Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 12:03 AM GMT Updated On
date_range 13 Jan 2022 12:03 AM GMTഏലപ്പീടികയിൽ ഇക്കോ ടൂറിസം നടപ്പാക്കും
text_fieldsകേളകം: ഇക്കോ ടൂറിസത്തിന്‍റെ അനന്തസാധ്യതയുള്ള ഏലപ്പീടികയിൽ ടൂറിസം പദ്ധതികൾ നടപ്പാക്കും. കണിച്ചാർ, കേളകം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മലയോരഗ്രാമമായ ഏലപ്പീടികയുടെ മനോഹാരിത ആസ്വദിക്കാൻ ദിവസേന നിരവധി ആളുകളാണ് എത്തുന്നത്. ഇത് പരിഗണിച്ച് ഏലപ്പീടിക ടൂറിസം ഡെസ്റ്റിനേഷൻ സാധ്യത പഠനം നടത്തുന്നതിനായി നിക്ഷേപക മീറ്റ് സംഘടിപ്പിച്ചു. ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്, കണ്ണൂർ ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കരിയാട്, ടൂറിസം ഇൻഫർമേഷൻ ഓഫിസർ ശ്രീനിവാസൻ, ജില്ല പഞ്ചായത്തംഗം വി. ഗീത, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാന്‍റി തോമസ്, വാർഡ് മെംബർ ജിമ്മി അബ്രഹാം തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ, ഏലപ്പീടിക മേഖലയിൽ സ്ഥലമുള്ളവരുമായി എം.പിയും ടൂറിസം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചർച്ച നടത്തി. ഒരുമാസത്തിനുള്ളിൽ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഏലപ്പീടിക സംബന്ധിച്ചുള്ള ആക്ഷൻ പ്ലാൻ തയാറാക്കാനും പൊതുജനങ്ങളെയും വിവിധ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി യോഗം വിളിക്കാനും ഇതിന് മുന്നോടിയായി സംരംഭകർ അവരുടെ പ്ലാനുകൾ പഞ്ചായത്തിൽ സമർപ്പിക്കാനും യോഗത്തിൽ ധാരണയായി. വലിയ മലകളും അരുവികളും ധാരാളം പക്ഷിമൃഗാദികളുമുള്ള പ്രദേശം സമുദ്രനിരപ്പിൽ നിന്നും ഏകദേശം 600 -1000 മീറ്റർ ഉയരത്തിലാണ്. തലശ്ശേരി-വയനാട് സംസ്ഥാന പാതയിൽ നിന്നും അധികം ദൂരെയല്ലാത്ത സ്ഥലമാണ് ഏലപ്പീടിക. മൂന്നുവശവും മഞ്ഞുമൂടിയ മലനിരകളുടെ ദൂരക്കാഴ്ച ആസ്വദിക്കാനാവുന്ന 'കുരിശുമല' ട്രക്കിങ് സാധ്യതയുൾപ്പെടെയുള്ള വ്യൂ പോയന്‍റാണ്. ഉദയാസ്തമയ മനോഹര കാഴ്ചകൾ ഇവിടെ ദൃശ്യമാകും.
Next Story