Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാട്ടാനക്കലി തടയും:...

കാട്ടാനക്കലി തടയും: കർണാടക അതിർത്തിയിൽ തൂക്കുവേലി നിർമാണം മാർച്ച് ആദ്യം

text_fields
bookmark_border
കാട്ടാനക്കലി തടയും: കർണാടക അതിർത്തിയിൽ  തൂക്കുവേലി നിർമാണം മാർച്ച് ആദ്യം
cancel
പി. മനൂപ് 16 കി.മീ അതിർത്തി വനമേഖലയിൽ 55 ലക്ഷം ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത് ശ്രീകണ്ഠപുരം: അതിർത്തി മലയോര ഗ്രാമങ്ങളിലെ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ വൈദ്യുതി തൂക്കുവേലിയൊരുങ്ങുന്നു. അടുത്ത മാസം ആദ്യവാരം പണി തുടങ്ങും. പയ്യാവൂര്‍ പഞ്ചായത്തിന്റെ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ തൂക്കുവേലികൾ (തൂങ്ങി നില്‍ക്കുന്ന സൗരോർജ വേലികള്‍) സ്ഥാപിക്കാന്‍ ധാരണയായത്. ആടാംപാറ മുതൽ കാഞ്ഞിരക്കൊല്ലി വരെ കർണാടകയുമായി അതിർത്തി പങ്കിടുന്ന 16 കി.മീ ഭാഗത്താണ് 55 ലക്ഷം രൂപ ചെലവിൽ സൗരോർജ തൂക്കുവേലികൾ നിർമിക്കുന്നത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ തുക വനംവകുപ്പി​ന്‍റെ അക്കൗണ്ടിലേക്ക് കൈമാറിയതായും അതിവേഗം വേലിയൊരുക്കുമെന്നും പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ സാജു സേവ്യർ 'മാധ്യമ'ത്തോട് പറഞ്ഞു. സർക്കാർ അംഗീകൃത ഏജൻസിയായ കേരള സ്‌റ്റേറ്റ് പൊലീസ് ഹൗസിങ്​ കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണച്ചുമതല. അടുത്തയാഴ്ച പയ്യാവൂർ പഞ്ചായത്തും വനംവകുപ്പും നിർമാണ ഏജൻസിയുമായി കരാർ ഒപ്പിടും. മാർച്ച് ആദ്യം പണി തുടങ്ങി അവസാനത്തോടെ വേലി പൂർത്തിയാക്കും. കഴിഞ്ഞ ഡിസംബറിൽ തന്നെ വനമേഖലയിൽ വേലി സ്ഥാപിക്കുന്നതിനായി മൂന്നുമീറ്റർ വീതിയിൽ ജനകീയ പങ്കാളിത്തത്തോടെ കാടുവെട്ടിത്തെളിച്ചിരുന്നു. പയ്യാവൂർ പഞ്ചായത്ത് 25 ലക്ഷം, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം, ജില്ല പഞ്ചായത്ത് 25 ലക്ഷം എന്നിങ്ങനെയാണ് 55 ലക്ഷം പദ്ധതിക്കായി മുടക്കുന്നത്. പഞ്ചായത്ത് ഫണ്ട് സമഗ്ര ആനവേലി നിർമാണത്തിന് അപര്യാപ്തമാണ് എന്നതിനാൽ ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായം തേടുകയായിരുന്നു. പയ്യാവൂരിൽ പരീക്ഷണാർഥം നടത്തുന്ന പദ്ധതി പൂർണ വിജയമായാൽ ജില്ലയിൽ കാട്ടാനയിറങ്ങുന്ന പ്രദേശങ്ങളിലെല്ലാം ഈ സംവിധാനം ഒരുക്കാനാണ് അധികൃതരുടെ തീരുമാനം. സംസ്ഥാനത്ത ആദ്യത്തെ തൂക്കുവേലിയാണ് പയ്യാവൂരിലെ അതിർത്തി വനമേഖലയിൽ ഒരുക്കുന്നത്. കഴിഞ്ഞ സർക്കാറി​ന്‍റെ കാലത്ത് വനം മന്ത്രി കെ. രാജു ശ്രീകണ്ഠപുരം മേഖലയിൽ ഏഴ് കിലോമീറ്റർ തൂക്കുവേലി നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. അതിനിടെയാണ് പയ്യാവൂർ പഞ്ചായത്ത് നേരിട്ട് പദ്ധതി നടപ്പാക്കുന്നത്. നേരത്തെ ആടാംപാറയിൽ നിന്ന് കാഞ്ഞിരക്കൊല്ലിയിലേക്ക് ആറ് കി.മീ നീളത്തിൽ സൗരോർജ വേലി നിർമിച്ചിരുന്നെങ്കിലും കാട്ടാന ശല്യം പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞിരുന്നില്ല. ഏറെ കാലങ്ങളായി കാഞ്ഞിരക്കൊല്ലി, വഞ്ചിയം, ആടാംപാറ, അരീക്കമല, ശാന്തിനഗർ, ചന്ദനക്കാംപാറ, നറുക്കും ചീത്ത, ഷിമോഗ, ചിറ്റാരി, ഏലപ്പാറ, ചീത്തപാറ തുടങ്ങിയ മേഖലയിലുള്ളവർ കാട്ടാനശല്യം മൂലം പൊറുതിമുട്ടുകയായിരുന്നു. കൃഷിയിടങ്ങൾ കാട്ടാനക്കൂട്ടം നശിപ്പിക്കുന്നതും ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നതും പതിവാണ്. കർഷകർ രാപകൽ ഉറക്കമൊഴിഞ്ഞ് ജീവൻ പണയപ്പെടുത്തി കാവലിരുന്നിട്ടും ഫലമുണ്ടാകാറില്ല. മാസങ്ങൾക്ക് മുമ്പ് നറുക്കും ചീത്തയിലെ വെട്ടുകാട്ടിൽ സജ‍ന്‍റെ വീട്ടുപറമ്പിലെത്തി വിള നശിപ്പിച്ച ആനക്കൂട്ടത്തിലെ പിടിയാന ചെരിഞ്ഞിരുന്നു. കുന്നിറങ്ങി വന്ന ആന വൈദ്യുതി തൂണിലിടിച്ച് ലൈനടക്കം നിലംപതിച്ചപ്പോൾ തുമ്പിക്കൈയിൽ ഷോക്കേറ്റ് മരിക്കുകയായിരുന്നു. കഴിഞ്ഞ വർഷവും ഇതേ പ്രദേശത്ത് വീട്ടുപരിസരത്തെ കുഴിയിൽ വീണ ആന വനപാലകർ രക്ഷിച്ച് മുത്തങ്ങയിലേക്ക് ചികിത്സക്ക് കൊണ്ടുപോകവെ ലോറിയിൽവെച്ച് ചെരിഞ്ഞത് ഏറെ വിവാദവുമായിരുന്നു. അധികൃതരുടെ കെടുകാര്യസ്ഥതയാണ് അന്ന് ആനയുടെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന ആരോപണവും ഉയർന്നു. എന്നിട്ടും വനം വകുപ്പ് കാട്ടാനശല്യത്തിന് പരിഹാരം കണ്ടിരുന്നില്ല. കാട്ടാനശല്യം കൂടാതെ കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി എന്നിവയുടെ ശല്യവും രൂക്ഷമാണ്. കാട്ടുപന്നികളും കൂട്ടമായി ഇറങ്ങുന്ന കുരങ്ങുകളും ഭക്ഷ്യവിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്​. ആനക്കൂട്ടത്തെയും മറ്റ് മൃഗങ്ങ​ളെയും ഭയന്നാണ് കുട്ടികളും പ്രായമായവരും കഴിയുന്നത്. നിരവധി കർഷകർ കിട്ടിയ വിലയ്ക്ക് സ്ഥലം വിറ്റ് ഇതിനകം കുടിയിറങ്ങിയിട്ടുമുണ്ട്. എല്ലാ മേഖലയിലും സുരക്ഷവേലികൾ ഒരുക്കി വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മാസങ്ങളോളം മണ്ണിൽ വിയർപ്പൊഴുക്കി വിളയിച്ചെടുത്തതെല്ലാം കാട്ടാനക്കൂട്ടവും മറ്റും നശിപ്പിക്കുമ്പോൾ കണ്ണീരൊഴുക്കി കഴിയുകയാണ് മലമടക്കുകളിലെ കർഷകർ. കൃഷിയിടം കഴിഞ്ഞ് വീട്ടുമുറ്റത്തു കൂടി ആനക്കൂട്ടമെത്തിയതോടെയാണ് ജനങ്ങളുടെ സങ്കടം വർധിച്ചത്. ജീവൻ പണയപ്പെടുത്തിയാണ് പല കർഷകരും പുലർച്ചെ റബർ ടാപ്പിങ്ങിനും മറ്റ് പണികൾക്കുമായി ഈ മേഖലയിൽ പുറത്തിറങ്ങുന്നത്. തൊട്ടു മുന്നിലെത്തിയാൽ മാത്രമാണ് പലപ്പോഴും ആനയെ കാണുന്നതെന്നും ഭയന്നോടുമ്പോൾ വീണ് പരിക്കേൽക്കുന്നത് പതിവാണെന്നും കർഷകർ പറയുന്നു. ആന പിന്തുടർന്ന് ഓടിച്ചില്ലെങ്കിൽ കാട്ടുപന്നികളുടെ കുത്തേൽക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ വർഷം പേരട്ട പെരിങ്കരിയിൽ രാവിലെ പള്ളിയിൽ പോകുന്നതിനിടെ ദമ്പതികളെ കാട്ടാന ആക്രമിച്ചതും ഗൃഹനാഥൻ മരിച്ചതും ആറളം മേഖലയിൽ കഴിഞ്ഞയാഴ്ച ചെത്തുതൊഴിലാളിയെ ആന ചവിട്ടിക്കൊന്നതും മലയോരത്തെ ജനങ്ങൾ ഏറെ ഭീതിയോടെയാണ് ഓർക്കുന്നത്. ആറളത്ത് കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ 11 പേരുടെ ജീവനുകൾ ആനക്കലിയിൽ നഷ്ടപ്പെട്ടിരുന്നു. ആനക്കൂട്ടത്തി​ന്‍റെ ഓടിച്ചുള്ള ആക്രമണം വ്യാപകമായതായി തെളിഞ്ഞിട്ടും കർശന നടപടികളൊന്നും ഇതുവരെ എവിടെയും സ്വീകരിച്ചിട്ടില്ല. അതിനിടെയാണ് കർണാടക അതിർത്തിയോട് ചേർന്ന പയ്യാവൂരിലെ സ്ഥലങ്ങളിൽ തൂക്കുവേലി സ്ഥാപിക്കാനൊരുങ്ങുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story