Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 12:07 AM GMT Updated On
date_range 2 Feb 2022 12:07 AM GMTമാട്ടൂൽ സൗത്ത്: മണലെടുപ്പ് മേഖലയിൽ പൊലീസ് പരിശോധന ശക്തമാക്കി
text_fieldsപഴയങ്ങാടി: മാട്ടൂൽ സൗത്തിലെ തീരദേശത്ത് നിന്നുള്ള മണലെടുപ്പ് തടയുന്നതിന് മേഖലയിൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്തി. അന്തർ സംസ്ഥാന തൊഴിലാളികളെയും നാട്ടിലെ സ്ത്രീ തൊഴിലാളികളെയും ഉപയോഗിച്ച് മണലെടുത്തു തലച്ചുമടായി കടൽഭിത്തിക്ക് പുറത്തെത്തിച്ച് ലോറിയിൽ കയറ്റുകയാണ് മണലെടുപ്പ് രീതി. ഇതേക്കുറിച്ച് 'മാധ്യമം' തിങ്കളാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പത്തും പതിനഞ്ചും തൊഴിലാളികളെ ഉപയോഗിച്ച് മണലെടുക്കുന്ന മാട്ടൂൽ സൗത്ത് കടൽതീരം ജില്ലയിലെ തന്നെ വലിയ മണൽക്കടത്തു കേന്ദ്രമായി മാറി. നിരവധി പേർ മണൽക്കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലരും പൊലീസ് നിരീക്ഷണത്തിലാണ്. മാട്ടൂലിലെ കടൽതീരത്ത് വിൽപനക്കായി കൂട്ടിയിട്ട മണൽക്കൂനകൾ പൊലീസ് നിരത്തി. അതിരാവിലെയാണ് കൂടുതലായി ലോറികളിൽ മണൽ കയറ്റി വിൽപനക്കെത്തിക്കുന്നതെന്നതിനാൽ പുലർകാല പട്രോളിങ് കർശനമാക്കി. ലോറികൾക്ക് എസ്കോർട്ടായി പോകുന്ന ബൈക്കുയാത്രക്കാരെക്കുറിച്ചും പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മണൽക്കടത്ത് ലോറികൾ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതിലുള്ള പ്രധാന പങ്ക് എസ്കോർട്ട് ബൈക്കുകൾക്കാണ്. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മണൽ കടത്തുന്നതിന് എസ്കോർട്ട് വാഹനങ്ങളാണ് മണൽ ലോറികൾക്ക് സുഗമമായ വഴിയൊരുക്കുന്നത്. സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തെത്തിയാലാണ് നിശ്ചിത തുക ഇവർക്ക് വേതനമായി ലഭിക്കുന്നത്. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Next Story