Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 12:06 AM GMT Updated On
date_range 9 Jan 2022 12:06 AM GMTദുരിതം അടിപ്പാത വഴി പാപ്പിനിശ്ശേരിയിലേക്ക്
text_fieldsപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-താവം മേൽപാലങ്ങൾ അടച്ചതോടെ ദുരിതത്തിലായത് പാപ്പിനിശ്ശേരി നിവാസികളാണ്. ഇരുചക്രവാഹനങ്ങളും കാറുകളും അടിപ്പാത വഴിയാണ് ചെറുകുന്ന്, പഴയങ്ങാടി ഭാഗത്തേക്ക് പോകുന്നതും വരുന്നതും. ഒരേസമയം ഒറ്റ വാഹനത്തിന് മാത്രം പോകാൻ സൗകര്യമൊരുക്കിയ അടിപ്പാതയുടെ ഇരുവശത്തും നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. 2013ൽ മേൽപാലം പ്രവൃത്തി ആരംഭിച്ചപ്പോൾ തുടങ്ങിയ ദുരിതം മേൽപാലം തുറന്നുകൊടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കുറഞ്ഞില്ല. വാഹനക്കുരുക്കിൽ ഏറെ പ്രയാസപ്പെടുന്നത് കാൽനടക്കാരാണ്. അടിപ്പാതയിലൂടെ കടക്കാനുള്ള പ്രയാസം കാരണം പലരും റെയിൽപാളം മുറിച്ചുകടക്കുകയാണ് ചെയ്യുന്നത്. പാതക്ക് സമീപത്തെ കുരുക്കഴിക്കുന്നതിൽ പൊലീസ് ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. മിക്ക സമയങ്ങളിലും ഒരുഭാഗത്തെ വാഹനക്കുരുക്ക് കാട്ടിലെ പള്ളിവരെ നീളുന്നുവെങ്കിലും മറുവശം ഹാജി റോഡ് വരെ നീളുന്നു. ഇരുഭാഗത്തേക്കും കടക്കാൻ ഒരുവഴി മാത്രം. അതാണ് അടിപ്പാത. മേല്‍പാലം അടക്കുമ്പോൾ ഇത്തരം ദുരിതത്തിന് ശമനം കാണുമെന്ന്‍ കലക്ടർ പറഞ്ഞെങ്കിലും പാഴ്വാക്കായി. ശബരിമല വാഹനങ്ങൾ വരെ ഇതുവഴി പോകുന്നുണ്ട്. ചിലനേരങ്ങളിൽ ഇരിണാവ് ഗേറ്റടക്കുമ്പോൾ വാഹനങ്ങൾ നേരെ അടിപ്പാത വഴി പോകുന്നതും ദുരിതത്തിന് ആഴം കൂട്ടുന്നു. ഇരിണാവ് വഴി വാഹനം വഴിതിരിച്ചുവിട്ടാൽ അടിപ്പാതയിൽ തിരക്ക് കുറക്കാമെന്ന് നാട്ടുകാർ പറയുന്നു. പൊലീസോ പാപ്പിനിശ്ശേരി പഞ്ചായത്തോ ഇതൊന്നും ഗൗനിക്കാതായപ്പോൾ നാട്ടുകാരും ഡ്രൈവർമാരുമാണ് ഇവിടത്തെ വാഹനം നിയന്ത്രണം ഏറ്റെടുത്ത്. --------------------------------------------------------- സുരേഷ് കെ. പൊതുവാൾ, ഹോട്ടല്‍ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍ മേഖല സെക്രട്ടറി, പാപ്പിനിശ്ശേരി കേവലം രണ്ടുവർഷംകൊണ്ട് പാലം നവീകരിക്കേണ്ട അവസ്ഥയുണ്ടായത് കേട്ടറിവുപോലുമില്ലാത്തതാണ്. എന്നാൽ, പൊലീസ് സംവിധാനം കാര്യക്ഷമമല്ലാത്തതും നീതികേടാണ്. സന്നദ്ധ പ്രവർത്തകരും നാട്ടുകാരുമാണ് രാപ്പകൽ പാടുപെട്ട് വാഹന നിയന്ത്രണം നടത്തുന്നത്. കടുത്ത വേനൽക്കാലമായിട്ടും അടിപ്പാതയിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഇതൊക്കെ അഴിമതിയിൽ പെട്ടതാണെന്ന് ജനം സംശയിക്കുന്നു. ഇതെല്ലാം ബാധിക്കുന്നത് കച്ചവട സ്ഥാപനങ്ങളെയാണ്. സാധാരണക്കാർക്കും നാട്ടുകാർക്കും വഴിനടക്കാൻ പറ്റാത്ത ദുരിതം. ----------------------------- ചിത്രം: പാപ്പിനിശ്ശേരി റെയിൽവേ അടിപ്പാത കടന്നുപോകാൻ വരിനിൽക്കുന്ന വാഹനവ്യൂഹം ചിത്രം 2. സുരേഷ് കെ. പൊതുവാള്‍
Next Story