Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 12:09 AM GMT Updated On
date_range 18 Jan 2022 12:09 AM GMTകീച്ചേരിയിലെ ആൽമര മുത്തശ്ശിക്ക് മഴുവീണു
text_fieldsകീച്ചേരി: കണ്ണൂർ -തളിപ്പറമ്പ് ദേശീയപാതക്കരികിൽ കീച്ചേരിയിലെ കൂറ്റൻ ആൽമര മൂത്തശ്ശിക്ക് വികസനത്തിന്റെ മഴുവീണു. സ്വാതന്ത്ര്യസമര കാലഘട്ടത്തിലും അതിനുമുമ്പും ജനങ്ങളുടെ പ്രിയപ്പെട്ട തണല്‍മരമായിരുന്നു ഈ ആൽമരം. സ്വാതന്ത്ര്യസമര തീച്ചൂളയിൽ നിരവധി സമരങ്ങൾക്ക് തുടക്കമിട്ടതും ജനക്കൂട്ടം ഒത്തുകൂടി നിരവധി വിഷയങ്ങൾക്ക് തീരുമാനമെടുത്തതും ഇതേ ആൽമര ചുവട്ടിലായിരുന്നു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ആൽമരവും ഞായറാഴ്ചയാണ് മുറിച്ചുതുടങ്ങിയത്. മൊറാഴ സംഭവം, ഉപ്പുസത്യഗ്രഹം, നിരവധി പ്രക്ഷോഭങ്ങൾ എന്നിവക്കെല്ലാം മൂകസാക്ഷിയാണ് കീച്ചേരിയിലെ മരമുത്തശ്ശി. സ്വാതന്ത്ര്യസമരം കത്തിപ്പടരുന്ന 1920 -1947 കാലഘട്ടത്തിൽ മഹാരഥന്മാരായ സ്വാതന്ത്ര്യസമര നേതാക്കളുടെ കൂടിച്ചേരലുകളുടെ കേന്ദ്രമായിരുന്നു ആൽമര ചുവട്. ബ്രിട്ടീഷ് സാമ്രാജ്യത്വം രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 1940 സെപ്റ്റംബർ 15ന് സാമ്രാജ്യത്വ വിരുദ്ധദിനമായി ആചരിക്കാൻ തീരുമാനിച്ചിരുന്നു. നിരോധനം ലംഘിച്ചു കീച്ചേരിയിൽ കെ.പി.ആർ. ഗോപാലന്‍റെ നേതൃത്വത്തിൽ വൻ പൊതുയോഗം ചേരാൻ തീരുമാനിച്ചു. അഞ്ചാം പീടികയിലേക്ക് പൊതുയോഗം മാറ്റിയെങ്കിലും സമര ഭടന്മാർ കീച്ചേരിയിലെ ഈ ആൽമര ചുവട്ടിൽ സംഗമിച്ചാണ് അഞ്ചാംപീടികയിലേക്ക് നീങ്ങിയത്. പയ്യന്നൂരിൽ നടന്ന ഉപ്പുനിയമലംഘന പരിപാടിയിൽ പങ്കെടുക്കാൻ തിരിച്ച കെ. കേളപ്പന്റെ നേതൃത്വത്തിലുള്ള സത്യഗ്രഹികളുടെ സംഘം വിശ്രമിക്കാൻ തങ്ങിയതും ഈ ആൽമര ചുവട്ടിലാണ്.
Next Story