Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2021 11:59 PM GMT Updated On
date_range 28 Nov 2021 11:59 PM GMTമമ്പറം ദിവാകരൻ പുകഞ്ഞുപുകഞ്ഞ് ഒടുവിൽ പുറത്തേക്ക്...
text_fieldsകണ്ണൂർ: ഇന്ദിര ഗാന്ധി ആശുപത്രി പ്രസിഡൻറും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരൻെറ കോൺഗ്രസിൽനിന്ന് പുറത്തേക്കുള്ള വഴിതുറന്നത് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനുമായുള്ള ഭിന്നത. തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പിൽ ഡി.സി.സിയുടെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി നേതൃത്വം പുറത്താക്കിയതെങ്കിലും കെ. സുധാകരനുമായുള്ള ഭിന്നത പുകഞ്ഞുപുകഞ്ഞാണ് ഒടുവിൽ പുറത്തേക്കുള്ള വഴിതുറന്നത് എന്നത് വ്യക്തം. കെ.പി.സി.സി പ്രസിഡൻറ് സുധാകരനെ അംഗീകരിക്കാത്ത കണ്ണൂർ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവാണ് മമ്പറം ദിവാകരൻ. രൂക്ഷമായ ഭാഷയിൽ പലതവണ കെ. സുധാകരനെതിരെ അദ്ദേഹം പ്രതികരിച്ചിട്ടുമുണ്ട്. ഇതിൻെറ ഫലമായി ഇന്ദിര ഗാന്ധി ആശുപത്രി കോൺഗ്രസിൻെറ അധീനതയിൽ കൊണ്ടുവരാനും പ്രസിഡൻറ് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഒഴിവാക്കാനും കെ. സുധാകരൻ കെ.പി.സി.സി പ്രസിഡൻറ് ആയശേഷം ശ്രമംതുടങ്ങിയിരുന്നു. ഇതിൻെറ കൂടി ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയെന്ന കെ. സുധാകരൻെറ അവകാശവാദത്തെ മമ്പറം ദിവാകരന്‍ തള്ളിയിരുന്നു. തൻെറ അറിവില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് അന്ന് മമ്പറം പറഞ്ഞത്. അന്ന് സുധാകരൻ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം കെ. സുധാകരൻ പക്വത കാണിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. 2016ൽ ധർമടം നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മമ്പറം ദിവാകരനായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. എന്നാൽ, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സി. രഘുനാഥിനെതിരെ നിലകൊണ്ടു എന്ന ആരോപണവും മമ്പറം ദിവാകരനെതിരെ ഉയർന്നിരുന്നു. മമ്പറം ദിവാകരന്‍ പാര്‍ട്ടിക്ക് അകത്തുമല്ല പുറത്തുമല്ല എന്ന അവസ്ഥയിലാണെന്നും പാര്‍ട്ടിക്ക് അകത്താണെങ്കില്‍ ചര്‍ച്ച ചെയ്യുമെന്നും കെ.പി.സി.സി അധ്യക്ഷനായ ശേഷം കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മമ്പറം കൊലക്കേസിലും പ്രതിയായിരുന്നു കണ്ണൂർ: സി.പി.എം പ്രവർത്തകനും ദിനേശ് ബീഡി തൊഴിലാളിയുമായിരുന്ന കൊളങ്ങരേത്ത് രാഘവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു മമ്പറം ദിവാകരൻ. 1979ൽ ഏഴുവർഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. കൂത്തുപറമ്പിനടുത്ത എരുവട്ടി പന്തക്കപ്പാറയിലെ ദിനേശ് ബീഡി തൊഴിലാളിയായിരുന്നു രാഘവൻ. രാഷ്ട്രീയപ്രശ്നങ്ങൾക്ക് കാരണം രാഘവനാണെന്ന് കരുതി മമ്പറം ദിവാകരൻ ഒരുസംഘം ചെറുപ്പക്കാരെ കൂട്ടി ദിനേശ് ബീഡി ബ്രാഞ്ചിനുനേരെ ബോംബെറിഞ്ഞ് ആക്രമണം നടത്തിയെന്നായിരുന്നു ആരോപണം. വാൾ ഉപയോഗിച്ച് സംഘം പത്തോളം ബീഡി തൊഴിലാളികളെ വെട്ടി പരിക്കേൽപിക്കുകയും ചെയ്തിരുന്നു. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയരംഗത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ഇത്. എന്നാൽ, പന്തക്കപ്പാറ ദിനേശ് ബീഡി കമ്പിനിക്കു നേരെ നടന്ന ബോംബേറിലും തുടര്‍ന്നുണ്ടായ കൊളങ്ങരേത്ത് രാഘവൻെറ വധത്തിലും തനിക്ക് പങ്കില്ലെന്ന നിലപാടാണ് മമ്പറം ദിവാകരൻ എക്കാലത്തും വ്യക്തമാക്കിയത്. ..................................................... മട്ടന്നൂർ സുരേന്ദ്രൻ
Next Story