Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:35 AM IST Updated On
date_range 14 Feb 2022 5:35 AM ISTബോംബ് വീണ് തല ചിതറിത്തെറിച്ചു; ദാരുണ കൊലയിലേക്ക് നയിച്ചത് നിസ്സാര തർക്കം
text_fieldsbookmark_border
കണ്ണൂരില്‍ രണ്ടാഴ്ചക്കിടെ രണ്ടാമത്തെ കൊല പടം -ഗിരീഷ് ------ കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ ബോംബ് സ്‌ഫോടനത്തിലേക്കും കൊലയിലേക്കും നയിച്ചത് നിസ്സാര തർക്കവും വാക്കേറ്റവും. തോട്ടടയിലെ വിവാഹവീടിനോട് ചേര്‍ന്നാണ് പട്ടാപ്പകല്‍ ദാരുണ സംഭവമുണ്ടായത്. വിവാഹത്തലേന്ന് പാട്ടുവെക്കുന്നതും നൃത്തം ചെയ്യുന്നതും സംബന്ധിച്ചുണ്ടായ നിസ്സാര തര്‍ക്കമാണ് ഉഗ്രമായ ബോംബ് സ്‌ഫോടനത്തിലും ഒരുയുവാവിന്‍റെ ജീവന്‍ പൊലിയാനും കാരണമായത്. ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണു സുഹൃത്തിന്‍റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് തലേദിവസം തന്നെ കൂട്ടുകാരോടൊപ്പം തോട്ടടയിലെത്തിയത്. തലേദിവസം ഏറെ വൈകിവരെ വിവാഹവീട്ടില്‍ ആഘോഷങ്ങള്‍ നടന്നതായി നാട്ടുകാര്‍ പറയുന്നു. യുവാക്കള്‍ ഡാന്‍സ് ചെയ്യുന്നതിന് പാട്ടുവെക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി. ഇതോടെ തോട്ടടയിലെ യുവാക്കളും ഏച്ചൂരില്‍ നിന്നുമെത്തിയവരും തമ്മില്‍ വെല്ലുവിളി നടന്നു. വിഷയം വീട്ടുകാരും നാട്ടുകാരും ഇടപെട്ട് രമ്യമായി പരിഹരിച്ചെങ്കിലും ഇരുവിഭാഗവും തമ്മിലുള്ള സ്പര്‍ധ മാഞ്ഞിരുന്നില്ല. ഇതിന്‍റെ ഭാഗമായാണ് പിറ്റേന്ന് ദാരുണ സംഭവത്തിന് നാട് സാക്ഷ്യം വഹിച്ചത്. വധൂ ഗൃഹത്തില്‍നിന്ന് ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ ദേശീയപാതയിലെ തോട്ടട സ്‌റ്റോപ്പില്‍ ടെമ്പോ ട്രാവലറിൽ നിന്നിറങ്ങി ബാന്‍ഡുസംഘത്തിന്‍റെ താളമേളങ്ങളോടെ വഴിനീളെ പടക്കം പൊട്ടിച്ചും വര്‍ണക്കടലാസ് ആകാശത്തേക്കു വിതറിയും സഞ്ചരിച്ച വധൂവരന്മാരടങ്ങിയ സംഘത്തിനു നേരെയാണ് ബോംബേറുണ്ടായത്. മുന്‍നിരയില്‍ നിന്നും തിരിഞ്ഞുനോക്കിയ ജിഷ്ണുവിന്‍റെ മുഖത്തുതന്നെ ബോംബ് പതിക്കുകയായിരുന്നു. ഉഗ്രശബ്ദത്തോടെ പൊട്ടിയ ബോംബില്‍ അതുവരെ തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ജിഷ്ണു റോഡരികില്‍ തലച്ചോറ് ചിതറി തല്‍ക്ഷണം മരിക്കുന്നത് ചിതറിയോടുന്നതിനിടയിലും വധൂവരന്മാര്‍ക്കും മറ്റുള്ളവര്‍ക്കും കാണേണ്ടിവന്നു. കണ്ണൂരില്‍ രണ്ടാഴ്ചക്കിടെ ഇതു രണ്ടാമത്തെ കൊലപാതകമാണ് നടക്കുന്നത്. ഈ മാസം ഒന്നിന് പയ്യാമ്പലത്തെ ഹോട്ടല്‍ ഉടമ ജസീര്‍ വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള നിസ്സാര തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു യുവാക്കളാല്‍ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു. ........................................................ പൊലീസ് നോക്കുകുത്തി -മാര്‍ട്ടിന്‍ ജോര്‍ജ് കണ്ണൂര്‍: ക്രിമിനലുകള്‍ ബോംബും കത്തിയുമായി നഗരത്തില്‍ തേര്‍വാഴ്ച നടത്തുമ്പോള്‍ പൊലീസ് സംവിധാനം തീര്‍ത്തും നിഷ്‌ക്രിയമായിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് മാര്‍ട്ടിന്‍ ജോര്‍ജ്. പകല്‍വെളിച്ചത്തിലും ബോംബുകളുമായി ക്രിമിനലുകള്‍ക്ക് തേര്‍വാഴ്ച നടത്താന്‍ സാധിക്കുന്നുവെന്നത് നിസ്സാര കാര്യമല്ല. ആഴ്ചകള്‍ക്കു മുമ്പാണ് പയ്യാമ്പലത്തെ ഹോട്ടലുടമയായ യുവാവിനെ നിസ്സാര വാക്കുതര്‍ക്കത്തില്‍ കുത്തിക്കൊലപ്പെടുത്തിയത്. കൊല നടന്നിട്ടും വൈകിയെത്തിയ പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികളും നീണ്ടു. സംഭവത്തിൽ കുറ്റക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നും ബോംബ് നിർമാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കൂടി കണ്ടെത്തണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ........................................................ കണ്ണൂരില്‍ ക്രിമിനലുകൾ പിടിമുറുക്കുന്നു -ലീഗ് കണ്ണൂര്‍: കണ്ണൂരിൽ ക്രിമിനലുകളും മയക്കുമരുന്ന് മാഫിയയും പിടിമുറുക്കുകയാണെന്നും മനുഷ്യജീവന് മൃഗത്തിന്‍റെ വില പോലുമില്ലാത്ത അവസ്ഥയാണെന്നും മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി. ബോംബും കത്തിയുമായി ഗുണ്ടകളും മറ്റും നഗരത്തിലും പരിസര പ്രദേശങ്ങളിലും വിലസുകയാണ്. ഇത് തടയേണ്ട പൊലീസ് തീര്‍ത്തും നിഷ്‌ക്രിയരാണ്. കൊല നടന്നിട്ടും പൊലീസെത്താൻ വൈകിയെന്നാണ് നാട്ടുകാർ പറയുന്നത്. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ഇവർക്ക് ബോംബ് നൽകിയവരെ കണ്ടെത്തണമെന്നും അബ്ദുൽകരീം ചേലേരി പറഞ്ഞു. ........................................................ മുഖ്യമന്ത്രിയുടെ നാട്ടിൽ ക്രമസമാധാനം തകർന്നു -യൂത്ത് കോൺഗ്രസ് കണ്ണൂർ: ജില്ലയിൽ മയക്കുമരുന്ന് മാഫിയയും രാഷ്ട്രീയ, ഗുണ്ട, ക്വട്ടേഷൻ സംഘം ക്രിമിനലുകളും പിടിമുറുക്കുകയാണെന്നും സ്വന്തം നാട്ടിൽ പോലും ക്രമസമാധാനം സംരക്ഷിക്കാൻ കഴിയാത്ത മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജെയിംസ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. ക്രമസമാധാനം ഇതുപോലെ തകർന്ന ഒരു കാലഘട്ടം കണ്ണൂരിൽ ഉണ്ടായിട്ടില്ലെന്നും സുധീപ് ജെയിംസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story