Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനധികൃത വളം വിൽപന:...

അനധികൃത വളം വിൽപന: വടിയെടുത്ത്​ കൃഷിവകുപ്പ്​

text_fields
bookmark_border
രാസവളങ്ങൾക്കുപുറമെ പാക്കുചെയ്ത ജൈവവളങ്ങൾ വിൽപന നടത്തുന്നതിനും ലൈസൻസ് ആവശ്യമാണ് കണ്ണൂർ: ജില്ലയിൽ വർധിച്ചുവരുന്ന അനധികൃത വളം വിൽപനക്കെതിരെ നടപടിയുമായി കൃഷിവകുപ്പ്​. ജില്ലയിൽ കൃഷിവകുപ്പിന്‍റെ ലൈസൻസില്ലാതെ സ്വകാര്യ വ്യക്തികൾ, സ്വാശ്രയ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, നഴ്‌സറികൾ തുടങ്ങിയവയുടെ വളം വിൽപന പൊടിപൊടിക്കുകയാണ്​. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസ് മാത്രം ഉപയോഗിച്ചാണ്​ ഇവർ വളം വിൽക്കുന്നത്​. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. വളം വിൽപന നടത്തുന്നതിനുള്ള ലൈസൻസ് കൃഷി വകുപ്പാണ് അനുവദിക്കുന്നത്. രാസവളങ്ങൾക്കുപുറമെ പാക്കുചെയ്ത ജൈവവളങ്ങൾ വിൽപന നടത്തുന്നതിനും ലൈസൻസ് ആവശ്യമാണ്. കൃഷിവകുപ്പിന്‍റെ ലൈസൻസില്ലാതെ വിൽപന നടത്തുന്നത് ഫെർട്ടിലൈസർ കൺട്രോൾ ചട്ടത്തിന്‍റെയും തുടർന്നുള്ള ഭേദഗതികളുടെയും ലംഘനമാണ്. അതുകൊണ്ടുതന്നെ ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കാം. സബ്‌സിഡിയുള്ള രാസവള വിൽപന സുതാര്യമാക്കാനും ജൈവവളങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും വേണ്ടിയാണ് എഫ്‌.സി.ഒ വിഭാവനം ചെയ്തിരിക്കുന്നത്. അംഗീകൃത വളം ഡിപ്പോകളിൽ നിന്ന് വളം വാങ്ങുന്ന കർഷകർക്കുമാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും നൽകുന്ന സഹായത്തിന് അർഹത ഉണ്ടാകൂ. അനധികൃത വളം വിൽപന കേന്ദ്രങ്ങൾ ശ്രദ്ധയിൽപെട്ടാലോ പി.ഒ.എസ് മെഷീനിൽനിന്ന്​ ലഭിക്കുന്ന ബിൽ തരാൻ വിസമ്മതിക്കുകയോ ചെയ്താൽ ഫെർട്ടിലൈസർ ഇൻസ്‌പെക്ടർമാരായ കൃഷി ഓഫിസർമാർക്കോ കൃഷി അസി. ഡയറക്ടർ ഓഫിസിലോ പ്രിൻസിപ്പൽ കൃഷി ഓഫിസിലോ വിവരം നൽകണം. കേന്ദ്ര സർക്കാറിന്‍റെ നിർദേശ പ്രകാരം രാസവളത്തിന്റെയും രാസവള കോംപ്ലക്‌സ് വളങ്ങളുടെയും വിൽപന പി.ഒ.എസ് മെഷീൻ വഴി മാത്രമാണ് നടത്തുന്നത്. മിക്‌സ്​ചർ വളങ്ങൾക്കും ജൈവവളങ്ങൾക്കും ഇതു ബാധകമല്ല. ഉപഭോക്താക്കൾ വിരലടയാളം/ആധാർ നമ്പർ ഉപയോഗിച്ച് ഇടപാട് നടത്തുന്നതിനൊപ്പം മെഷീനിൽനിന്നും ലഭിക്കുന്ന ബിൽ ചോദിച്ചുവാങ്ങേണ്ടതുമാണ്. ആധാർ വിവരങ്ങൾ ദുരുപയോഗപ്പെടുത്തുന്നത് തടയാൻ കർഷകർ ആധാർ വിവരങ്ങൾ ഡീലർമാരുമായി പങ്കുവെക്കരുതെന്ന്​ കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Show Full Article
TAGS:
Next Story