Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാക്കൂട്ടം ചുരം പാത:...

മാക്കൂട്ടം ചുരം പാത: അതിർത്തി കടക്കാൻ ഇളവിന്​ സാധ്യത

text_fields
bookmark_border
ആർ.ടി.പി.സി.ആർ നിബന്ധന നീക്കിയേക്കും; പൊതുഗതാഗത്തിന് കാത്തിരിക്കണം ഇരിട്ടി: മാക്കൂട്ടം ചുരം പാത വഴി കർണാടകയിലേക്ക്​ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ചിലത് നീക്കുന്ന കാര്യം കുടക് ജില്ല ഭരണകൂടം സജീവമായി പരിഗണിക്കുന്നു. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണ കാലാവധി 15നു അവസാനിക്കാനിരിക്കെ ആർ.ടി.പി.സി.ആർ നിബന്ധന നീക്കുന്നകാര്യം പരിഗണിച്ചേക്കും. പകരം രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് എല്ലാം പ്രവേശനാനുമതി നൽകുന്ന കാര്യം ആലോചനയിലാണ്. ഇന്ത്യയിലെവിടെയും സഞ്ചരിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് നിയന്ത്രണങ്ങൾ പാടില്ലെന്ന കേന്ദ്ര സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് കുടക് ഭരണകൂടം കേരളത്തിൽനിന്ന്​ വരുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്. നാലുമാസമായി തുടരുന്ന നിയന്ത്രണം 15 ദിവസം കൂടുമ്പോൾ അവലോകനം ചെയ്ത് വീണ്ടും പുനഃസ്ഥാപിക്കുകയാണ് പതിവ്. വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റും ചരക്ക് വാഹന തൊഴിലാളികൾക്ക് ഏഴുദിവസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റുമാണ് വേണ്ടത്. ഇതിൽ ഇളവ് അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. എന്നാൽ, പൊതുഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾക്ക് ഇനിയും കാത്തിരിക്കണം. നാലുമാസമായി കുടകിലേക്കുള്ള പൊതുഗതാഗതം പൂർണമായും മുടങ്ങിയിരിക്കുകയാണ്. ആർ.ടി.പി.സി.ആർ നിബന്ധന നീക്കുന്നതിലൂടെ നിയന്ത്രണങ്ങൾക്കെതിരെ കേരളത്തിൽനിന്നും കുടകിൽനിന്നും ഉയരുന്ന പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കഴിയുമെന്നാണ് ജില്ല ഭരണകൂടം കരുതുന്നത്. മാക്കൂട്ടത്തെ അതിർത്തി ചെക്പോസ്​റ്റിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരുടെ സർട്ടിഫിക്കറ്റ് പരിശോധിച്ച് പ്രവേശനാനുമതി നൽകാനാണ് ആലോചന. രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവർക്ക് ചെക്പോസ്​റ്റിൽ ആൻറിജൻ ടെസ്​റ്റ്​ നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികളും ആലോചിക്കുന്നുണ്ട്. ----------------------- പൊതുഗതാഗതത്തിന് തടസ്സം കേരളത്തിലെ ടി.പി.ആർ നിരക്ക് കോവിഡ് വ്യാപന കാലത്ത് ഏർപ്പെടുത്തിയ പൊതുഗതാഗത നിരോധനം അതേപടി തുടരാൻ കുടക് ജില്ല ഭരണകൂടത്തെ പ്രേരിപ്പിക്കുന്നത് കേരളത്തിൽ ഇപ്പോഴും തുടരുന്ന ഉയർന്ന ടി.പി.ആർ നിരക്കാണ്. കേരളത്തിൽ നിയന്ത്രണങ്ങൾ എല്ലാം നീങ്ങി ജീവിതം സാധാരണനിലയിലേക്ക് കടന്നെങ്കിലും അഞ്ചിനും പത്തിനും ഇടയിൽ കുറെ നാളുകളായി നിൽക്കുന്ന രോഗ സ്ഥിരീകരണ നിരക്കാണ് കുടക് ഭരണകൂടത്തെ നിയന്ത്രണങ്ങൾ പൂർണമായും നീക്കുന്നതിൽനിന്നും പിന്നോട്ട് വലിക്കുന്നത്. കുടകിൽ ഒരു ശതമാനത്തിലും താഴെയാണ് ടി.പി.ആർ നിരക്ക്. കേരളത്തിൽനിന്നും കേരളത്തിലേക്കുമുള്ള പൊതുഗതാഗതം പഴയനിലയിൽ പുനഃസ്ഥാപിക്കുമ്പോൾ കുടകിൽ രോഗബാധിതരുടെ എണ്ണം കൂടുമോയെന്ന ആശങ്ക ഇപ്പോഴുമുണ്ട്. തലശ്ശേരി -കുടക് പാതവഴി ബംഗളരൂവിലേക്ക് 50ഓളം ടൂറിസ്​റ്റ്​ ബസുകളാണ് ഓടുന്നത്. മൈസൂരുവിലേക്ക് 25 ബസുകളും വിരാജ്പേട്ടയിലേക്ക് കെ.എസ്.ആർ.ടി.സി അടക്കം 20ഓളം സർവിസുകളും ഉണ്ട്. ഇരിട്ടിയിൽനിന്ന്​ ചുരം റോഡ് വഴി വിരാജ്‌പേട്ടയിലേക്ക് 35 കിലോമീറ്ററാണ്. ഇതുവഴിയുള്ള പൊതുഗതാഗതം മുടങ്ങിയതോടെ പേട്ടയിൽ എത്തണമെങ്കിൽ മാനന്തവാടി -കാട്ടിക്കുളം -തോൽ​െപ്പട്ടി -കൂട്ട -ഗോണികുപ്പ വഴിവേണം പ്രവേശിക്കാൻ. ഇത് ഏകദേശം 135 കിലോമീറ്ററോളം വരും. മാനന്തവാടി -മുത്തങ്ങവഴി രാത്രി യാത്രക്ക്​ നിരോധം ഉള്ളതും ഏറെ പ്രയാസം ഉണ്ടാക്കുന്നു. കർണാടകയിൽ സ്‌കൂളുകളും കോളജുകളും സാധാരണ നിലയിലായതോടെ കേരളത്തിൽനിന്നുള്ള വിദ്യാർഥികളാണ് പൊതുഗതാഗതം ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുന്നത്.
Show Full Article
TAGS:
Next Story