Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:36 AM IST Updated On
date_range 14 Feb 2022 5:36 AM ISTഅണ്ടലൂരിൽ ഇനി ഉത്സവനാളുകൾ
text_fieldsbookmark_border
സ്വന്തം ലേഖകൻ തലശ്ശേരി: വടക്കേമലബാറിലെ പുരാതന കാവുകളിൽ ഒന്നായ അണ്ടലൂർ ശ്രീ ദൈവത്താറീശ്വര സന്നിധിയിൽ ആണ്ടുത്സവത്തിന് ഞായറാഴ്ച തുടക്കമായി. ഒരുഗ്രാമം മുഴുവൻ കഠിന വ്രതം നോറ്റ് ഇഷ്ടദൈവമായ ദൈവത്താറീശ്വരന്‍റെ പടയാളികളാവുന്ന അപൂർവത അണ്ടലൂർ ഉത്സവത്തിന്‍റെ മാത്രം സവിശേഷതയാണ്. മത്സ്യബന്ധനത്തിനും കള്ളുചെത്തിനും പ്രാമുഖ്യമുള്ള ധർമടത്ത് മത്സ്യ മാംസാദികളും മദ്യവും പൂർണമായി ഉപേക്ഷിച്ച് ഏഴുനാൾ വ്രതം നോൽക്കുന്ന ഉത്സവമാണിത്. അവിലും മലരും പഴങ്ങളുമാണ് ഉത്സവനാളുകളിലെ പ്രധാന ഭക്ഷണം. ഇതിനായി ധർമടം, പാലയാട്, മേലൂർ, അണ്ടലൂർ പ്രദേശത്തെ മുഴുവൻ വീടുകളിലും പഴക്കുലകൾ വാങ്ങി സൂക്ഷിക്കാൻ തുടങ്ങി. ലോഡുകണക്കിന് മൈസൂർ കുലകളാണ് പാലയാട്, ചിറക്കുനി ഉൾപ്പെടെയുള്ള ദേശങ്ങളിൽ എത്തിയിട്ടുള്ളത്. വ്രതക്കാർ മാത്രമല്ല, ഉത്സവനാളിൽ ഇവിടുത്തെ ഓരോ വീടുകളിലും ക്ഷണിതാക്കളായെത്തുന്നവർക്ക് പ്രസാദമായി നൽകുന്നതും അവിലും മലരും പഴവുമാണ്. രാമായണം കഥയെ ആസ്പദമാക്കിയുള്ള കെട്ടിയാട്ടങ്ങളാണ് അണ്ടലൂരിലേത്. ശ്രീരാമചന്ദ്രൻ ദൈവത്താറീശ്വരനായും അങ്കക്കാരനെ ലക്ഷ്മണനായും ബപ്പൂരനെ ഹനുമാനായും സങ്കൽപിക്കുകയാണിവിടെ. മേലേക്കാവെന്ന അയോധ്യയിലും താഴെക്കാവെന്ന ലങ്കയിലുമായാണ് ഉത്സവ ചടങ്ങുകൾ നടത്തുന്നത്. മേലേക്കാവിൽ മൂന്ന് ദൈവങ്ങളും തിരുമുടിയണിഞ്ഞ ശേഷം രാമലക്ഷ്മണന്മാർ വായുപുത്രനായ ഹനുമാന്‍റെയും വില്ലാളിവീരന്മാരായ വാനരസേനയുടെയും അകമ്പടിയോടെ ലങ്കയിലേക്ക് പോവുന്നതും അവിടെ ആട്ടമെന്ന ഘോരയുദ്ധം ചെയ്ത് സീതാദേവിയെ വീണ്ടെടുത്ത് തിരികെ എഴുന്നള്ളുന്നതോടെയാണ് ഓരോ ദിവസത്തെയും ഉത്സവം സമാപിക്കുന്നത്. കുംഭം 4,5,6,7 തീയതികളിൽ നടക്കുന്ന പ്രധാന ഉത്സവം എട്ടിന് പുലർച്ചെ തിരുമുടി അറയിൽ തിരിച്ചു വെക്കുന്നതോടെ കൊടിയിറങ്ങും. കോവിഡ് നിയന്ത്രണത്തിന് ഇളവ് അനുവദിച്ച സാഹചര്യത്തിൽ കഴിഞ്ഞ വർഷം മുടങ്ങിയ ഉത്സവം ഇത്തവണ പൂർവാധികം ആഘോഷമാക്കാൻ വിശ്വാസികൾ കർമോത്സുകരായി രംഗത്തുണ്ട്. ------------------------ പടം..... അണ്ടലൂർകാവ് ഉത്സവത്തിന്റെ ഭാഗമായി ചിറക്കുനിയിൽ എത്തിയ വാഴക്കുലകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
