Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2022 12:01 AM GMT Updated On
date_range 23 Jan 2022 12:01 AM GMTകയാക്കിങ്; സ്വാലിഹ റഫീക്കിനെ തേടി മന്ത്രിയുടെ അഭിനന്ദനം
text_fieldsകണ്ണൂർ: പ്രകൃതി സംരക്ഷണം ലക്ഷ്യവും പ്രചോദനവുമാക്കി പുഴയിലും കടലിലും സാഹസികതയുടെ തുഴയെറിഞ്ഞ് കയാക്കിങ്ങിൽ നേട്ടം കൊയ്യുന്ന പഴയങ്ങാടിയിലെ സ്വാലിഹ റഫീക്കിനെ തേടിയെത്തിയത് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ അഭിനന്ദനം. പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി ജനുവരി എട്ടിന് കടലും പുഴയും തുഴഞ്ഞ് 30 കിലോമീറ്റർ കയാക്കിങ് നടത്തി ലക്ഷ്യം പൂർത്തീകരിച്ചിരിക്കുകയാണ് ഒമ്പതാം ക്ലാസുകാരിയായ ഈ കുട്ടിത്താരം. കേരളത്തിൽ വളർന്നുവരുന്ന ജല സാഹസിക ടൂറിസം രംഗത്ത് സ്വാലിഹയുടെ പ്രവർത്തനം മാതൃകപരമാണെന്നും എല്ലാ കുട്ടികൾക്കും വലിയ പ്രചോദനമാണ് ഈ നേട്ടമെന്നും അത് തുടരണമെന്നും പ്രകൃതി സംരക്ഷണ യാത്രയെ അഭിനന്ദിച്ച മന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിച്ച് പഴയങ്ങാടി സുൽത്താൻ തോടിന്‍റെ കിഴക്കെ അറ്റമായ വാടിക്കൽ കടവിൽനിന്നു തുടങ്ങി പഴയങ്ങാടി പുഴയിലൂടെ മാട്ടൂൽ ഭാഗത്തേക്കുള്ള യാത്ര അറബിക്കടലിൽ പ്രവേശിച്ച് 12 കിലോമീറ്റർ തുഴഞ്ഞുകയറി ചൂട്ടാട് ഭാഗത്തുകൂടെ പാലക്കോട് വഴി തിരിച്ച് സുൽത്താൻ തോടിലേക്ക് എത്തുന്നതായിരുന്നു കയാക്കിങ്. ഈ നേട്ടത്തിലൂടെ ഒരു പൊൻതൂവൽ കൂടി കരസ്ഥമാക്കിയിരിക്കുകയാണ് പഴയങ്ങാടി വാദിഹുദ പ്രോഗ്രസിവ് ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരി. നിലവിൽ കയാക്കിങ് ചെയ്ത ഓളപ്പരപ്പുകളിൽ നീന്തണമെന്നാണ് ഈ മിടുക്കിയുടെ അടുത്ത ലക്ഷ്യം. 2020ൽ സംസ്ഥാന സർക്കാറിന്‍റെ 'ഉജ്ജ്വല ബാല്യം' പുരസ്‌കാരം ഉൾപ്പെടെ ഒട്ടനവധി അംഗീകാരങ്ങളും സ്വാലിഹയെ തേടിയെത്തിയിട്ടുണ്ട്. കണ്ണൂർ സർവകലാശാലയിൽ അനിൽ ഫ്രാൻസിസിന്‍റെ കീഴിൽ നീന്തൽ പരിശീലിക്കുകയാണ് ഇപ്പോൾ. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അടുത്ത ലക്ഷ്യത്തിലേക്ക് തുഴയെറിയുകയാണ് ഈ കൊച്ചു പരിസ്ഥിതി പ്രവർത്തക.
Next Story