Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2021 12:05 AM GMT Updated On
date_range 25 Oct 2021 12:05 AM GMTകൊട്ടിയൂർ പുനരധിവാസ പാക്കേജ്: കർഷകരുടെ ആശങ്ക പരിഹരിച്ച് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി
text_fieldsകേളകം: കൊട്ടിയൂരിലെ വനാതിർത്തിപ്രദേശങ്ങളിലെ 160 കുടുംബങ്ങളുടെ പുനരധിവാസ പാക്കേജ് നടപ്പാക്കുമ്പോൾ കർഷകരുടെ ആശങ്ക പരിഹരിച്ച് പദ്ധതി നടപ്പാക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതിനിധിസംഘത്തെ അറിയിച്ചു. കൊട്ടിയൂർ പഞ്ചായത്ത് ആറാം വാർഡ് അമ്പായത്തോട്, 10 കൊട്ടിയൂർ, 11 തലക്കാണി, 12 വെങ്ങലോടി പ്രദേശങ്ങളിലെ 160 ലേറെ കുടുംബങ്ങളുടെ 72 ഹെക്ടറോളം സ്ഥലം ഏറ്റെടുത്ത് നടത്തുന്ന പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് കർഷകരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജനപ്രതിനിധികൾ വനംമന്ത്രിയുമായി ചർച്ച നടത്തിയത്. കൊട്ടിയൂർ റീ ലൊക്കേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവില്‍ അവ്യക്തത പരിഹരിക്കണമെന്ന് പ്രതിനിധിസംഘം മന്ത്രിയോട് ആവശ്യമുന്നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, എൻ.സി.പി ജില്ല പ്രസിഡൻറ് അജയൻ പായം, എല്‍.ഡി.എഫ് നേതാക്കള്‍, കര്‍ഷകസംഘം നേതാക്കള്‍ എന്നിവരാണ് മന്ത്രിയെ കണ്ടത്. കണ്ണൂര്‍ ഡി.എഫ്.ഒ പി. കാർത്തിക്, സി.സി.എഫ് പി.കെ. വിനോദ് കുമാർ എന്നിവരും വനം മന്ത്രി എ.കെ. ശശീന്ദ്രനെ കണ്ട് ചര്‍ച്ച നടത്തി. ഇതിൻെറ അടിസ്ഥാനത്തില്‍ വിശദ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കാന്‍ മന്ത്രി വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. രണ്ടു റീച്ചുകളായാണ് പുനരധിവാസം നടപ്പാക്കുന്നത്. ആദ്യ റീച്ചിൽ വനവുമായി അതിർത്തി പങ്കിടുന്ന 74 കുടുംബങ്ങളുടെ 35 ഹെക്ടർ, അടുത്തതിൽ 94 കുടുംബങ്ങൾ. ഒരുയൂനിറ്റിന് 15 ലക്ഷം രൂപയാണ് നൽകുക. ഒരു കുടുംബത്തിൻെറ രണ്ടു ഹെക്ടർ വരെ സ്ഥലം ഒരു യൂനിറ്റാണ്. ഇവരോടൊപ്പം താമസിക്കുന്ന 18 വയസ്സ് പൂർത്തിയായ മക്കളെ മറ്റൊരു യൂനിറ്റായി കണക്കാക്കി അവർക്കും 15 ലക്ഷം വീതം നൽകും. പുനരധിവാസ പാക്കേജ് ആയതിനാൽ നിർബന്ധപൂർവമുള്ള ഒഴിപ്പിക്കൽ ഉണ്ടാവില്ല.
Next Story