Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 12:04 AM GMT Updated On
date_range 12 Nov 2021 12:04 AM GMTഈ 'നാട്ടുമാഞ്ചോട്ടി'ന് മധുരമേറെ..
text_fieldsനാട്ടുമാവ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് ദേശീയ പുരസ്കാരം കണ്ണൂർ: വിവിധങ്ങളായ നാട്ടുമാവുകൾക്ക് തണലൊരുക്കുകയാണ് 'നാട്ടുമാഞ്ചോട്ട്' കൂട്ടായ്മ. നേതൃത്വം നൽകുന്നതാകട്ടെ ഒരു പൊലീസ് ഉദ്യോഗസ്ഥനും. കേരളത്തിലെ നാട്ടുമാവുകളുടെ സംരക്ഷണം, ഗവേഷണാത്മക പഠനം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് 'നാട്ടുമാഞ്ചോട്ട്' കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്നത്. കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിെല സീനിയർ സിവിൽ പൊലീസ് ഓഫിസറായ ഷൈജു മാച്ചാത്താണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കൂട്ടായ്മ നടത്തിയ ബഹുമുഖമായ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ദേശീയ അംഗീകാരം തേടിയെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ജൈവവൈവിധ്യ സംരക്ഷണ കമ്യൂണിറ്റി അവാർഡായ നാഷനൽ പ്ലാൻറ് ജിനോം സേവിയർ അവാർഡാണ് കൂട്ടായ്മക്ക് ലഭിച്ചത്. കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലെ പ്രൊട്ടക്ഷൻ ഓഫ് പ്ലാൻറ് വെറൈറ്റി ആൻഡ് ഫാർമേഴ്സ് റൈറ്റ് അതോറിറ്റിയാണ് അവാർഡ് നൽകുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി വരുന്ന നോമിനേഷനുകൾ വിലയിരുത്തിയാണ് ഇതിൽ ഒരു കമ്യൂണിറ്റിയെ അവാർഡിനായി പരിഗണിക്കുന്നത്. 10 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം. ജില്ലയിലെ കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശ്ശേരി, കല്യാശ്ശേരി, പട്ടുവം, മയ്യിൽ, മാടായി, ഏഴോം തുടങ്ങി എട്ടോളം പഞ്ചായത്തുകളിലായി, നാട്ടുമാവ് സംരക്ഷകനായ ഷൈജുവിൻെറ പഠനത്തിൽ വ്യത്യസ്തമായ 200ഓളം നാട്ടുമാവിനങ്ങൾ കണ്ടെത്തുകയുണ്ടായി. ഇവയുടെയെല്ലാം സവിശേഷതകൾ ചിത്രസഹിതം ഡോക്യുമൻെറ് ചെയ്തു സൂക്ഷിച്ചു. പിന്നീട് ഇതിൽ 160 ഓളം ഇനങ്ങളുടെ പുതിയ തൈകൾ ഉണ്ടാക്കി ജില്ലക്ക് അകത്തും പുറത്തും വിവിധ പദ്ധതികളിലൂടെ നട്ട് സംരക്ഷിക്കുകയും ചെയ്തു. ഇതിൽ കണ്ണപുരം പഞ്ചായത്തിൽനിന്ന് മാത്രം നൂറിലധികം നാട്ടുമാവിനങ്ങൾ കണ്ടെത്തി. പഞ്ചായത്തിലെ 10ാം വാർഡ് വരുന്ന ചുണ്ടകുറുവക്കാവ് പ്രദേശത്ത് 300 മീറ്റർ ചുറ്റളവിൽ നാട്ടുമാവുകളുടെ അതി സാന്ദ്രതയും വൈവിധ്യവും കണ്ടെത്തിക്കൊണ്ടുള്ള പഠനറിപ്പോർട്ട് ബയോഡൈവേഴ്സിറ്റി മാനേജ്മൻെറ് കമ്മിറ്റിക്ക് ഷൈജു കൈമാറി. ഈ കാര്യം കണക്കിലെടുത്ത് ബയോഡൈവേഴ്സിറ്റി ബോർഡ് 2020 ജൂലൈ 22ന് ദേശീയ മാമ്പഴ ദിനത്തിൽ ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക പ്രദേശമായി കുറുവക്കാവിനെയും നാട്ടുമാവ് പൈതൃക ഗ്രാമമായി കണ്ണപുരത്തെയും പ്രഖ്യാപിച്ചു. നാഷനൽ ബ്യൂറോ ഓഫ് പ്ലാൻറ് ജനറിക് റിസോഴ്സ് ഈ പ്രവർത്തനങ്ങൾക്കെല്ലാം സാങ്കേതിക സഹായം നൽകുകയും കണ്ണപുരം മാവുകളെ മറ്റ് ജില്ലകളിലേക്കടക്കം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സഹായം നൽകുകയും ചെയ്തു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ആലപ്പുഴ ജില്ലയിലെ കളർകോട് എന്നിവിടങ്ങളിൽ കണ്ണപുരത്തിൻെറയും പരിസര പഞ്ചായത്തുകളിലെയും 70ഓളം ഇനം നാട്ടുമാവുകൾ ഈ രീതിയിൽ കേന്ദ്രീകൃതമായി സംരക്ഷിച്ചുവെച്ചിട്ടുണ്ട്. സംസ്ഥാന കൃഷിവകുപ്പിനുവേണ്ടി നടത്തിയ മറ്റൊരു പ്രവർത്തനമാണ് സുഗതകുമാരി സ്മൃതി മാന്തോപ്പ് പദ്ധതി. കേരളത്തിലെമ്പാടുമായി നൂറിനം നാട്ടുമാവുകളുടെ 100 തോട്ടങ്ങൾ ഉണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതിനായി 10,000 നാട്ടുമാവ് തൈകൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉൽപാദിപ്പിച്ചു. തുടക്കത്തിൽ തൃശൂർ, കണ്ണൂർ ജില്ലകളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. കണ്ണൂർ ജില്ലയിൽ മാത്രം 44 പഞ്ചായത്തുകളിൽ സുഗതകുമാരി മാന്തോപ്പിൻെറ നടീൽ പൂർത്തിയായി. ഈ പ്രവർത്തനങ്ങളുടെയെല്ലാം ആശയവും ആവിഷ്കാരവും നാട്ടുമാഞ്ചോട്ട് കൂട്ടായ്മയുടേതായിരുന്നു. ലിറ്റിൽ മാംഗോ ഗ്രോവ് അഥവാ 'ചെറുമാന്തോപ്പ്' എന്ന പദ്ധതിയും കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇപ്പോൾ നടന്നു വരുകയാണ്. മിനിമം 30 സൻെറ് എങ്കിലും ഭൂമിയിൽ നാട്ടുമാവുകൾ നട്ടുപരിപാലിക്കാൻ സന്നദ്ധരായ ആളുകൾക്ക് വേണ്ടിയുള്ളതാണിത്. ഈ രീതിയിൽ 50ലധികം ഇനങ്ങൾ നട്ടുപരിപാലിച്ചുള്ള മൂന്ന് ചെറുമാന്തോപ്പുകളുടെ നടീൽ പൂർത്തിയായി. 15 ഓളം ചെറുമാന്തോപ്പുകളുടെ മുന്നൊരുക്ക പ്രവർത്തനം നടന്നുവരുന്നുണ്ട്. ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്ത് കേരള അഗ്രികൾചറൽ യൂനിവേഴ്സിറ്റിയുടെ നോമിനിയായാണ് ഇപ്പോൾ ജിനോം സേവ്യർ അവാർഡ് ലഭിച്ചിട്ടുള്ളത്. അവാർഡ് തുക മുഴുവനായും നാട്ടുമാവുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഷൈജു അറിയിച്ചു. പഠന ഗവേഷണ പ്രവർത്തനങ്ങൾക്കെല്ലാം മേൽനോട്ടം വഹിച്ച ഷൈജു മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഗൺമാനായിരുന്നു. -പി.വി. സനൽ കുമാർ
Next Story