Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 12:00 AM GMT Updated On
date_range 20 Dec 2021 12:00 AM GMTമുണ്ടേരി കടവ് പക്ഷിസങ്കേതം; പറന്നുയരാതെ ഇക്കോ ടൂറിസം പദ്ധതി
text_fieldsകണ്ണൂര്‍: എങ്ങുമെത്താതെ മുണ്ടേരിക്കടവ് പക്ഷിസങ്കേതത്തിലെ ഇക്കോ ടൂറിസം പദ്ധതി. കഴിഞ്ഞ സർക്കാറിൻെറ കാലത്ത് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞതിന് ശേഷം പദ്ധതിക്ക് കീഴിൽ ഒരു പ്രവർത്തനവും നടന്നിട്ടില്ല. അന്നത്തെ മന്ത്രിയായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 73.5 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. തെന്മല ഇക്കോ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ റിസര്‍ച് ആൻഡ് കണ്‍സൽട്ടന്‍സി വിഭാഗമായ ഹരിതക്കായിരുന്നു നടത്തിപ്പുചുമതല. എന്നാൽ, കോവിഡിനെ തുടർന്ന് പദ്ധതി പ്രവർത്തനങ്ങളുടെ ആരംഭം തന്നെ മുടങ്ങിപ്പോകുകയായിരുന്നു. തുടക്കത്തിൽ നിര്‍മിച്ച ഗേറ്റ് മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്. പക്ഷികളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തി സഞ്ചാരികള്‍ക്ക് പക്ഷിനിരീക്ഷണത്തിനും ഗ്രാമഭംഗി ആസ്വദിക്കാനും മുണ്ടേരി പഞ്ചായത്തിൻെറ നേതൃത്വത്തില്‍ രൂപം നല്‍കുന്നതായിരുന്നു പദ്ധതി. സന്ദര്‍ശകർക്ക് വിവിധ ടൂര്‍ പാക്കേജുകള്‍ രൂപകല്‍പന ചെയ്യുക, സഞ്ചാരികള്‍ക്ക് വിവരങ്ങള്‍ നല്‍കുന്ന കേന്ദ്രവും കരകൗശലവസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ എന്നിവ സജ്ജീകരിക്കുക, ശബ്ദമില്ലാതെ ബാറ്ററിയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഏര്‍പ്പെടുത്തുക, സഞ്ചാരികള്‍ക്ക് വേണ്ടുന്ന ശൗചാലയം, ഇരിപ്പിടങ്ങള്‍, തണല്‍മരങ്ങള്‍ എന്നിവ സ്ഥാപിക്കുകയായിരുന്നു വിഭാവനം ചെയ്തത്. എന്നാൽ, ഇവയെല്ലാം കടലാസിലൊതുങ്ങി. ജൈവവൈവിധ്യ കലവറയായ പക്ഷിസങ്കേതത്തിൽ രാത്രി സാമൂഹികവിരുദ്ധർ തമ്പടിക്കുന്നതും പതിവാണ്. ഇവിടെ മാലിന്യം നിക്ഷേപിക്കാനെത്തുന്നവരും കുറവല്ല. ചാക്കുകളിലും മറ്റുമായാണ് മാലിന്യം ഇവിടെ നിക്ഷേപിക്കുന്നത്. ............................................... സ്ഥലപരിമിതി പ്രശ്നം സ്ഥലപരിമിതിയാണ് പക്ഷിസങ്കേതത്തിലെ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാങ്കേതിക തടസ്സമായി പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പ്രദേശത്തെ മിക്ക സ്ഥലങ്ങളും സ്വകാര്യവ്യക്തികളുടെ കീഴിലാണ്. അതിനാൽ, ഇക്കോ ടൂറിസം പദ്ധതിക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഈ സ്ഥലം വിട്ടുകിേട്ടണ്ടതുണ്ട്. പദ്ധതിക്കായുള്ള ഇൻറർപ്രേട്ടഷൻ സൻെറർ തുടങ്ങാൻ ഇറിഗേഷൻ വകുപ്പിൻെറ കീഴിലുള്ള സ്ഥലം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കത്ത് നൽകിയിരിക്കുകയാണ്. വനംവകുപ്പ് നടത്തിയ പഠനത്തിൻെറ അടിസ്ഥാനത്തിൽ സങ്കേതത്തിന് ചുറ്റുമുള്ള ഏതാണ്ട് 1200 ഏക്കർ സ്ഥലം വ്യത്യസ്ത സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ്. അതിനാൽ, ഇവിടങ്ങളിൽ പ്രവൃത്തികൾ തുടങ്ങാൻ പഞ്ചായത്തിന് സാധ്യമല്ല. ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള കൂടുതൽ സ്ഥലങ്ങൾ വിട്ടുകിട്ടുന്ന അടിസ്ഥാനത്തിൽ ഇക്കോ ടൂറിസം പദ്ധതി പ്രവർത്തനങ്ങൾ തുടക്കമിടുമെന്നാണ് പഞ്ചായത്തിൻെറ വിശദീകരണം. .................................. പക്ഷിനിരീക്ഷകരുടെ പറുദീസ ഏഷ്യയിലെതന്നെ വിസ്തൃതികൊണ്ട് മുന്നിൽ നിൽക്കുന്ന പക്ഷിസങ്കേതമാണ് മുണ്ടേരി കടവ് പക്ഷിസങ്കേതം. ഇതരരാജ്യങ്ങളിൽനിന്നും വൻകരകളിൽനിന്നും വരെ എത്തുന്ന ദേശാടന പക്ഷികളുടെ സാധ്യത കണക്കിലെടുത്താണ് 2012ൽ സംസ്ഥാന സർക്കാർ ഔദ്യോഗികമായി പക്ഷിസങ്കേതം പ്രഖ്യാപിക്കുന്നത്. കാട്ടാമ്പള്ളി വാരംകടവ്, പുല്ലൂപ്പി, ചാപ്പ, മുണ്ടേരി, കാനച്ചേരി, കയ്യങ്കോട്, നൂഞ്ഞേരി തണ്ണീർത്തട മേഖലയിലാണ് പ്രധാനമായും പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്. പണ്ടുകാലം മുതൽ വിവിധയിനം പക്ഷികളെ സാധാരണയായി കണ്ടുവരുന്ന സ്ഥലമായിരുന്നു മുണ്ടേരിക്കടവ്. അതിന് കാരണമായി കാണുന്നത് പണ്ടുമുതലേ നിലനിന്ന നെൽകൃഷിയും മത്സ്യസമ്പത്തുമാണ്. ഒക്ടോബർ-മാർച്ച് കാലയളവിൽ മാത്രം കണക്കുകളനുസരിച്ച് അരലക്ഷത്തിലധികം പക്ഷികളാണ് ഇവിടം സന്ദർശിച്ച് മടങ്ങാറുള്ളത്. ഹിമാലയന്‍ സാനുക്കളില്‍ മാത്രം കാണുന്ന രാജഹംസം മുതല്‍ തങ്ക താറാവ് വരെ സീസണിൽ ഇവിടത്തെ സന്ദർശകരാണ്. ഈജിപ്തിൽ കണ്ടുവരുന്ന സ്റ്റെപ്പി ഈഗിളും ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടി വരുന്ന സൈബീരിയന്‍ കൊക്കുകളും ഇവിടെ എത്താറുണ്ട്. വിവിധതരം മീനുകള്‍, ഉഭയജീവികള്‍, ഒച്ചുകള്‍, ഞണ്ടുകള്‍, അപൂര്‍വ ജലജീവികള്‍ വിവിധ അമൂല്യ ഔഷധസസ്യങ്ങള്‍, വംശനാശ ഭീഷണിയിലുള്ള സസ്യലതാദികള്‍ എന്നിവയുടെയും കേന്ദ്രമാണ്. ................................................................. note -പടം desk മെയിലിലും ക്യാപ്ഷൻ ന്യൂസ് റാപ്പിലും അയക്കും
Next Story