Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 12:04 AM GMT Updated On
date_range 19 Jan 2022 12:04 AM GMTപയ്യന്നൂർ നഗരസഭ യോഗം: പുതിയ ബസ് സ്റ്റാൻഡിന്‍റെ ഡിസൈൻ ലഭിച്ചു; ടെൻഡർ നടപടി ഉടൻ
text_fieldsപയ്യന്നൂർ: പുതിയ ബസ് സ്റ്റാൻഡ് നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട നടപടി നടന്നുവരുകയാണെന്നും ഉടൻ ടെൻഡർ നടപടി ആരംഭിക്കുമെന്നും പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത പറഞ്ഞു. കൗൺസിൽ യോഗത്തിൽ എ. രൂപേഷ് എഴുതി നൽകിയ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. കോവിഡ് കാരണം ഡിസൈൻ ലഭിക്കാൻ വന്ന കാലതാമസമാണ് രണ്ടാംഘട്ട പ്രവർത്തനം ഉദ്ദേശിച്ച നിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതിരുന്നത്. ഒരാഴ്ച മുമ്പ് എൻജിനീയറിങ് കോളജിൽനിന്ന് ഡിസൈൻ തയാറാക്കി ലഭിച്ചിട്ടുണ്ട്. ഇതിന്മേൽ വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കി കഴിയുംവേഗം ടെൻഡർ നടപടികളിലേക്ക് നീങ്ങാനാണ് ശ്രമിക്കുന്നത്. ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് ഒന്നാംഘട്ടമായി ഇതിനകം 1.65 കോടി രൂപ ചെലവഴിച്ചു. നഗരസഭയുടെ സാമ്പത്തിക പരിമിതികളും പ്രയാസം സൃഷ്ടിക്കുന്നു. സർക്കാറിൽ നിന്ന് സാമ്പത്തിക സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും ചെയർപേഴ്സൻ പറഞ്ഞു. കാൽനൂറ്റാണ്ടുമുമ്പ് ആസൂത്രണം ചെയ്തതും 2014ൽ അന്നത്തെ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി തറക്കല്ലിട്ടതുമായ ബസ് സ്റ്റാൻഡ് നിർമാണം, വർഷങ്ങൾ കഴിഞ്ഞിട്ടും ആരംഭിക്കാൻ കഴിയാത്തത് വൻ പോരായ്മ തന്നെയാണെന്നും എല്ലാ വർഷവും ബജറ്റിൽ സ്റ്റാൻഡ് നിർമാണത്തിനായി തുക നീക്കിവെക്കുന്നതല്ലാതെ മറ്റ് പ്രവർത്തനമൊന്നും നടക്കുന്നില്ലെന്നും കൗൺസിലർ എ. രൂപേഷ് കുറ്റപ്പെടുത്തി. നഗരസഭ പരിധിയിൽ മാലിന്യം തള്ളൽ, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ കണ്ടെത്തുന്നതിനായി നിരീക്ഷണ കാമറ സ്ഥാപിക്കുന്നതിനും നഗരസഭ ഓഫിസിൽനിന്ന് വീക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും നടന്നുവരുകയാണ്. നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ട് റീ സൈക്ലിങ് പ്ലാന്‍റിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ബണ്ഡിലുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് ഹരിത കർമസേനാംഗങ്ങളുടെ പരാതിയിൽ അന്വേഷണം നടന്നുവരുകയാണ്. ട്രഞ്ചിങ് ഗ്രൗണ്ടിൽ കൂടി സി.സി.ടി.വി സ്ഥാപിക്കുന്നുണ്ടെന്നും ഘട്ടംഘട്ടമായി എല്ലാ വാർഡുകളിലെയും പ്രധാന കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്നും ചെയർപേഴ്സൻ പറഞ്ഞു. ഗ്രൗണ്ടിനോട് ചേർന്ന് 2.25 ഏക്കർ സ്ഥലം വിലകൊടുത്ത് വാങ്ങുന്നതിന് തീരുമാനിച്ചു.
Next Story