷവും അപായം അരികെയെത്താമെന്ന അവസ്ഥ. ഇതിനു പുറമെ ഭക്ഷണവും വെള്ളവുമില്ലാത്ത നരകജീവിതം. പയ്യന്നൂർ പെരുമ്പയിലെ ശബാദ് അലിയുടെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. പഠനം തീരാറായപ്പോഴാണ് യുദ്ധമെന്ന ദുരന്തം പ്രതീക്ഷക്കു മുകളിൽ ഇടിത്തീയായി പെയ്തിറങ്ങിയത്. സപോറോഷ്യ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽ നാലാം വർഷ വിദ്യാർഥിയാണ് പയ്യന്നൂർ പെരുമ്പ സ്വദേശികളായ ലത്തീഫ് -ഫർസാന ദമ്പതികളുടെ മകനായ ഈ യുവാവ്. പൊടിപിടിച്ച് ഇടുങ്ങിയ വെളിച്ചമില്ലാത്ത ബങ്കറിൽ 1487 ഇന്ത്യക്കാരാണ് ഉണ്ടായത്. ഇതിൽ 450 പേർ മലയാളികൾ. 17 വയസ്സുള്ളവർ വരെയുണ്ട് കൂട്ടത്തിൽ. രണ്ടാഴ്ച മുമ്പ് മാത്രം വന്നവരുമുണ്ട്. മെട്രോ സ്റ്റേഷനിലെ ഈ ബങ്കറിന് തൊട്ടടുത്താണ് ശക്തമായ ആക്രമണം നടന്ന മെലിറ്റോപോൾ എന്നത് ഭയം ഇരട്ടിപ്പിച്ചു. റൊട്ടിയും വെള്ളവുമാണ് ഭക്ഷണം. എന്നാൽ, ശുചിമുറി സൗകര്യമില്ലാത്തതിനാൽ കഴിക്കാൻ കഴിഞ്ഞില്ല. പലപ്പോഴും വെള്ളവും ചോക്ലറ്റുമായിരുന്നു കഴിച്ചത്. പൊടിയടിച്ച് പലരും തളർന്നുവീണു. ന്യൂക്ലിയർ പവർപ്ലാന്റ് ബങ്കറിനു തൊട്ടടുത്താണെന്നത് പേടി ഇരട്ടിയാക്കി. സമീപത്തെ തടാകത്തിൽ യുദ്ധക്കപ്പലുകൾ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന വാർത്തയും ദുരന്തഭീതി ഇരട്ടിപ്പിച്ചു. കഴിഞ്ഞ 28നാണ് 1500 പേർക്ക് യാത്രാനുമതി ലഭിച്ചത്. ട്രെയിനിൽ അഞ്ച് ബോഗികളിലായിരുന്നു യാത്ര. ഭക്ഷണവും വെള്ളവും കമ്മി. ഹംഗറിയിലെത്തിയ പലർക്കും മുറി കിട്ടിയില്ല. രണ്ട് ഡിഗ്രി സെൽഷ്യസ് തണുപ്പിൽ മുറിക്ക് പുറത്തിരിക്കേണ്ടി വന്നവർ നിരവധി. ഇവിടെ ഇന്ത്യൻ എംബസിയുടെ സഹായം ലഭിച്ചു. ശബാദ് അലി ഉൾപ്പെടെയുള്ള 1500 പേർ കടന്നുവന്ന റെയിൽപാത യാത്ര പുറപ്പെട്ട് 10 മണിക്കൂറിനകം റഷ്യൻ സേന തകർത്തതായി അറിഞ്ഞു. ഇതോടെ തൊട്ടടുത്ത സർവകലാശാലയിലെ വിദ്യാർഥികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് ശബാദ് പറയുന്നു. ഇവരെ ബസ് മാർഗം എത്തിക്കാൻ ശ്രമം നടക്കുന്നതായാണ് വിവരമെന്ന് ശബാദ് അലി പറഞ്ഞു. ------------------ രാഘവൻ കടന്നപ്പള്ളി പടം.പി .വൈ .ആർ:: ശബാദ് അലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story