Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശ്രീകണ്ഠപുരത്ത് വീടിന്...

ശ്രീകണ്ഠപുരത്ത് വീടിന് തീപിടിച്ചു; വൻ നാശനഷ്ടം

text_fields
bookmark_border
ശ്രീകണ്ഠപുരത്ത് വീടിന് തീപിടിച്ചു; വൻ നാശനഷ്ടം
cancel
ശ്രീകണ്ഠപുരം: വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം. ശ്രീകണ്ഠപുരം സി.എച്ച് നഗറിലെ പള്ളിപ്പാത്ത് ഖദീജയുടെ വീട്ടിലാണ് അഗ്നിബാധയുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ച 4.15 ഓടെയാണ് സംഭവം. ഓടിട്ട ഇരുനില വീടിന്റെ അടുക്കളഭാഗത്തുനിന്നാണ് തീപടര്‍ന്നത്. ചുവരും മേൽക്കൂരയും വീട്ടുപകരണങ്ങളും കത്തിനശിച്ചു. അടുക്കള ഭാഗത്തെ കഴുക്കോലും ഓടുകളും കത്തി നിലംപതിച്ച നിലയിലാണ്. ഫ്രിഡ്ജ്, മിക്‌സി, ഗ്യാസ് അടുപ്പ്, പാത്രങ്ങൾ എന്നിവയും നശിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വീട്ടുകാരുടെ പ്രാഥമിക നിഗമനം. അടുപ്പില്‍ നിന്നുള്ള തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നതാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. നാലുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു. ഓടുപൊട്ടി നിലത്തേക്ക് വീഴുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഞെട്ടിയുണര്‍ന്നത്. പൂച്ചയോ മറ്റോ ഓടിയതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, വെളിച്ചവും ചൂടും കാരണം നോക്കിയപ്പോഴാണ് അടുക്കള കത്തിയെരിയുന്നതുകണ്ടത്. ഇതോടെ വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടിരക്ഷ​പ്പെടുകയായിരുന്നു. പ്രായമായ സ്ത്രീയടക്കം വീട്ടില്‍ പത്തുപേരാണുണ്ടായിരുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് അസി. സ്റ്റേഷന്‍ ഓഫിസര്‍ ടി. അജയന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍നിന്ന് അഗ്നിരക്ഷ സേനയും ശ്രീകണ്ഠപുരം പൊലീസും സ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു. അപ്പോഴേക്കും അടുക്കളയുടെ മുകള്‍നിലയിലുള്ള മുറികളിലേക്ക് തീ പടരാന്‍ തുടങ്ങിയിരുന്നു. ഇവിടത്തെ മുറിയുടെ വാതില്‍ ഉൾപ്പെടെ കത്തിനശിച്ചെങ്കിലും സേനാംഗങ്ങള്‍ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞു. അടുക്കള പൂർണമായും കത്തിനശിച്ചുവെങ്കിലും സേന ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതുകാരണം വൻ ദുരന്തമാണ് വഴിമാറിയത്. ഒന്നര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി അണക്കാനായത്. ഫയര്‍ ഓഫിസര്‍മാരായ ടി.വി. രജീഷ്‌ കുമാര്‍, പി. മനോജ്, കെ.കെ. സുധീഷ്, വി.ആര്‍. നന്ദഗോപാല്‍ എന്നിവരും തീയണച്ച സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story