Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 12:03 AM GMT Updated On
date_range 6 Nov 2021 12:03 AM GMTകെ.എസ്.ആര്‍.ടി.സി പണിമുടക്ക്: കണ്ണൂരിൽ സര്‍വിസ് സ്തംഭിച്ചു
text_fieldsകണ്ണൂര്‍: ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണം. ശമ്പള പരിഷ്‌കരണം നടപ്പാക്കുക, സര്‍വിസ് ഓപറേഷന്‍ കാര്യക്ഷമമാക്കുക, എം. പാനല്‍ ജീവനക്കാരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ആര്‍.ടി.സി സംയുക്ത ട്രേഡ് യൂനിയൻെറ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. അംഗീകൃത ട്രേഡ് യൂനിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു), ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി.ഡി.എഫ്) എന്നീ ഇടതു-വലതു ട്രേഡ് യൂനിയനുകളാണ് സമരത്തില്‍ പങ്കെടുത്തത്. സി.ഐ.ടി.യു നടത്തിയ സമരം വെള്ളിയാഴ്ച രാത്രി അവസാനിച്ചു. ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ടി.ഡി.എഫ് നടത്തുന്ന സമരം ശനിയാഴ്ച രാത്രി അവസാനിക്കും. കെ.എസ്.ആര്‍.ടി.സി മാത്രം സര്‍വിസ് നടത്തുന്ന സ്ഥലങ്ങളില്‍ യാത്രക്കാരെ സമരം ബാധിച്ചു. ജില്ലയുടെ മലയോര മേഖലകളെയാണ് സമരം കൂടുതലും പ്രതികൂലമായി ബാധിച്ചത്. ഇതുകാരണം പലർക്കും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു. ജില്ല ആസ്ഥാനമായ കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ഇവിടെനിന്നും സര്‍വിസ് നടത്തിവന്ന ബസുകളൊന്നും ഓടിയില്ല. കേരളത്തിന് പുറത്തേക്കുള്ള ദീര്‍ഘദൂര ബസുകളും സര്‍വിസ് നടത്തിയില്ല. സമരത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ ബസുകളില്‍ കനത്ത തിരക്ക് അനുഭവപ്പെട്ടു. അതേസമയം, സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ജീവനക്കാർ സമരത്തിൽ ഉറച്ചുനിന്നു. ജോലിക്ക് ഹാജരാകാത്തവരുടെ പണിമുടക്ക് ദിവസത്തെ വേതനം ഇവരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കും. പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി ആൻറണി രാജുവിൻെറ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യ സര്‍വിസ് നിയമമായ ഡയസ്നോണ്‍ പ്രഖ്യാപിച്ചത്.
Next Story