Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 12:03 AM GMT Updated On
date_range 27 Dec 2021 12:03 AM GMTഒന്ന് ടാർ ചെയ്യുമോ ഈ റോഡ്, പ്ലീസ്...
text_fieldsഇരിട്ടി: റോഡ് നവീകരിക്കുമ്പോൾ ഇത്രയേറെ യാതനകൾ അനുഭവിക്കേണ്ടിവരുമെന്ന് പുന്നാട് -മീത്തലെ പുന്നാട് നിവാസികൾ സ്വപ്നത്തിൽപോലും കണ്ടിട്ടുണ്ടാവില്ല. കാക്കയങ്ങാട് മേഖലയിൽ ഉള്ളവർക്കുൾപ്പെടെ മട്ടന്നൂർ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന റോഡാണ് രണ്ടര വർഷം കഴിഞ്ഞും നവീകരണം പൂർത്തിയാകാതെ കിടക്കുന്നത്. കാക്കയങ്ങാട് - മീത്തലെ പുന്നാട് -പുന്നാട് റോഡ് രണ്ട് റീച്ചുകളിലായി റോഡ് ടാറിങ് പ്രവൃത്തിയാണ് നടക്കുന്നത്. ഇതിൽ ഒന്നാംഘട്ട ടാറിങ് പ്രവൃത്തി മീത്തലെ പുന്നാട് ഭാഗത്ത് പൂർത്തിയായെങ്കിലും പുന്നാട് മുതൽ മീത്തലെ പുന്നാട് വരെയുള്ള രണ്ടാം റീച്ച് റോഡ് പ്രവൃത്തി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. റോഡ് വീതികൂട്ടലുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കരാറുകാർ പ്രവൃത്തി നിർത്തിവെച്ച സാഹചര്യമാണ് ആദ്യം പ്രവൃത്തി വൈകാൻ കാരണമായത്. ആദ്യം എട്ട് മീറ്ററിൽ റോഡ് പ്രവൃത്തി പാസായെങ്കിലും പിന്നീട് ജനകീയ കമ്മിറ്റി ഇടപെട്ട് 10 മീറ്ററാക്കുകയായിരുന്നു. ആവശ്യമായ സ്ഥലം വിട്ടുനൽകാൻ ചിലർ വിസമ്മതിച്ചതാണ് നവീകരണം വൈകാൻ കാരണമായത്. പിന്നീട് പ്രവൃത്തി പുനരാരംഭിക്കുകയും നിലവിലെ ടാറിങ് കിളച്ചുമാറ്റുകയും ചെയ്തു. ഇതുവഴി വേനലിലും മഴക്കാലത്തും ദുരിതംപേറിയാണ് യാത്രക്കാർ പോയത്. പിന്നീട് ടാറിങ്ങിനായി മെറ്റലുകൾ പാകി. എന്നാൽ, ടാറിങ് പ്രവൃത്തി ഇതുവരെ തുടങ്ങിയില്ല. ഇതോടെ റോഡിലിട്ട കല്ലുകൾ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇളകി തെറിക്കാൻ തുടങ്ങി. കാൽനടക്കാർക്ക് പരിക്കേൽക്കുന്നതും നിത്യസംഭവമായി. ഇരുചക്രവാഹനങ്ങൾ തെന്നിവീഴുകയും ഓട്ടോ യാത്ര ഉൾപ്പെടെ മുടങ്ങുകയും ചെയ്യുന്നത് പതിവായി. പൊടിയാണെങ്കിൽ അതിരൂക്ഷം. ഓട്ടോ ഡ്രൈവർമാർ സമരത്തിലാണ്. അധികൃതർ ഇടപെട്ട് ടാറിങ് പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Next Story