Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെത്തിക്കൊടുവേലി...

ചെത്തിക്കൊടുവേലി പൂത്തു ദൂരെ...

text_fields
bookmark_border
ചെത്തിക്കൊടുവേലി പൂത്തു ദൂരെ...പയ്യന്നൂർ: നീലക്കൊടുവേലി പൂത്തുവിടർന്ന നീലഗിരിക്കുന്ന് തേനും വയമ്പും എന്ന പാട്ടിലൂടെ മലയാളിക്ക് സുപരിചിതം. എന്നാൽ, കവിഭാവനയെ തൊട്ടുണർത്തുന്ന ചെത്തിക്കൊടുവേലിയുടെ വർണരാജികൊണ്ട് വിസ്മയം വിടർത്തുകയാണ് ഇങ്ങ് പരിയാരം കുന്ന്. ഒപ്പം പാടാൻ വണ്ണാത്തിപ്പുള്ളുകളും സുലഭം. പരിയാരത്ത് ഔഷധിയുടെ ഔഷധത്തോട്ടത്തിലെ ചെങ്കല്‍ക്കുന്നുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് മലയാളിക്ക് അത്ര സുപരിചിതമല്ലാത്ത ചുവന്ന ചെത്തിക്കൊടുവേലികള്‍. അയ്യായിരത്തിലധികം ചെടികള്‍ പൂത്തുനില്‍ക്കുന്നത് നയനമനോഹരമായ കാഴ്ചയാണ്. വേനല്‍ കടുത്തതിനാൽ അൽപം വാടിപ്പോകുന്നുണ്ടെങ്കിലും രാവിലെയും വൈകീട്ടും കൊടുവേലി കാഴ്ച അതിമനോഹരം. ആയുർവേദ ഔഷധ ആവശ്യത്തിനായാണ് പരിയാരം ഔഷധി സ്വന്തം തോട്ടത്തില്‍ അയ്യായിരത്തിലധികം ചെത്തിക്കൊടുവേലികള്‍ നട്ടത്. പുതുമഴ പെയ്തപ്പോഴായിരുന്നു കൃഷി. ഔഷധിയിലെ ഫാക്ടറിയില്‍നിന്ന്​ എത്തിച്ച ഔഷധ അവശിഷ്ടങ്ങള്‍ തന്നെയായിരുന്നു വളം. കണക്കുകൂട്ടലുകൾ പിഴക്കാതെ നന്നായി തഴച്ചുവളര്‍ന്നു. ചെടിയുടെ വേര്, തൊലി, കിഴങ്ങുകള്‍ എന്നിവയാണ് മരുന്നിന് ഉപയോഗിക്കുന്നത്. മൂലക്കുരു, ദഹനസംബന്ധ അസുഖം, ത്വഗ്​രോഗം എന്നിവക്കുള്ള ഔഷധത്തിലെ ചേരുവയാണ് ചെത്തിക്കൊടുവേലി. ചിതകാസവം, ദശമൂലാരിഷ്ടം, യോഗരാജ ചൂര്‍ണം എന്നീ മരുന്നുകളില്‍ ചേര്‍ക്കുന്നു. മഹോദരം, മന്ത്, കൃമിശല്യം, പ്രമേഹം, ദുര്‍മേദസ്, നീര്, പനി എന്നിവ ശമിപ്പിക്കാനും ഈ ഔഷധിക്ക് കഴിവുണ്ട്. നാലടി ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണ്. അഞ്ചു വര്‍ഷത്തോളം ആയുസ്സുണ്ട്. കിഴങ്ങുപോലെ വണ്ണമുള്ള വേരാണ് ഉപയോഗഭാഗം. എന്നാൽ, കിഴങ്ങിന്റെ നീര് ശരീരത്തില്‍ തട്ടിയാല്‍ തീപൊള്ളലേറ്റപോലെ കുമിളയുണ്ടാവും. അതിനാല്‍ കിഴങ്ങ് പറിച്ചെടുക്കുമ്പോള്‍ കൈയില്‍ വെളിച്ചെണ്ണ പുരട്ടുകയോ കൈയുറ ധരിക്കുകയോ വേണം. കിഴങ്ങ് ചുണ്ണാമ്പുവെള്ളത്തിലിട്ട് ശുദ്ധീകരിച്ചാണ് ഔഷധാവശ്യത്തിന് ഉപയോഗിക്കുന്നത്. സൂര്യപകാശം ലഭിക്കുന്ന, ജലസേചന സൗകര്യമുള്ള, നീര്‍വാര്‍ച്ചയുള്ള സ്ഥലമാണ് അനുയോജ്യം. അധികം മൂപ്പെത്താത്ത പച്ചനിറമുള്ള തണ്ട് രണ്ടു മുട്ടുകളുടെ നീളത്തില്‍ മുറിച്ചു നടുകയാണ് ചെയ്യുന്നത്. മേയ്, ജൂലൈ മാസമാണ് കൃഷിയിറക്കാന്‍ ഉത്തമം. ഏക്കറിന് നാല് ടണ്‍ ജൈവവളം മണ്ണുമായി ചേര്‍ത്ത് 45 സെന്റീമീറ്റര്‍ ഉയരത്തില്‍ വാരങ്ങള്‍ എടുത്ത്, കമ്പുകള്‍ 15 സെന്റീമീറ്റര്‍ അകലത്തില്‍ നടണം. ചെറിയ മണ്‍കൂനകളില്‍ മൂന്നു കമ്പ് വീതം നടുകയും ചെയ്യാം. പോളിത്തീന്‍ കവറുകളില്‍ വേരുപിടിപ്പിച്ച തൈകളും നടാന്‍ ഉപയോഗിക്കാം. ആറു മാസത്തിനുശേഷം കളനീക്കി ജൈവവളം ചേര്‍ത്തുകൊടുക്കണം. രണ്ടാം വര്‍ഷാവസാനം കിഴങ്ങ് പറിച്ചെടുക്കാം. മൂന്നോ നാലോ വര്‍ഷംകൊണ്ട് വേരിന് കൂടുതല്‍ വണ്ണവും വലുപ്പവും വരും. ഒരേക്കറില്‍നിന്ന് രണ്ടു മുതല്‍ മൂന്നു ടണ്‍ കൊടുവേലി കിഴങ്ങ് ലഭിക്കും.--------------രാഘവൻ കടന്നപ്പള്ളി------------പരിയാരത്ത് കൊടും വേനലിലും പൂത്തുനിൽക്കുന്ന ചെത്തിക്കൊടുവേലി
Show Full Article
TAGS:
Next Story