Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒടുവള്ളി-കുടിയാന്മല...

ഒടുവള്ളി-കുടിയാന്മല റോഡ്: അധികൃതരെ പരിഹസിച്ച് നാട്ടുകാരുടെ ബോർഡ്

text_fields
bookmark_border
ഒടുവള്ളി-കുടിയാന്മല റോഡ്: അധികൃതരെ പരിഹസിച്ച് നാട്ടുകാരുടെ ബോർഡ്
cancel
ശ്രീകണ്ഠപുരം: പണിതുടങ്ങി അഞ്ചു വർഷമായിട്ടും പൂർത്തിയാവാത്ത ഒടുവള്ളി-കുടിയാന്മല റോഡിന്റെ ശോച്യാവസ്ഥ തുറന്നുകാട്ടി അധികൃതരെ കളിയാക്കി നാട്ടുകാരുടെ പ്രതിഷേധ ബോർഡ്. 'റോഡുപണി നല്ല രീതിയിൽ പൂർത്തിയാക്കിയ കരാറുകാർക്കും മേൽനോട്ടം വഹിച്ച എൻജിനീയർമാർക്കും നാട്ടുകാരുടെ അഭിനന്ദനങ്ങൾ' എന്നെഴുതിയ ബോർഡാണ് പുലിക്കുരുമ്പ ടൗണിൽ സ്ഥാപിച്ചത്. 2017 ഒക്ടോബർ എട്ടിന് അന്നത്തെ എം.പി പി.കെ. ശ്രീമതിയാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ചുള്ള നിർമാണം എങ്ങുമെത്താത്ത സ്ഥിതിയിലാണുള്ളത്. 21.3 കോടി രൂപക്കാണ് പണി ടെൻഡർ നൽകിയത്. ഒടുവള്ളിത്തട്ടുമുതൽ താവുകുന്ന് കവല വരെയും വേങ്കുന്ന് മുതൽ കൂടിയാന്മല ടൗൺ വരെയുമാണ് വീതികൂട്ടി മെക്കാഡം ടാർ ചെയ്യേണ്ടത്. ആകെ 12 കിലോമീറ്റർ നിർമാണം നടത്താനാണ് അഞ്ചു വർഷത്തിലധികം വേണ്ടിവന്നത്. ഇപ്പോൾ പൊന്മല പാലത്തിനോട് ചേർന്ന റോഡ് നിർമാണമാണ് നാമമാത്രമായി നടക്കുന്നത്. അധികൃതർ തിരിഞ്ഞു നോക്കാത്തതിനാൽ കരാറുകാരൻ തോന്നിയപോലെയാണ് പണി നടത്തുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഒരു മണ്ണുമാന്തിയന്ത്രവും വിരലിലെണ്ണാവുന്ന തൊഴിലാളികളെയുംവെച്ചാണ് പണി നടത്തുന്നത്. പുലിക്കുരുമ്പ ടൗണിലടക്കം റോഡ് പൊളിഞ്ഞു കിടക്കുന്നതിനാൽ ദുരിതം ഏറെയാണ്. ഇഴഞ്ഞു നീങ്ങുന്നതിനാൽ ഈ സാമ്പത്തിക വർഷവും നിർമാണം പൂർത്തിയാകില്ലെന്നതാണ് അവസ്ഥ. കെടുകാര്യസ്ഥതയിൽ സഹികെട്ടാണ് നാട്ടുകാർ പരിഹാസ ബോർഡ് സ്ഥാപിച്ച് വേറിട്ട പ്രതിഷേധം നടത്തിയത്.
Show Full Article
TAGS:
Next Story