Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതളിപ്പറമ്പ്​ മണ്ഡലം:...

തളിപ്പറമ്പ്​ മണ്ഡലം: പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും – മന്ത്രി

text_fields
bookmark_border
തളിപ്പറമ്പ്: മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. പ്രവൃത്തി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റെടുത്ത പ്രവൃത്തികൾ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കണമെന്നും നീട്ടി നൽകാൻ ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണമെന്നും പൂർത്തീകരിക്കാത്ത കരാറുകാരെ ഒഴിവാക്കി പുതിയ ടെൻഡർ നൽകി മാറ്റിനിശ്ചയിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കാലാവധി കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാക്കാതിരുന്ന കോലത്തുവയൽ -പാളിയത്തുവളപ്പ് -ചെറുപാന്തോട്ടം -വെള്ളിക്കീൽ റോഡ് കരാറുകാരനായ ഫായിസിനെ നീക്കം ചെയ്തു. കരാർ പ്രകാരം 2020 ഒക്ടോബറിൽ പ്രവൃത്തി പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ, രണ്ടുതവണ സമയം നീട്ടിനൽകിയിട്ടും പ്രവൃത്തി പൂർത്തീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് കരാറുകാരനെ നീക്കം ചെയ്തത്. അടിയന്തരമായി റീ ടെൻഡർ ചെയ്ത് പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. അമ്മാനപ്പാറ -തിരുവട്ടൂർ -ചപ്പാരപ്പടവ് റോഡ് പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി ആവശ്യമായ ജനകീയ കമ്മിറ്റി രൂപവത്​കരിക്കുന്നതിന് യോഗം തീരുമാനിച്ചു. ചൊറുക്കള -ബാവുപ്പറമ്പ -മയ്യിൽ -കൊളോളം വിമാനത്താവള ലിങ്ക് റോഡ്, ഇ.ടി.സി -പൂമംഗലം റോഡ്, കൊടിലേരി പാലം, മങ്കരപാലം, അടൂർക്കടവ് പാലം എന്നിവയുടെ പ്രവൃത്തി ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. മണ്ഡലത്തിലെ യാത്രായോഗ്യമല്ലാത്ത പ്രധാന റോഡുകളുടെ നവീകരണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. പ്രസ്തുത റോഡുകളുടെ നവീകരണ പ്രവൃത്തി അടിയന്തരമായും ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. വിവിധ സ്കൂളുകളിൽ നടക്കുന്ന കെട്ടിട നിർമാണം ജൂണിനുമുമ്പ്​ പൂർത്തിയാക്കുന്നതിനും യോഗത്തിൽ തീരുമാനമായി. പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എൻജിനീയർ ദിലീപ്, എൻ.എച്ച് എക്സിക്യൂട്ടിവ് എൻജിനീയർ കെ.എം. ഹരീഷ്, പി.ഡബ്ല്യു.ഡി റോഡ്സ് കണ്ണൂർ എക്സിക്യൂട്ടിവ് എൻജിനീയർ എം. ജഗദീഷ്, പി.ഡബ്ല്യു.ഡി ബിൽഡിങ്​ എക്സിക്യൂട്ടിവ് എൻജിനീയർ ജിഷ കുമാരി, കെ.ആർ.എഫ്.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ കെ.വി. മനോജ് കുമാർ, പി. സജിത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story