Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 12:02 AM GMT Updated On
date_range 10 Jan 2022 12:02 AM GMTനാടൊരുമ്പെട്ടാൽ തെളിനീരൊഴുകും
text_fieldsപടങ്ങൾ: ഗിരീഷ് കണ്ണൂർ: മഴ വിട്ടൊഴിഞ്ഞതോടെ ജില്ലയിൽ ചൂടു കനക്കുകയാണ്. കുളങ്ങൾ അടക്കമുള്ള ജലാശയങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടി. ജലസ്രോതസ്സുകൾ സംരക്ഷിക്കാനുള്ള ബോധവത്കരണങ്ങളും പ്രചാരണങ്ങളും മുറക്ക് നടക്കുന്നുണ്ടെങ്കിലും സംരക്ഷണ പ്രവർത്തനങ്ങൾ മിക്കതും കടലാസിൽ ഒതുങ്ങുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ, ഇറിഗേഷൻ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലുള്ള പൊതുജല സ്രോതസ്സുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ മിക്കയിടത്തും പേരിനുമാത്രമാണ്. വരാനിരിക്കുന്ന വേനൽകാലത്തിനുള്ളിൽ മാലിന്യം നീക്കി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പായില്ലെങ്കിൽ നാട് കടുത്ത വരൾച്ചയിലേക്ക് നീങ്ങും. കാനാമ്പുഴ നദിയുടെ പുനരുജ്ജീവനമടക്കം എങ്ങുമെത്തിയില്ല. കാപ്പാട് പെരിങ്ങളായി നീർത്തട മേഖലയിൽ 1.86 കോടിയുടെ പദ്ധതിക്ക് രണ്ടു വർഷം മുമ്പ് സാങ്കേതിക അനുമതി ലഭിച്ചിരുന്നു. ഇറിഗേഷൻ വകുപ്പിന്‍റെ നേതൃത്വത്തിൽ അരികുകെട്ടലടക്കമുള്ള പ്രവൃത്തി നടന്നെങ്കിലും പുഴയിൽ ഇപ്പോഴും മാലിന്യം നിറഞ്ഞിരിക്കയാണ്. കക്കാട് പുഴ, കുപ്പം പുഴ, ചിറക്കൽ ചിറ എന്നിവയുടെയെല്ലാം സ്ഥിതി പരിതാപകരമാണ്. ഒരുകാലത്ത് പ്രതാപം വിളിച്ചോതിയ ചിറക്കൽ ചിറയിൽ മണ്ണ് നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കയാണ്. ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ജലസംരക്ഷണ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാണ്. എന്നാൽ, തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പുഴകൾക്കു പുറമെ ജില്ലയിലെ തോടുകളിൽ മിക്കതും പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് ഒഴുക്ക് നിലച്ചിരിക്കയാണ്. .............................................................................. മൂന്നു വീതം കുളങ്ങൾ സംരക്ഷിക്കാൻ നടപടി വരൾച്ച മുന്നിൽ കണ്ട് ചില നഗരസഭകളുടെയും പഞ്ചായത്തുകളുടെയും കണ്ണൂർ കോർപറേഷന്‍റെയും നേതൃത്വത്തിൽ ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ നടപടിയെടുക്കും. ഈ വർഷത്തെ കേന്ദ്ര ധനകമീഷൻ വിഹിതം ഉപയോഗിച്ച് അതത് തദ്ദേശ സ്ഥാപനത്തിലെ മൂന്നു വീതം കുളങ്ങൾ പുനരുദ്ധരിക്കാനായിരിക്കും തുക വിനിയോഗിക്കുക. കൂത്തുപറമ്പ്, തലശ്ശേരി, മട്ടന്നൂർ, പാനൂർ, തളിപ്പറമ്പ, പയ്യന്നൂർ നഗരസഭകളിലെ കുളങ്ങളായിരിക്കും ശുചീകരിക്കുക. കോട്ടയം, പാട്യം, കുന്നോത്തുപറമ്പ്, ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, കീഴല്ലൂർ, കൂടാളി, കതിരൂർ, മൊകേരി, ചൊക്ലി, പന്ന്യന്നൂർ, എരഞ്ഞോളി, ന്യൂമാഹി, പിണറായി, ധർമടം, വേങ്ങാട്, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, അഴീക്കോട്, ചിറക്കൽ, പാപ്പിനിശ്ശേരി, വളപട്ടണം, ചെറുതാഴം, ഏഴോം, മാടായി, ചെറുകുന്ന്, കണ്ണപുരം, കല്യാശ്ശേരി, നാറാത്ത്, ചെമ്പിലോട്, മുണ്ടേരി, കടമ്പൂർ, പെരളശ്ശേരി, കൊളച്ചേരി, കടന്നപ്പള്ളി, പാണപ്പുഴ, കുറുമാത്തൂർ, പരിയാരം, കുഞ്ഞിമംഗലം, കരിവെള്ളൂർ, പെരളം, കുറ്റിയാട്ടൂർ, മയ്യിൽ, ഇരിക്കൂർ തുടങ്ങിയ പഞ്ചായത്തുകളിലെ കുളങ്ങളും സംരക്ഷിക്കും. .............................................................................. തോട് സഭകൾ ഊർജിതം പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടിയ തോടുകളുടെ ഒഴുക്ക് വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഹരിത കേരള മിഷൻ സജീവമായി ഇടപെടുന്നുണ്ടെന്ന് ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ അറിയിച്ചു. തോടുകളെ കണ്ടെത്തി ശുചീകരിക്കാനുള്ള 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതി വീണ്ടും സജീവമാക്കും. ഇതിനായി വിവിധ പഞ്ചായത്തുകളിൽ തോട് സഭകളുടെ പ്രവർത്തനം ഊർജിതമാണ്. മലിനീകരണ നിയന്ത്രണ ബോർഡ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ജല മലിനീകരണ സർവേ ആരംഭിച്ചിരിക്കയാണ്. കുപ്പം പുഴയിലെ മാലിന്യത്തെപ്പറ്റി പഠനം നടത്തിയെന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ അധികൃതർക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
Next Story