Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 12:01 AM GMT Updated On
date_range 24 Jan 2022 12:01 AM GMTനേരിന്റെ നെരിപ്പോടിൽ നീന്തിയ സൂര്യപുത്രൻ നൃത്തശിൽപത്തിൽ
text_fieldsപയ്യന്നൂർ: പാണ്ഡവ ദുർവിധിയുടെ പേരല്ല, നേരിന്റെ നെരിപ്പോടിൽ നീന്തിയ മനുഷ്യനാണ് കർണനെന്ന് ആസ്വാദകരെ ഓർമിപ്പിച്ച് നൃത്തശിൽപം. വ്യാസഭാരത കഥയിലെ ദുരന്തകഥാപാത്രമായ കർണന്റെ കഥക്ക് നൃത്താവിഷ്കാരം നൽകി സൂര്യപുത്രൻ അരങ്ങിലെത്തിച്ച് ലാസ്യ കോളജ്. കോളജ് ഓപൺ ഓഡിറ്റോറിയത്തിലാണ് പാണ്ഡവ ദുർവിധിക്കുള്ള മറുപേരായി ദ്രൗപദി വിശ്വസിച്ച, എന്നാൽ, അപമാനബോധത്താൽ സ്വന്തം മാതാവിനാൽ നദിയിലേക്ക് വലിച്ചെറിയപ്പെട്ട ദുഃഖപുത്രനായ കർണന്റെ കഥ അരങ്ങേറിയത്. തികച്ചും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ഈ നൃത്താവിഷ്കാരം ലാസ്യ കലാക്ഷേത്രയുടെ കീഴിലുള്ള ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്ടിലെ അധ്യാപകരായ ഡോ. കലാമണ്ഡലം ലത, കലാക്ഷേത്ര വിദ്യാലക്ഷ്മി ഹരിത തമ്പാൻ, വി. വീണ എന്നിവരോടൊപ്പം ഭരതനാട്യത്തിൽ ബിരുദ ബിരുദാനന്തര കോഴ്സുകളിൽ പഠിക്കുന്ന 15 വിദ്യാർഥികളും ചേർന്നാണ് വേദിയിൽ അവതരിപ്പിച്ചത്. ഡോ. എ.എസ്. പ്രശാന്ത് കൃഷ്ണൻ രചനയും ഡോ. സി. രഘുനാഥ് സംഗീതവും ഡോ. കലാമണ്ഡലം ലത സംവിധാനവും നിർവഹിച്ച നൃത്താവിഷ്കാരം ഭാരത സർക്കാറിന്റെ സാമ്പത്തിക സഹായത്തോടുകൂടിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. മുന്നൂറിലധികം വേദികളിൽ അവതരിപ്പിച്ച 'കുരുക്ഷേത്ര' നൃത്തശിൽപത്തിന്റെ രണ്ടാം ഭാഗമായാണ് സൂര്യപുത്രൻ വേദിയിലെത്തുന്നത്. ശാസ്ത്രീയ നൃത്തത്തിന്റെ ഘടനയിൽ ഒരു നൃത്തശിൽപം ഇത്രയധികം വേദികൾ പിന്നിട്ടു എന്നത് വേറിട്ട അനുഭവമാണ്. ആ അനുഭവമാണ് സൂര്യപുത്രനെ രൂപപ്പെടുത്താൻ പ്രേരകമായതെന്ന് ലാസ്യയുടെ പ്രിൻസിപ്പൽ ഡോ. കലാമണ്ഡലം ലത പറഞ്ഞു. കുരുക്ഷേത്ര എന്ന നൃത്താവിഷ്കാരത്തിൽ കുന്തിയും ഗാന്ധാരിയും ധൃതരാഷ്ട്രരും പാണ്ഡുവും കൃഷ്ണനും അർജുനനും നൃത്തത്തിലൂടെ വേദിയെ ധന്യമാക്കിയപ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടാതെ പോയ കഥാപാത്രമായ കർണൻ നായകനായെത്തുന്നു എന്നത് പ്രത്യേകതയാണ്. തികച്ചും സാമൂഹിക പ്രതിബദ്ധതയുള്ള ആശയങ്ങളാണ് സൂര്യപുത്രനിലൂടെ ലാസ്യ ആവിഷ്കരിക്കുന്നത്. ഉന്നത കുലത്തിൽ ജനിച്ചിട്ടും അപമാനിക്കപ്പെടേണ്ടി വന്ന കർണൻ അച്ഛനുമമ്മയുമാരെന്നറിയാതെയാണ് വളർന്നത്. ചതിയുടെയും പോർവിളികളുടെയും നിലമായ കുരുക്ഷേത്ര ഭൂമിയിൽ നിരായുധനായ കർണനെ അർജുനൻ നാഗാസ്ത്രമയച്ചു വധിക്കുന്നതോടുകൂടി നൃത്താവിഷ്കാരം അവസാനിക്കുന്നു. കോവിഡ് തീർത്ത കലാമുരടിപ്പിനെ അതിജീവിച്ച് അരങ്ങിനെ സജീവക്കാനുള്ള ലാസ്യയുടെ കലാശിൽപം മറ്റൊരു നന്മയുടെ പുലർവെട്ടമായി ആസ്വാദകർ സ്വീകരിച്ചു. എം. വിജിൻ എം.എൽ.എ ലാസ്യ ഓപൺ ഓഡിറ്റോറിയത്തിൽ നൃത്തശിൽപം ഉദ്ഘാടനം ചെയ്തു. --------------------------- പി-വൈ.ആർ ലാസ്യ: ലാസ്യ ഓപൺ ഓഡിറ്റോറിയത്തിൽ സൂര്യപുത്രൻ അരങ്ങിലെത്തിയപ്പോൾ
Next Story