Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 11:59 PM GMT Updated On
date_range 30 Jan 2022 11:59 PM GMTസിറ്റി റോഡ് നവീകരണം: സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി
text_fieldsസിറ്റി റോഡ് നവീകരണം: സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രികണ്ണൂർ: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ സിറ്റി റോഡ് നവീകരണം ഉൾപ്പെടെയുള്ള പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സിറ്റി റോഡ്, തെക്കി ബസാർ മേൽപാലം, മേലെ ചൊവ്വ അടിപ്പാത എന്നിവയുടെ പ്രവൃത്തി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ നഗരത്തിലെ അഴിയാക്കുരുക്ക് പരിഹരിക്കുക എന്നത് നാടിന്‍റെ പ്രധാന ആവശ്യമാണ്. പദ്ധതികൾക്ക് ചില കേന്ദ്രങ്ങളിൽനിന്ന് തടസ്സങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, എന്ത് വിലകൊടുത്തും മൂന്നു പദ്ധതികളും സമയബന്ധിതമായി നടപ്പാക്കും. സംസ്ഥാനത്തെ മറ്റു പ്രധാന നഗരങ്ങളിലെപോലെ കണ്ണൂരിലും വികസനം നടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത യോഗത്തിൽ ഇതുസംബന്ധിച്ച് കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. നിലവിലുള്ള തടസ്സങ്ങൾ ഉടൻ പരിഹരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. സിറ്റി റോഡ് നവീകരണ പദ്ധതിയുടെ ഒന്നാം ഘട്ട ടെൻഡർ നടപടി ഫെബ്രുവരിയിൽ പൂർത്തിയാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അടിപ്പാത, ഫ്ലൈ ഓവർ എന്നിവയുടെ ടെൻഡർ നടപടി ഉടൻ ആരംഭിക്കും. മൂന്നു പദ്ധതികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ല കലക്ടറെ യോഗം ചുമതലപ്പെടുത്തി. മൂന്നു പദ്ധതികൾക്കുമായി പ്രത്യേക ലെയ്സൺ ഓഫിസർമാരെ നിയമിക്കാനും യോഗത്തിൽ തീരുമാനമായി. പൊതുമരാമത്ത് സെക്രട്ടറി അനന്ദ് സിങ്, ജോ. സെക്രട്ടറി എസ്. സാബശിവറാവു, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എം.ഡി എസ്. സുഹാസ്, ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, എം.എൽ.എമാരായ കെ.വി. സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Next Story