Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 11:58 PM GMT Updated On
date_range 29 Jan 2022 11:58 PM GMTഉടമയറിയാതെ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടു
text_fieldsപിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സൂചന തളിപ്പറമ്പ്: ബാങ്ക് അക്കൗണ്ടിൽനിന്ന് ഉടമയറിയാതെ പണം പിൻവലിച്ചതായുള്ള പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. തളിപ്പറമ്പ് മന്നയിലെ പി.കെ ഇൻഡസ്ട്രീസിൽ സൂപ്പർവൈസറായി ജോലിചെയ്യുന്ന മുക്കുന്ന് സ്വദേശി കൊങ്ങച്ചി പെരുമ്പിച്ചൽ മുഹമ്മദ് താഹയാണ് (23) ബാങ്ക് അക്കൗണ്ടിൽ നിന്ന് അനുമതിയില്ലാതെ പണം പിൻവലിച്ചതായി തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. താഹയുടെ തളിപ്പറമ്പ് കനറാ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. വെള്ളിയാഴ്ച വൈകീട്ട് മന്നയിലുള്ള ഇന്ത്യൻ എ.ടി.എമ്മിന്റെ കൗണ്ടറിൽ നിന്ന് 500 രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പണം നൽകിയതായി സന്ദേശം വന്നെങ്കിലും പണം ലഭിച്ചിരുന്നില്ല. തുടർന്ന് കനറാ ബാങ്കിന്റെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് പരാതി പറഞ്ഞപ്പോൾ അരമണിക്കൂറിനകം പണം നിങ്ങളുടെ അക്കൗണ്ടിൽ വരുമെന്ന് അറിയിച്ചു. എന്നാൽ, അപ്പോൾ തന്നെ താഹയുടെ ഫോണിലേക്ക് ഒരു കാൾ വരുകയും കാൾ എടുത്തയുടൻ കട്ടാവുകയും ചെയ്തു. രണ്ടുമിനിറ്റ് കഴിഞ്ഞപ്പോൾ ബാങ്ക് അക്കൗണ്ടിൽനിന്ന് 10,163 രൂപ പിൻവലിച്ചതായി സന്ദേശം വന്നു. പരിശോധിച്ചപ്പോൾ തുക നഷ്ടപ്പെട്ടതായി മനസ്സിലായ താഹ ഉടൻ കനറാ ബാങ്ക് തളിപ്പറമ്പ് ശാഖയിലെത്തി മാനേജറോട് വിവരം പറയുകയും ഇവരുടെ നിർദേശപ്രകാരം തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയകുമാർ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിനുപിന്നിലെന്ന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. ബാങ്ക് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് താഹ ബാങ്ക് അധികൃതർക്ക് പരാതി നൽകി.
Next Story