Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 12:06 AM GMT Updated On
date_range 9 Feb 2022 12:06 AM GMTവികസനത്തിന് കാതോർത്ത് തലശ്ശേരി ആസാദ് ലൈബ്രറി
text_fieldsഎൻ. സിറാജുദ്ദീൻ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കണമെന്ന് ആവശ്യം തലശ്ശേരി: നഗരത്തിലെ വായന പ്രേമികളുടെ ആശ്രയമായ ഗുണ്ടർട്ട് റോഡിലെ ആസാദ് ലൈബ്രറി അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നു. 120 വർഷം പഴക്കമുള്ളതാണ്, തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള ഈ വായനശാല. പുരാതനമായ തലശ്ശേരി കോട്ടക്ക് മുന്നിൽ ദേശീയപാതയോട് ചേർന്നുകിടക്കുന്ന ഈ സ്ഥാപനം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കണമെന്ന ആവശ്യം ശക്തമായി. ആസാദ് ലൈബ്രറി 1901ലാണ് സ്ഥാപിതമായത്. കേരളത്തിലെ ആദ്യകാല ലൈബ്രറികളിലൊന്നാണിത്. ബ്രിട്ടീഷ് ഭരണാധികാരികൾ വിക്ടോറിയ രാജ്ഞിയുടെ പേരിൽ ആരംഭിച്ച ലൈബ്രറി സ്വാതന്ത്ര്യാനന്തരം അബുൽകലാം ആസാദിന്റെ പേരിൽ ആലേഖനം ചെയ്യപ്പെടുകയായിരുന്നു. തലശ്ശേരിയുടെ സാംസ്കാരിക പെരുമക്കും പ്രബുദ്ധതക്കും വലിയ സംഭാവന നൽകിയ ആസാദ് ലൈബ്രറി കാലോചിതമായി വികസിപ്പിച്ചെടുക്കാൻ നൂറ്റാണ്ട് പിന്നിട്ടിട്ടും സാധ്യമായിട്ടില്ല. മുപ്പതിനായിരത്തിൽ പരം ഗ്രന്ഥങ്ങളുടെ ശേഖരമുണ്ടിവിടെ. റഫറൻസ് ഗ്രന്ഥങ്ങൾ വേറെയും. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ പഴയ വാള്യങ്ങൾ ഉൾപ്പെടെയുള്ള അമൂല്യ ശേഖരമാണിവിടെ വായനക്കാർക്കും ഗവേഷകർക്കുമായി സൂക്ഷിച്ചിട്ടുള്ളത്. സ്ഥിരമായി എത്തുന്ന വായനക്കാർക്കായി ദിനപത്രങ്ങളും ആനുകാലികങ്ങളുമുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെയും സാമൂഹിക പരിഷ്കരണ മുന്നേറ്റങ്ങളുടെയും മുൻനിര നേതാക്കൾ ഈ ഗ്രന്ഥാലയത്തിന്റെ നിത്യസന്ദർശകരായിരുന്നു. പി. കൃഷ്ണപിള്ള, എ.കെ.ജി, സി.എച്ച്. കണാരൻ, നഗരസഭ മുൻ ചെയർമാന്മാരായ കൊറ്റ്യത്ത് കൃഷ്ണൻ, ആർ. മുകുന്ദ മല്ലർ, സി.കെ.പി. മമ്മുക്കേയി, എൻ.ഇ. ബൽറാം ഉൾപ്പെടെയുള്ളവർ ആസാദ് ലൈബ്രറിയുടെ ദൈനംദിന സന്ദർശകരും വായനക്കാരുമായിരുന്നു. സാഹിത്യകാരന്മാരായ ഒ. ചന്തുമേനോൻ, വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, സഞ്ജയൻ, മൂർക്കോത്ത് കുമാരൻ, മൂർക്കോത്ത് രാമുണ്ണി തുടങ്ങിയവരും ആസാദ് ലൈബ്രറിയുടെ തണലിൽ വളർന്നവരാണ്. മഹത്തായ പൈതൃക പ്രാധാന്യ സമൃദ്ധമായ തലശ്ശേരി ആസാദ് ലൈബ്രറിക്ക്, താലൂക്ക് ലൈബ്രറി എന്ന സവിശേഷത ലഭിച്ചെങ്കിലും ഇതുവരെ പൈതൃക സംരക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ക്രിക്കറ്റ്, കേക്ക്, സർക്കസ് എന്നിവയുടെ ഈറ്റില്ലമായ തലശ്ശേരിയിൽ മഹത്തായ വായന പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് ഇടമായ ആസാദ് ലൈബ്രറിയും പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. -------------------------------------------- വികസനം അനിവാര്യം തലശ്ശേരി ആസാദ് ലൈബ്രറിയെ പൈതൃക സംരക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി കാലോചിതമായ വികസനവും സംരക്ഷണവും ഉറപ്പാക്കാൻ സത്വര ഇടപെടൽ വേണം. തലശ്ശേരി എം.എൽ.എ എ.എൻ ഷംസീർ ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ഇടപെടുമെന്ന് പ്രത്യാശിക്കാം. *കെ.കെ. മാരാർ ആസാദ് ലൈബ്രറി ഉപദേശക സമിതി ചെയർമാൻ *പവിത്രൻ മൊകേരി ആസാദ് ലൈബ്രറി ഉപദേശക സമിതി കൺവീനർ ------------------------------------------- പടം.... തലശ്ശേരി ആസാദ് ലൈബ്രറി
Next Story