Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറളം ഫാം പുനരധിവാസ...

ആറളം ഫാം പുനരധിവാസ മേഖലയിലെ ചൂരൽ മുറിക്കൽ തടഞ്ഞു

text_fields
bookmark_border
പേരാവൂർ: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ ഒരുവർഷം മുമ്പ് നൽകിയ അനുമതി ഉത്തരവുമായി ചൂരൽ മുറിച്ചുകടത്തുന്നത് വിവാദമായതോടെ പുനരധിവാസ മിഷൻ അധികൃതർ തടഞ്ഞു. ആദിവാസികൾക്ക് പതിച്ചുനൽകിയ ബ്ലോക്ക് 13ൽ ഉൾപ്പെടെ വിവിധ ബ്ലോക്കുകളിൽ നിന്നാണ് ചൂരൽ മുറിച്ചത്. മുറിച്ചത് അനധികൃതമാണെന്ന് ആരോപണം ഉയർന്നതോടെ ചൂരൽ കയറ്റിയ നാഷനൽ പെർമിറ്റ് ലോറി പുനരധിവാസ മിഷൻ സൈറ്റ് മാനേജറുടെ നിർ​ദേശ പ്രകാരം ആറളം ഫാമി​ൻെറ കക്കുവയിലെ ചെക്ക് പോസ്​റ്റിൽ ദിവസം മുഴുവൻ തടഞ്ഞുവെച്ചു. ഫാമിൽ ഭൂമി ലഭിച്ച ഗുണഭോക്താക്കൾ ജില്ല കലക്ടർക്ക് നൽകിയ പാരാതിയെത്തുടർന്ന്, ചൂരൽ മുറിക്കുന്നത് നിയമ വിരുദ്ധമാക്കിയിട്ടില്ലെന്ന് മനസ്സിലായതോടെ തടഞ്ഞുവെച്ച ലോറി വിട്ടുനൽകുകയും മുറിക്കാൻ അനുമതി നൽകുകയും ചെയ്തു. മേഖലയിൽ കാട്ടാനശല്യം രൂക്ഷമാവുകയും ഫാമിൽ നിന്ന്​ തുരത്തുന്ന കാട്ടാന പുനരധിവാസ മേഖലയിൽ ചൂരൽ വളർന്നു നിൽക്കുന്ന പ്രദേശത്താണ് താവളമാക്കുന്നതെന്നും മനസ്സിലാക്കിയതോടെ ചൂരൽ മുറിക്കാൻ അനുമതി തേടി നേരത്തെ നിരവധി തവണ ഗുണഭോക്താക്കൾ കലക്ടർക്കും വനം വകുപ്പിനും അപേക്ഷ നൽകിയിരുന്നു. മേഖലയിലെ താമസക്കാരുടെ ആവശ്യം ന്യായമാണെന്ന് മനസ്സിലാക്കിയ അധികൃതർ ചൂരൽ മുറിക്കാൻ അനുമതി നൽകി. 2020ൽ തലശ്ശേരി സബ് കലക്ടറാണ് ചൂരൽ മുറിക്കാൻ അനുമതി നൽകിയത്. സബ് കലക്ടറുടെ കത്തി​ൻെറ അടിസ്ഥാനത്തിൽ, മുറിക്കുന്ന ചൂരൽ ഫാമിന് പുറത്തേക്ക് കൊണ്ടു പോകുന്നതിന് വനം വകുപ്പും അനുമതി നൽകി. കോവിഡിനെ തുടർന്ന് ചൂരൽ മുറിക്കൽ നടക്കാതെ പോയി. പഴയ ഉത്തരവുമായി മുറി തുടങ്ങിയതോടെയാണ് സംഭവം വിവാദമായത്. ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയിൽ നിന്നും മുറിക്കുന്ന ചൂരലി​ൻെറ വില കുടുംബങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല എസ്.ടി പ്രമോട്ടർമാർക്കായിരിക്കും. 10 എണ്ണം അടങ്ങുന്ന ഒരു ചൂരൽ കെട്ടിന് 20 രൂപ നിരക്കിൽ താമസക്കാർക്ക് നൽകണം. ഇത് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് പ്രമോട്ടർമാരുടെ ചുമതലയെന്ന് ടി.ആർ.ഡി.എം സൈറ്റ് മാനേജർ പി.പി. ഗിരീഷ് പറഞ്ഞു. കാട്ടാന ശല്യം രൂക്ഷമാക്കുന്നതും കാലാകാലം നശിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്ന ചൂരൽ വിൽക്കുന്നതിലൂടെ ആദിവാസികൾക്ക് ഒരു വരുമാനം ഉണ്ടാകുമെന്ന് കരുതിയാണ് വിൽപനക്ക്​ അനുമതി നൽകിയത്. പഴയ ഉത്തരവ് നിലനിൽക്കുന്നതിനാൽ പുതുക്കേണ്ട ആവശ്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് മുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:
Next Story