Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:34 AM IST Updated On
date_range 14 Feb 2022 5:34 AM ISTഅമ്പായത്തോട് -കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത: വികസന പ്രതീക്ഷയിൽ മലയോരം
text_fieldsbookmark_border
പേരാവൂർ മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലൂടെയാണ് പാത കടന്നുപോകുന്നത് കേളകം: നിർദിഷ്ട അമ്പായത്തോട് -കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയുടെ അലൈൻമെന്റ് ജനപ്രതിനിധികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതോടെ പദ്ധതി നടപ്പാകുമ്പോഴുണ്ടാകുന്ന വികസനം സ്വപ്നം കണ്ട് മലയോര നിവാസികൾ. നാലുവരിപ്പാത പോകുന്ന അമ്പായത്തോട് മുതൽ തോലമ്പ്രവരെയുള്ള റോഡിന്റെ വിശദസർവേ മാപ്പാണ് കേരള റോഡ് ഫണ്ട് ബോർഡ് ജില്ല ഡിവിഷൻ അധികൃതർ പ്രദർശിപ്പിച്ചത്. പേരാവൂർ മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലൂടെയാണ് പാത കടന്നുപോകുന്നത്. കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോടുനിന്ന് കേളകം വില്ലേജ് ഓഫിസ് വരെ നിലവിലെ റോഡ് വീതി കൂട്ടിയാണ് പാത നിർമിക്കുക. ഇതിനിടയിൽ വരുന്ന നീണ്ടുനോക്കി, ചുങ്കക്കുന്ന് ടൗണുകളിൽ കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ പൊളിക്കാതിരിക്കാൻ റോഡിന്റെ ഏതെങ്കിലുമൊരു വശം മാത്രം വീതികൂട്ടി പാത നിർമിക്കണമെന്ന് ജനപ്രതിനിധികൾ നിർദേശിച്ചു. ഇത് നടപ്പിൽവരുത്താനാണ് സാധ്യത. കേളകം വില്ലേജ് ഓഫിസിനു 60 മീറ്റർ മുന്നിൽനിന്ന് വലത് ഭാഗത്തേക്ക് മാറി നിർമിക്കുന്ന ബൈപാസ് റോഡ് മഞ്ഞളാംപുറം സ്‌കൂളിനു സമീപത്തെത്തി നിലവിലെ റോഡിൽ സംഗമിക്കും. അടക്കാത്തോട് റോഡ് ക്രോസ് ചെയ്ത് ഹൈസ്‌കൂൾ റോഡിലെ ബി.എസ്.എൻ.എൽ ഓഫിസ് വളപ്പിന് 40 മീറ്റർ വലത് വശത്തേക്ക് മാറിയാണ് മഞ്ഞളാംപുറം സ്‌കൂളിനു സമീപമെത്തുക. കേളകം ടൗണിൽനിന്ന് ഹൈസ്‌കൂൾ, അടക്കാത്തോട്, വെള്ളൂന്നി (രണ്ട്), ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള അഞ്ചോളം സർവിസ് റോഡുകൾ അതേപടി നിലനിർത്തേണ്ടതിനാലാണ് കേളകത്ത് ബൈപാസ് നിർമിക്കുന്നത്. കേളകം ടൗൺ വഴി നാലുവരിപ്പാത നിർമിക്കുമ്പോൾ ടൗണിലെ റോഡ് നാല് മീറ്ററോളം താഴ്‌ത്തേണ്ടി വരും. ഇത് സർവിസ് റോഡുകൾക്ക് ദുരിതമാവുമെന്നതിനാലാണ് ടൗൺ ഒഴിവാക്കി ബൈപാസ് നിർമിക്കുന്നത്. മഞ്ഞളാംപുറത്തുനിന്ന് നിലവിലെ റോഡ് വീതികൂട്ടി കണിച്ചാർ രണ്ടാംപാലത്തിനടുത്തെത്തും. ഇതിനിടയിലുള്ള വളവുകൾ നിവർത്തിയാണ് പാത വരിക. രണ്ടാം പാലത്തിനടുത്ത കൊടുംവളവ് നിവർത്തി പുതിയ പാലം നിർമിച്ചാണ് കണിച്ചാർ ടൗണിലേക്ക് പാതയെത്തുക. ടൗണിൽ ഇടതുഭാഗം വീതികൂട്ടി കടന്നുപോകുന്ന പാത മണത്തണ ടൗൺവരെ നിലവിലെ റോഡ് വീതികൂട്ടിയാണ് നിർമിക്കുക. മണത്തണ ടൗണിലേക്കെത്തുമ്പോൾ റോഡിന്റെ ഇടതുഭാഗത്ത് വീതികൂട്ടിയാണ് ടൗൺ ക്രോസ് ചെയ്ത് തൊണ്ടിയിൽ -പേരാവൂർ കവലയിലെത്തുക. ഇവിടെ നിന്ന് നിലവിലെ റോഡ് ഒരു മീറ്റർ ഉയർത്തി കൊട്ടംചുരത്തെത്തും. കൊട്ടംചുരം ബസ് സ്റ്റോപ് കഴിഞ്ഞയുടനെയുള്ള ആദ്യ വളവിൽ നിന്ന് പുതിയ അപ്രോച്ച് നിർമിച്ച് കാഞ്ഞിരപ്പുഴക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലം വഴി പുതുശ്ശേരി റോഡിൽ അബു ഖാലിദ് മസ്ജിദിനു മുൻവശം എത്തും. അവിടെനിന്ന് റോഡ് ക്രോസ് ചെയ്ത് വയൽ വഴി പേരാവൂർ -ഇരിട്ടി റോഡിലെ കെ.കെ. പെട്രോൾ പമ്പിന് സമീപമെത്തും. നാലുവരിപ്പാതയിൽ റോഡുകൾ ക്രോസ് ചെയ്യുന്നിടത്ത് സർക്കിളുകൾ സ്ഥാപിക്കും. അമ്പായത്തോട് മുതൽ തോലമ്പ്ര വരെ നിലവിൽ 27 കിലോമീറ്റർ ദൈർഘ്യമാണ് റോഡിനുള്ളത്. എന്നാൽ മൂന്ന് ബൈപാസുകൾ നിർമിച്ച് നാലുവരിപ്പാതയാകുന്നതോടെ 1.3 കിലോമീറ്റർ മാത്രം കുറഞ്ഞ് പാത 25.7 കിലോമീറ്ററാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story