Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 11:58 PM GMT Updated On
date_range 13 Jan 2022 11:58 PM GMTകണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ തൊഴിൽ മേള തുടങ്ങി
text_fieldsവൈജ്ഞാനിക കേരളത്തെ മൂലധനമാക്കി നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ കണ്ണൂർ: ഗവ. എൻജിനീയറിങ് കോളജിൽ കേരള നോളജ് ഇക്കോണമി മിഷന്‍റെ നേതൃത്വത്തിൽ കെ–ഡിസ്‌ക് സംഘടിപ്പിച്ച തൊഴിൽ മേള മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വൈജ്ഞാനിക കേരളത്തെ മൂലധനമാക്കി നവകേരളം സൃഷ്ടിക്കാണ് തൊഴിൽ മേളകളിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങളോടൊപ്പം തൊഴിലന്വേഷണം, തൊഴിൽ പരിശീലനം, നൈപുണ്യവികസനം, തൊഴിൽ ദായകരെ ബന്ധപ്പെടുത്തൽ തുടങ്ങിയ സമഗ്രമായ നടപടികളുമായി സർക്കാർ മുന്നിട്ടിറങ്ങുന്ന ബദൽ പദ്ധതിയാണ് തൊഴിൽ മേളകൾ. സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന പരിപാടിയുടെ ഭാഗമായി ആയിരം പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ആരംഭിച്ച തൊഴിൽ മേളയിൽ 1,300 തൊഴിലന്വേഷകരും 51 കമ്പനികളും പങ്കെടുത്തു. ഇതിൽ 11 കമ്പനികൾ ഓൺലൈനായാണ് പങ്കെടുത്തത്. ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം സംവിധാനം വഴിയാണ് തൊഴിലന്വേഷകർ അവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തേടുന്നത്. അസാപ്, കെയ്‌സ്, ഡിജിറ്റൽ യൂനിവേഴ്‌സിറ്റി കേരള, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് തൊഴിൽ മേള സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, വൈസ് ചെയർപേഴ്‌സൻ വി. സതീദേവി, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. പ്രേമരാജൻ, കെ.പി. ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ പ്രകാശൻ കൊയിലേരിയൻ, സി. ബാലകൃഷ്ണൻ, കെ. സത്യൻ, ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ, ജില്ല എംപ്ലോയ്‌മെന്‍റ് ഓഫിസർ കെ. രമേശൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. മഹേഷ്, കെ.കെ.ഇ.എം സംസ്ഥാന പ്രോഗ്രാം മാനേജർ എം. സലീം, ഡി.ഐ.സി ജനറൽ മാനേജർ ടി.ഒ. ഗംഗാധരൻ എന്നിവർ പങ്കെടുത്തു. -------------------------------- സ്‌പോട്ട് രജിസ്ട്രേഷന് സൗകര്യം കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസ് (കെയ്സ്) സംഘടിപ്പിക്കുന്ന തൊഴിൽ മേള ധർമശാലയിലെ കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ വെള്ളിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് മേള തുടങ്ങും. മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സങ്കൽപ് പദ്ധതിയുടെ ഭാഗമായുള്ളതാണ് കെയ്സ് ജോബ് ഫെയർ. വിവിധ യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് മേളയിൽ പങ്കെടുക്കാം. ഒരാൾക്ക് അഞ്ച് കമ്പനി ഒഴിവുകളിൽ അപേക്ഷിക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പുറമെ സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യമുണ്ടായിരിക്കും. ---------------------------- photo: thozhil mela കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ തുടങ്ങിയ തൊഴിൽ മേള മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Next Story