Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 12:13 AM GMT Updated On
date_range 3 Feb 2022 12:13 AM GMTചിത്രത്തിൽ മേഘമില്ലാത്ത ആകാശം; ശിൽപത്തിൽ കൈകാലുകളില്ലാത്ത മനുഷ്യൻ..
text_fieldsരാഘവൻ കടന്നപ്പള്ളി പയ്യന്നൂർ: കൈകാലുകളില്ലാത്ത മനുഷ്യൻ മറ്റു മനുഷ്യർക്ക് താൽപര്യമില്ലാത്ത കാഴ്ചയാണ്. എന്നാൽ, അത് ഒറ്റപ്പെടുത്തലിന്‍റേതല്ല, സ്നേഹസാന്ത്വനത്തിന്റെ നേർക്കാഴ്ചയാണെന്ന സന്ദേശവുമായി നിരവധി ശിൽപങ്ങൾ. മേഘമൊഴിഞ്ഞ ചക്രവാളം വസുധയുടെ മരണകാലത്തിന്റെ അടയാളപ്പെടുത്തലാണെന്ന ഓർമപ്പെടുത്തലുമായി നൊമ്പരചിത്രങ്ങളും. ഇതൊരു 16കാരിയുടെ സർഗസഞ്ചാരത്തിന്റെ കാഴ്ചയാവുമ്പോൾ ആ ദൃശ്യചാരുത കാലത്തിന്‍റെ കണ്ണാടി മാത്രമല്ല, പ്രായത്തിൽ കവിഞ്ഞ കൈയൊതുക്കത്തിന്‍റെ പ്രതീകം കൂടിയാവുകയാണ്. ചീമേനി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി അപർണ വിജയന്‍റെ സർഗയാത്രയാണ് തികഞ്ഞ പക്വതയോടെ, യാഥാർഥ്യത്തോടെ കാലത്തെ അടയാളപ്പെടുത്തുന്നത്. അപർണയുടെ 20ഓളം ശിൽപങ്ങളുടെയും എട്ടോളം ചിത്രങ്ങളുടെയും പ്രദർശനം കേരള ലളിതകല അക്കാദമി പയ്യന്നൂർ ആർട്ട് ഗാലറിയിൽ ആകുലതയുടെ കാഴ്ചയൊരുക്കി ആസ്വാദകരെ ആകർഷിക്കുന്നു. മണ്ണിൽ മനോഹരമായാണ് ഈ വിദ്യാർഥിനി ശിൽപരചന നടത്തുന്നത്. കൈകാലുകൾ നഷ്ടപ്പെട്ട മനുഷ്യൻ, സ്വപ്നകുമാരി, ലഹരിക്കുള്ളിലെ വിദ്യാർഥി, പൈതൽ, നർത്തകി, കന്യക, ആഫ്രിക്കൻ സുന്ദരി, വൃദ്ധവേദന, കാലത്തെ കാണുമ്പോൾ, മനനവിദ്യാർഥി തുടങ്ങി കെട്ടകാലത്തിന്റെ ഓർമപ്പെടുത്തലിനിടയിൽ തന്നെ ഗാന്ധിയും ബുദ്ധനുമൊക്കെ ഈ കലാകാരിയുടെ കരസ്പർശം കൊണ്ട് കിടിലം കാഴ്ചാനുഭവം. ഒപ്പം മഴമേഘമില്ലാത്ത ആകാശക്കാഴ്ചകളും മനോഹരം. ഒരേസമയം രണ്ട് കലകളും അനായാസമായി വഴങ്ങുമെന്ന് തെളിയിച്ച പ്രദർശനം എം. വിജിൻ എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. കേരള സാംസ്കാരിക ചക്രവാളത്തിലെ വിദ്യാർഥിയാണ് ഈ മിടുക്കി. തൃക്കരിപ്പൂർ രവീന്ദ്രനാണ് ഗുരു. ടാലൻറ് റിസർച് അവാർഡ് സ്കോളർഷിപ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച അപർണ വിജയൻ ലളിതകല അക്കാദമിയുടെ കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ ഉൾപ്പെടെ നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ചിത്ര, ശിൽപ കലകളിൽ വേറിട്ട കഴിവ് പ്രകടിപ്പിക്കുന്ന അപർണ പഠനത്തോടൊപ്പം കലാരംഗത്ത് സജീവമാകാൻ തന്നെയാണ് ലക്ഷ്യമിടുന്നത്. ചീമേനി ചെമ്പ്രകാനത്തെ വിജയൻ-ശ്രീവിദ്യ ദമ്പതികളുടെ മകളാണ്. സഹോദരി: ആദിത്യ.
Next Story