Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 11:58 PM GMT Updated On
date_range 10 Dec 2021 11:58 PM GMTപൗരത്വസമരം നേട്ടമായെന്ന് സി.പി.എം റിപ്പോർട്ട്
text_fieldsകണ്ണൂർ: പൗരത്വ ഭേദഗതിക്കെതിരായ സമരം വഴി മുസ്ലിം ലീഗിലെയും കോൺഗ്രസിലെയും ഒരു വിഭാഗത്തെ പാർട്ടിയുമായി അടുപ്പിക്കാനായെന്ന് സി.പി.എം ജില്ല സമ്മേളന റിപ്പോർട്ട്. പൗരത്വ ഭേദഗതിക്കെതിരെ നടത്തിയ ഭരണഘടന സംരക്ഷണ മഹാശൃംഖല വലിയ മുന്നേറ്റമായി മാറി. മൂന്നേകാൽ ലക്ഷത്തോളം പേർ പങ്കാളികളായ ശൃംഖലയിൽ അണിനിരന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽ നല്ലൊരു വിഭാഗം കോൺഗ്രസിൽ നിന്നും മുസ്ലിം ലീഗിൽനിന്നുമടക്കമുള്ള ആളുകളാണെന്നും റിപ്പോർട്ട് എടുത്തുപറയുന്നു. പാർട്ടി ഏറ്റെടുത്ത പുഴ സംരക്ഷണ പ്രവർത്തനങ്ങൾ, കണ്ണൂർ സിറ്റിയിൽ 12 വയസ്സുകാരി മന്ത്രവാദത്തെത്തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച സംഭവം സംബന്ധിച്ച് സംഘടിപ്പിച്ച, അന്ധവിശ്വാസത്തിനെതിരായ കാമ്പയിൻ എന്നിവ പാർട്ടിക്ക് പുറത്തുള്ളവരെ കൂടി ആകർഷിക്കാനായി. പാവപ്പെട്ടവർക്ക് 182 വീട് നൽകി, ഇത് പാർട്ടിയും ജനങ്ങളും തമ്മിലുള്ള അടുപ്പം വർധിപ്പിച്ചു എന്നിങ്ങനെയാണ് റിപ്പോർട്ടിലെ ഉള്ളടക്കം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തിൻെറ ഭാഗമായ കടമ്പൂർ പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടമായതും മുഴപ്പിലങ്ങാട് പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷം നേടാനാകാതെപോയതും വലിയ തിരിച്ചടിയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാറിനെതിരെ വീട്ടുമുറ്റ സത്യഗ്രഹത്തിൽ ചിലയിടത്ത് ആളുകൾ ഉണ്ടായില്ലെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരിച്ചറിഞ്ഞ് നടത്തിയ പ്രവർത്തനങ്ങൾ വഴി തുടർന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും മികച്ച നേട്ടം കൈവരിക്കാനായി. കണ്ണൂർ കോർപറേഷനിൽ ഭരണം പിടിക്കാൻ കഴിയാതെ പോയത് കാര്യമായി പരിശോധിക്കണമെന്നും റിപ്പോർട്ട് പറയുന്നു. ഘടകകക്ഷിയായ സി.പി.ഐക്കെതിരെ നിശിത വിമർശനവുമുണ്ട്. മുന്നണി മര്യാദ പാലിക്കാതെയാണ് സി.പി.ഐ ജില്ല നേതൃത്വം മുന്നോട്ടുപോകുന്നതെന്നാണ് കുറ്റപ്പെടുത്തൽ. സി.പി.എം വിട്ടവരെ സി.പി.ഐ സ്വീകരിച്ചതിനെ ചൊല്ലിയാണ് ഘടകകക്ഷിക്കെതിരായ പരാമർശം. തളിപ്പറമ്പ് മാന്ധംകുണ്ടിൽ പാർട്ടി മുൻ ഏരിയ കമ്മിറ്റിയംഗവും തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാനുമായിരുന്ന കോമത്ത് മുരളീധരനും കൂടെയുള്ള 57 പേരുമാണ് സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നത്. കോമത്ത് മുരളീധരനെയും കൂട്ടരെയും സി.പി.ഐ സ്വീകരിച്ചതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും സി.പി.ഐ മുഖവിലക്കെടുത്തില്ല. മാത്രമല്ല, കണ്ണൂർ തായത്തെരുവിൽ സി.പി.എം വിട്ട മുൻ ലോക്കൽ സെക്രട്ടറി ടി.എം. ഇർഷാദ്, മുൻബ്രാഞ്ച് സെക്രട്ടറി പി.കെ. ഷംസീർ എന്നിവരെ സി.പി.ഐ അംഗത്വം നൽകി സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്, കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലും മുന്നണിയിൽ ഘടകകക്ഷികൾ തമ്മിലും പാലിക്കേണ്ട മര്യാദ സി.പി.ഐ മറക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നത്. എ.കെ. ഹാരിസ്
Next Story