Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇനിയെവിടെ മലകൾ; എങ്ങും...

ഇനിയെവിടെ മലകൾ; എങ്ങും ക്വാറികൾ...

text_fields
bookmark_border
ഇനിയെവിടെ മലകൾ; എങ്ങും ക്വാറികൾ...
cancel
സ്ഫോടകവസ്തുക്കൾ വൻതോതിൽ ഉപയോഗിച്ച് പാറകൾ പൊട്ടിച്ച് കടത്തുന്നതിനാൽ മലകൾക്ക് വിള്ളലും സംഭവിക്കുന്നു ശ്രീകണ്ഠപുരം: പ്രളയ ദുരന്തത്തിനുശേഷവും ക്വാറികൾക്ക് ഒത്താശപാടി അധികൃതർ. ഉരുൾപൊട്ടലും പ്രളയവും വൻ ദുരന്തമൊരുക്കിയിട്ടും പാഠം പഠിക്കാത്തവരാണ് മലകൾ ഇടിച്ചുതീർക്കാൻ കൂട്ടുനിൽക്കുന്നത്. ജില്ലയിലെ പരിസ്ഥിതിദുർബല പ്രദേശമായ മലകളാണ് ഏറെയും കരിങ്കൽ ക്വാറിമാഫിയ തകർക്കുന്നത്. ശ്രീകണ്ഠപുരം നഗരസഭ പരിധിയിലെ ചെമ്പന്തൊട്ടി, കരയത്തുംചാൽ, മഞ്ഞളാംകുന്ന് എന്നിവിടങ്ങളിലും പയ്യാവൂർ, ഏരുവേശ്ശി, ഉളിക്കൽ, ഇരിട്ടി, പേരാവൂർ, അയ്യങ്കുന്ന്, ആലക്കോട്, പരപ്പ, നടുവിൽ, ചെറുപുഴ മേഖലകളിലുമെല്ലാം കൂറ്റൻ മലകൾ ക്വാറി ലോബികൾ ​ൈകയടക്കിയിരിക്കുകയാണ്. ചെറിയ മുതൽമുടക്കിൽ ഇവർ ലാഭക്കൊയ്ത്ത് നടത്തുമ്പോൾ മാസപ്പടി പറ്റുന്നവർ ഇതിന് കൂട്ടുനിൽക്കുകയാണ്. സ്ഫോടകവസ്തുക്കൾ വൻതോതിൽ ഉപയോഗിച്ച് പാറകൾ പൊട്ടിച്ച് കടത്തുന്നതിനാൽ മലകൾക്ക് വിള്ളൽ സംഭവിക്കുന്നുണ്ട്. ഇത് കനത്ത മഴയിൽ ഉരുൾപൊട്ടലിന് വഴിയൊരുക്കുന്നു. സ്കൂൾ തുറന്നതിനുശേഷം ടിപ്പർ ലോറികൾ കല്ലുകളുമായി പോകുമ്പോൾ അപകടഭീതിയും വർധിച്ചിട്ടുണ്ട്. ശ്രീകണ്ഠപുരം തോപ്പിലായിൽ ഉപേക്ഷിച്ച കരിങ്കൽ ക്വാറിയിൽ രണ്ടു മാസംമുമ്പ് സ്ഫോടനശബ്​ദത്തോടെ പാറക്കെട്ടുകൾ വീണതും വെള്ളം പുറത്തേക്കൊഴുകിയതും പ്രദേശമാകെ പരിഭ്രാന്തി സൃഷ്​ടിച്ചിരുന്നു. ഇത്തരത്തിൽ ഉപേക്ഷിച്ച ക്വാറികളും ജനജീവിതത്തിന് ഭീഷണിയാണ്. നാമമാത്ര ലൈസൻസ് മാത്രമെടുത്ത് പലയിടങ്ങളിൽ ക്വാറി നടത്തുന്നവരും രേഖകളൊന്നുമില്ലാതെ ക്വാറി നടത്തുന്നവരുമുണ്ട്. പലയിടത്തും അനധികൃത ക്വാറികളായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ പരിസ്ഥിതി സംഘടനകളും മറ്റും വീണ്ടും രംഗത്തുവന്നിട്ടുണ്ട്. ക്വാറികളിലെല്ലാം നിയമം ലംലിച്ച് വൻ സ്ഫോടകശേഖരവും ഉപയോഗവുമാണ് നടത്തുന്നത്. ക്വാറികളിൽ വെടിമരുന്നുപയോഗത്തെ തുടർന്നുള്ള വൻ ശബ്​ദം മലയെ തകർക്കുന്നതോടൊപ്പം തന്നെ സമീപങ്ങളിലെ വീടുകൾക്ക് വിള്ളലുണ്ടാക്കുന്നു. ഇതിനുപുറമെ കുട്ടികൾക്കും പ്രായമായവർക്കും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ട്. ശ്രീകണ്ഠപുരം മേഖലയിലും ഏരുവേശ്ശിയിലെ അരീക്കാമലയിലുമെല്ലാം വലിയ മലകൾ ഏറെയും ഇടിച്ചുതീരാറായിട്ടുണ്ട്. കർശനനിയമം കാറ്റിൽപറത്തി ഉദ്യോഗസ്ഥരും മറ്റും മാസപ്പടി പറ്റി അനധികൃത ക്വാറി നടത്തിപ്പുകാർക്ക് കൂട്ടുനിൽക്കുന്ന സ്ഥിതി മലയോര മേഖലയിലുണ്ട്. പലയിടത്തും ആക്​ഷൻ കമ്മിറ്റികളുണ്ടെങ്കിലും അവയെ ദുർബലപ്പെടുത്തുന്ന സ്ഥിതിയാണുള്ളത്. കരയത്തുംചാൽ ഞണ്ണമലയും ഏരുവേശ്ശി ചെറിയരീക്കാമലയും ക്വാറി ലോബികൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതിനെതിരെ പ്രതിഷേധസമരവുമായി ജനങ്ങൾ രംഗത്തുവന്നെങ്കിലും മാസങ്ങൾ പിന്നിട്ടപ്പോൾ അവയെല്ലാം നിശ്ചലമാവുകയാണുണ്ടായത്. പയ്യാവൂരിലെയും ചേപ്പറമ്പിലെയും ചില ക്വാറികൾ ജനരോഷം മറികടന്നാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ചില ക്രഷറുകളിൽനിന്ന് രാസവസ്തുകലർന്ന മാലിന്യം ജനവാസ പ്രദേശങ്ങളിലേക്ക് ഒഴുക്കിവിടുന്ന സാഹചര്യവുമുണ്ടായതും ഏറെ ചർച്ചയാണ്. പരിശോധനക്കെത്തുന്നവർക്ക് കൈമടക്ക് നൽകുന്നതോടെ അവർ തിരികെ പോകുമെന്ന സ്ഥിതിയാണുള്ളത്. ക്വാറി പ്രദേശങ്ങളിലേറെയും കഴിഞ്ഞ വേനലിൽ കടുത്ത ജലക്ഷാമമാണനുഭവപ്പെട്ടത്. മഴക്കാലത്ത് ഉരുൾപൊട്ടലും ദുരിതങ്ങളും വേറെ. ഇത്തവണ മഴ ശമിക്കാത്തതിനാൽ ജനങ്ങളുടെ ആശങ്ക വർധിച്ചിരിക്കുകയാണ്. രാഷ്​ട്രീയ പാർട്ടികൾക്കെല്ലാം 'തുക' കിട്ടുന്നതിനാൽ മലകളെല്ലാം തീർന്നാലും പ്രശ്നമില്ലെന്ന നിലപാടിലാണ് അവരെന്നാണ്​ ആക്ഷേപം. പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നാൽ അവരെയും ഇത്തരക്കാർ കൈയിലെടുക്കുന്നതിനാൽ സാധാരണക്കാരാണ് ദുരിതമനുഭവിക്കുന്നത്. ഒട്ടേറെ പരാതികൾ നൽകിയിട്ടും അധികൃതർ അനധികൃത ക്വാറികൾക്ക് കൂട്ടുനിൽക്കുമ്പോൾ ഇനിയെന്ത് ചെയ്യണമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
Show Full Article
TAGS:
Next Story