Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 12:01 AM GMT Updated On
date_range 10 Dec 2021 12:01 AM GMTചെങ്കൊടി ഉയർന്നു; സി.പി.എം ജില്ല സമ്മേളനത്തിന് തുടക്കം
text_fieldsപ്രതിനിധി സമ്മേളനം ഇന്ന് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും പഴയങ്ങാടി: ചെങ്കൊടിയെ നെഞ്ചേറ്റിയ കണ്ണൂരിൻെറ മണ്ണിൽ സി.പി.എം ജില്ല സമ്മേളനത്തിന് തുടക്കം. ഔപചാരിക തുടക്കം കുറിച്ച് എരിപുരത്ത് സമ്മേളന നഗരിയിൽ ചെങ്കൊടി ഉയർന്നു. പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച രാവിലെ 10ന് മാടായി കോഓപറേറ്റിവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലെ കെ. കുഞ്ഞപ്പ, പി. വാസുദേവൻ നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നുദിവസം നീളുന്ന സമ്മേളനത്തിൽ പിണറായി വിജയന് പുറമെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എ. വിജയരാഘവൻ, ഇ.പി. ജയരാജൻ, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, പി. കരുണാകരൻ, ആനത്തലവട്ടം ആനന്ദൻ എന്നിവർ മുഴുവൻ സമയവും പങ്കെടുക്കും. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് തുടക്കം കുറിച്ച പതാകജാഥയും കാവുമ്പായി സമരഭൂമിയിൽനിന്ന് തുടങ്ങിയ കൊടിമരജാഥയും കണ്ണൂർ എ.കെ.ജി സ്ക്വയറിൽ നിന്നാരംഭിച്ച ദീപശിഖ റാലിയും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ എരിപുരത്ത് സമന്വയിച്ചു. ശേഷം സംഘാടകസമിതി ചെയർമാൻ ടി.വി. രാജേഷ് പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തി. 38 വനിതകളടക്കം 319 അംഗങ്ങളാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കോവിഡ് നിയന്ത്രണം കാരണം ഇക്കുറി സമ്മേളനത്തിൻെറ ഭാഗമായുള്ള റാലി ഒഴിവാക്കി. സമാപന സമ്മേളനം 12ന് വൈകീട്ട് നാലിന് പഴയങ്ങാടിയിലാണ് നടക്കുക. ജില്ല സമ്മേളനങ്ങളിൽ ആദ്യത്തേതാണ് കണ്ണൂർ. ഏപ്രിലിൽ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ അതിനുള്ള ഒരുക്കത്തിന് സമയം കണക്കാക്കിയാണ് ഇവിടെ ജില്ല സമ്മേളനം നേരത്തേയാക്കിയത്. സമ്മേളനം ആഘോഷമാക്കുകയാണ് മേഖലയിലെ പാർട്ടി പ്രവർത്തകർ. പ്രചാരണ ബോർഡുകളും കട്ടൗട്ടുകളും കൊടികളും അലങ്കാരങ്ങളും കൊണ്ട് ഊടുവഴികളും നാട്ടുപാതകളും നഗരവും ചുവപ്പണിഞ്ഞു. സമ്മേളനത്തിൻെറ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പഴയങ്ങാടിയിൽ മാധ്യമ സെമിനാർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കണ്ണൂർ ഷെരീഫ് നയിക്കുന്ന ഇശൽ വിരുന്നുണ്ടാവും. 11ന് വൈകീട്ട് അഞ്ചിന് മതനിരപേക്ഷ സെമിനാർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ------------- വിമതശബ്ദങ്ങളില്ല; സി.പി.ഐയുടെ പ്രകോപനം ചർച്ചയാകും കണ്ണൂർ: സി.പി.എം താഴെത്തട്ടിൽ സമ്മേളനം പൂർത്തിയാക്കി ജില്ല സമ്മേളനത്തിലെത്തുമ്പോൾ പാർട്ടിയിൽ കാര്യമായ അപശബ്ദങ്ങളില്ല. രണ്ടിടത്ത് മാത്രമാണ് വിമതശബ്ദം ഉയർന്നത്. തളിപ്പറമ്പ് മാന്ധംകുണ്ട്, കണ്ണൂർ തായതെരു എന്നിവിടങ്ങളിൽ വിമതസ്വരമുയർത്തിയവർ പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നു. ഇതേച്ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിൽ കൊമ്പുകോർത്തിരിക്കുകയാണ്. ജില്ല സമ്മേളന ചർച്ചയിൽ ഇക്കാര്യം പ്രധാന ചർച്ചാ വിഷയമാകും. മാന്ധംകുണ്ടിൽ പാർട്ടി മുൻ ഏരിയ കമ്മിറ്റിയംഗവും തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാനുമായിരുന്ന കോമത്ത് മുരളീധരനും കൂടെയുള്ള 57 പേരുമാണ് സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നത്. ഇവരെ സ്വീകരിച്ചതിൽ സി.പി.എം രോഷം പ്രകടിപ്പിച്ചെങ്കിലും സി.പി.ഐ അതൊന്നും പരിഗണിക്കുന്നില്ല. കണ്ണൂർ തായതെരുവിൽ സി.പി.എം വിട്ട മുൻ ലോക്കൽ സെക്രട്ടറി ടി.എം. ഇർഷാദ്, മുൻബ്രാഞ്ച് സെക്രട്ടറി പി.കെ. ഷംസീർ എന്നിവർക്ക് ജില്ല സമ്മേളനത്തിന് തലേന്ന് സി.പി.ഐയിൽ അംഗത്വം നൽകി ജില്ല കമ്മിറ്റി ഓഫിസിൽ സ്വീകരിച്ചത് അതിൻെറ സൂചനയാണ്. ------------- എം.വി. ജയരാജൻ തുടർന്നേക്കും കണ്ണൂർ: ജില്ല സമ്മേളനം ഞായറാഴ്ച സമാപിക്കുമ്പോൾ ജില്ല സെക്രട്ടറി സ്ഥാനത്ത് എം.വി. ജയരാജൻ തുടരുമെന്നാണ് സൂചന. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ പി. ജയരാജനെ മാറ്റിയാണ് എം.വി. ജയരാജൻ ജില്ല സെക്രട്ടറിയായത്. അതുവരെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് ചുമതലയിലായിരുന്നു എം.വി. ജയരാജൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കുന്നതിൻെറ പേരിലാണ് പി. ജയരാജനെ മാറ്റിയത്. സ്വയം പുകഴ്ത്തൽ ആക്ഷേപത്തിൽ പാർട്ടിയുടെ ശാസനക്ക് പാത്രമായ പി. ജയരാജനെ നേതൃത്വം പിറകോട്ടു വലിക്കുകയായിരുന്നുവെന്ന് അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വടകരയിൽ ലോക്സഭ അങ്കം പരാജയപ്പെട്ട പി. ജയരാജന് പിന്നീട് പാർട്ടിയിൽ കാര്യമായ ചുമതലകളൊന്നും നൽകപ്പെട്ടില്ല. 2018ൽ കണ്ണൂർ നായനാർ അക്കാദമിയിൽ നടന്ന ജില്ല സമ്മേളനത്തിൽ നിറഞ്ഞുനിൽക്കുകയും മൂന്നാമതും ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത പി. ജയരാജന് ഈ ജില്ല സമ്മേളനത്തിൽ കാര്യമായ റോൾ ഇല്ല. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായ അദ്ദേഹത്തെ ഈയിടെയാണ് ഖാദിബോർഡ് വൈസ് ചെയർമാൻ സ്ഥാനത്ത് പിണറായി സർക്കാർ നിയോഗിച്ചത്. അത്ര പ്രധാനമല്ലാത്ത സ്ഥാനത്ത് മുതിർന്ന നേതാവിൻെറ നിയമനം പി. ജയരാജന് പാർട്ടിയിൽ കാര്യമായ ചുമതലകളിലേക്ക് മടക്കമില്ലെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ------------ വർധിച്ചത് 565 ബ്രാഞ്ചുകൾ; 13 എൽ.സി കണ്ണൂർ: സി.പി.എമ്മിന് കണ്ണൂർ ജില്ലയിൽ വർധിച്ചത് 565 ബ്രാഞ്ച് കമ്മിറ്റികൾ. ലോക്കൽ കമ്മിറ്റികളുടെ എണ്ണത്തിലും 13 എണ്ണത്തിൻെറ വർധനയുണ്ട്. ജില്ലയിലെ ആകെ പാർട്ടി അംഗങ്ങളുടെ എണ്ണം ഇക്കുറി 6047 എണ്ണം വർധിച്ച് 61,688 ആയി ഉയർന്നു. സി.പി.എമ്മിനെ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ ജില്ല ഘടകമാണ് കണ്ണൂർ. 18 ഏരിയ കമ്മിറ്റികൾക്ക് 243 ലോക്കൽ കമ്മിറ്റി, 4247 ബ്രാഞ്ചുകളുമാണ് ജില്ലയിലുള്ളത്. ഇതിനു പുറമെ അനുഭാവി ഗ്രൂപ്പുകളുമുണ്ട്. വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ തീരുമാനിച്ചതോടെ നിലവിൽ ബ്രാഞ്ച് സെക്രട്ടറിമാരിൽ 167 പേർ വനിതകളാണ്. വനിത ലോക്കൽ സെക്രട്ടറിമാരായി രണ്ടുപേരാണുള്ളത്. ഏരിയ സെക്രട്ടറിമാരിൽ വനിതകളില്ല. 18 ഏരിയ സെക്രട്ടറിമാരിൽ ശ്രീകണ്ഠപുരം, കൂത്തുപറമ്പ്, തലശ്ശേരി, ആലക്കോട് എന്നിവിടങ്ങളിൽ പുതുമുഖം വന്നപ്പോൾ ബാക്കി ഇടങ്ങളിൽ നേരത്തേയുണ്ടായിരുന്നവർ തുടരുകയാണ്.
Next Story