Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:35 AM IST Updated On
date_range 6 March 2022 5:35 AM ISTതളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം: കുടിവെള്ള വിതരണത്തെക്കുറിച്ച് പരാതിപ്രളയം
text_fieldsbookmark_border
തളിപ്പറമ്പ്: താലൂക്ക് വികസന സമിതി യോഗത്തിൽ ജല അതോറിറ്റിക്കെതിരെ പരാതി പ്രളയം. ലഭിച്ച 11 പരാതികളിൽ നാലെണ്ണവും ജപ്പാൻ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടതായിരുന്നു. കുറുമാത്തൂരിലെ ഒന്നും രണ്ടും വാർഡുകളിൽ ആഴ്ചകളായി കുടിവെള്ള പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നത് ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയെടുത്തില്ലെന്ന പരാതിക്കുപിന്നാലെ നിരവധി പരാതികളാണ് താലൂക്ക് വികസന സമിതി യോഗത്തിൽ ഉയർന്നുവന്നത്. പുഷ്പഗിരി ഗാന്ധി നഗറിലെ ഒന്നുമുതൽ അഞ്ച് വരെയുള്ള തെരുവുകളിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്നും പ്രശ്നം പരിഹരിക്കാൻ ഒറ്റപ്പാലയിലെ റവന്യൂ ഭൂമിയിൽ ടാങ്ക് നിർമിക്കണമെന്നും ഗാന്ധിനഗർ വികസന സമിതി ആവശ്യപ്പെട്ടു. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് പരാതി പറയാൽ വിളിച്ചാൽ ഫോണെടുക്കാൻ ജല അതോറിറ്റി ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ജില്ല പഞ്ചായത്തംഗം ടി.സി. പ്രിയ പറഞ്ഞു. കടുത്ത വേനൽക്കാലമാണ് വരാൻ പോകുന്നതെന്നും കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും ഉയർന്ന പരിഗണന നൽകണമെന്നും യോഗം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന് നിർദേശം നൽകി. സ്ത്രീകൾക്ക് തൊഴിലിടത്തിൽ ഇരിപ്പിടവും ശുചിമുറി സൗകര്യവും ഉറപ്പുവരുത്തുന്നതിന് തളിപ്പറമ്പ് നഗരസഭാധികൃതർ സ്ഥാപനങ്ങളിൽ പരിശോധന നടത്തണമെന്നും കെട്ടിടങ്ങളിൽ പാർക്കിങ് സൗകര്യത്തിനായി അനുവദിച്ച സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സി.പി.ഐ പ്രതിനിധി സി. ലക്ഷ്മണൻ ആവശ്യപ്പെട്ടു. കുറുമാത്തൂർ കൂനം കുളത്തൂർ ഭാഗത്തേക്ക് കൂടുതൽ ബസ് സർവിസ് അനുവദിക്കണമെന്നും പാമ്പുരുത്തി റോഡിൽ വിദ്യാർഥികളെ ബസിൽ കയറ്റാത്ത വിഷയത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. എല്ലാ പരാതികളും അടിയന്തരമായി പരിഗണിക്കാനും അടുത്ത യോഗത്തിനുമുമ്പ് റിപ്പോർട്ട് നൽകാനും യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ജില്ല പഞ്ചായത്ത് അംഗം തോമസ് വെക്കത്താനം അധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ ഇ.പി. മേഴ്സി, തഹസിൽദാർ പി.കെ. ഭാസ്കരൻ, ടി.സി. പ്രിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം കൊയ്യം ജനാർദനൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story